Tech
ന്യൂഡൽഹി: ആപ്പിളിന്റെ ഏറ്റവും പുതിയ സീരിസ് ഫോണുകളും മറ്റ് ഉത്പന്നങ്ങളും ഇന്ത്യയടക്കമുള്ള ആഗോള വിപണികളിൽ വിൽപ്പനയ്ക്കെത്തി. ഐഫോൺ 18 പ്രോ സീരീസ്, എയർപോഡ്സ് 5, ആപ്പിൾ വാച്ച് സീരീസ് 12, വാച്ച് അൾട്രാ 4 എന്നിവയ്ക്കൊപ്പം ആപ്പിളിന്റെ ഫോൾഡബിൾ ഫോണായ 'ഐഫോൺ ഡുവോ'യും വിപണിയിൽ അവതരിപ്പിച്ചു.
വൻ വിലവർധനവ് നിലനിൽക്കുമ്പോഴും പുതിയ ഐഫോൺ സ്വന്തമാക്കാൻ പുലർച്ചെ മുതൽ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ ഉപഭോക്താക്കളുടെ വലിയ തിരക്കാണ് കാണാൻ സാധിക്കുന്നത്.
ബ്ലാക്ക്, സിൽവർ, ഗ്ലേഷ്യർ, പുതിയ ബർഗണ്ടി നിറങ്ങളിൽ ഇവ ലഭ്യമാണ്. വേരിയബിൾ അപർച്ചറുള്ള 48 എംപി ഫ്യൂഷൻ പ്രധാന ക്യാമറയും പുതിയ പ്രോ ക്യാമറ കൺട്രോളുകളുമാണ് ഇതിലുള്ളത്.
എ20 പ്രോ ചിപ്പും മികച്ച പെർഫോമൻസ്, എഐ ഫീച്ചറുകൾ, ബാറ്ററി ലൈഫ് എന്നിവ ഉറപ്പാക്കുന്ന വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും ഇതിലുണ്ട്. ഐഫോൺ 18 പ്രോ മാക്സ് ഇതുവരെയുള്ള പ്രോ മോഡലുകളിൽ ഏറ്റവും കൂടുതൽ ബാറ്ററി ലൈഫ് നൽകുന്ന ഫോണാണ്.
ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണായ ഐഫോൺ ഡുവോയ്ക്ക് 7.6 ഇഞ്ച് ഇന്നർ സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയും 5.4 ഇഞ്ച് ഔട്ടർ ഡിസ്പ്ലേയുമാണുള്ളത്. നിവർത്തുമ്പോൾ ഏറ്റവും സ്ലിം ആയ ഐഫോണായ ഇതിൽ എ20 പ്രോ ചിപ്പ്, ഐഒഎസ് 27 സപ്പോർട്ട്, സിരി എഐ, അഡ്വാൻസ്ഡ് ക്യാമറ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓപ്പൺ ഇയർ ഡിസൈനിൽ ആക്റ്റീവ് നോയ്സ് കാൻസലേഷനോടെ എത്തുന്ന ഇവ മുൻ മോഡലിനേക്കാൾ 50 ശതമാനം വരെ പുറത്തുനിന്നുള്ള ശബ്ദം കുറയ്ക്കും. ലൈവ് ട്രാൻസ്ലേഷൻ, ഹാൻഡ്സ് ഫ്രീ സിരി എഐ തുടങ്ങിയ ഫീച്ചറുകളുമുണ്ട്.
ആപ്പിൾ വാച്ച് സീരീസ് 12 & അൾട്രാ 4, ഹെൽത്ത് സെൻസിംഗ് സിസ്റ്റം, എസ്11 ചിപ്പ് എന്നിവയുമായി എത്തുന്ന വാച്ചുകളിൽ ഹൃദയമിടിപ്പ്, എച്ച്ആർവി റീഡിംഗുകൾ, റെഡിനസ് സ്കോർ എന്നിവ ലഭ്യമാണ്. സീരീസ് 12ൽ 24 മണിക്കൂറും അൾട്രാ 4ൽ 50 മണിക്കൂർ വരെയും ബാറ്ററി ലൈഫ് ലഭിക്കും.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ ഓപ്പൺഎഐ, നിയമമേഖലയെ ലക്ഷ്യമിട്ട് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ 'ജിപിടി-6 ആസ്ട്ര' (GPT-6 Astra) പുറത്തിറക്കി. അഭിഭാഷകർക്കും നിയമസ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പുതിയ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നിയമ ഗവേഷണം, രേഖകളുടെ അപഗ്രഥനം, കരാറുകളുടെയും ഐപിഒ ഫയലിംഗുകളുടെയും കരട് തയ്യാറാക്കൽ തുടങ്ങിയ സങ്കീർണമായ ജോലികൾ എളുപ്പമാക്കാൻ ഈ എഐ ടൂളിന് സാധിക്കും.
ക്ലയന്റുകളുടെ വിവരങ്ങളുടെ രഹസ്യസ്വഭാവം പൂർണമായും സംരക്ഷിച്ചുകൊണ്ടാണ് ഇത് പ്രവർത്തിക്കുന്നത്. ഉപയോക്താക്കളുടെ ഡാറ്റ സൂക്ഷിച്ചുവെക്കാത്ത രീതിയിലുള്ള 'സീറോ റിട്ടൻഷൻ' സുരക്ഷാ സംവിധാനമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.
തോംസൺ റോയിട്ടേഴ്സ് , ക്ലിയോ തുടങ്ങിയ ലീഗൽ ടെക് പ്ലാറ്റ്ഫോമുകളുമായി സഹകരിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. അഭിഭാഷകരുടെ ജോലി പൂർണമായി ഏറ്റെടുക്കുന്നതിന് പകരമായി, അവരുടെ കാര്യക്ഷമതയും വേഗതയും വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു പങ്കാളിയായി മാത്രമായിരിക്കും ഈ എഐ പ്രവർത്തിക്കുക.
അടുത്തിടെ ആന്ത്രോപിക് തങ്ങളുടെ 'ക്ലോഡ്' എഐയിൽ നിയമസഹായ ടൂളുകൾ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഓപ്പൺഎഐയുടെയും ഈ പുതിയ നീക്കം.
Tech
സാൻ ഫ്രാൻസിസ്കോ: ജനറേറ്റീവ് എഐ രംഗത്തെ പ്രമുഖ കമ്പനിയായ ആന്ത്രോപിക് തങ്ങളുടെ ജനപ്രിയ ചാറ്റ്ബോട്ടായ 'ക്ലോഡി'ൽ വൻ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു
ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിൽ ക്ലോഡി
ന്റെ സാധാരണ ചാറ്റ് സൗകര്യവും, സങ്കീർണമായ ജോലികൾ ചെയ്യുന്നതിനുള്ള 'കൊവർക്ക്' പ്ലാറ്റ്ഫോമും ഇനിമുതൽ ഒരൊറ്റ ഇന്റർഫേസിൽ ലഭ്യമാകും.
സാധാരണ സംശയങ്ങൾ ചോദിക്കുന്നത് മുതൽ ദീർഘനേരം സമയമെടുക്കുന്ന സങ്കീർണമായ പദ്ധതികൾ വരെ ഇനി ഒറ്റ ചാറ്റ് വിൻഡോയിലൂടെ തന്നെ ചെയ്യാൻ സാധിക്കും.
ഉപയോക്താക്കൾ സിസ്റ്റം ഓഫാക്കി പോയാലും ക്ലോഡിന് ഏൽപ്പിച്ച സങ്കീർണമായ ജോലികൾ പശ്ചാത്തലത്തിൽ തുടർന്നും പൂർത്തിയാക്കാൻ സാധിക്കും.
ചാറ്റിനുള്ളിൽ തന്നെ രേഖകളും പ്രസന്റേഷനുകളും തയ്യാറാക്കാനും അവ എഡിറ്റ് ചെയ്യാനും സഹായിക്കുന്ന പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. തയ്യാറാക്കിയ ഫയലുകൾ പവർപോയിന്റ്, പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.
വിഷ്വൽ കണ്ടന്റുകൾ നിർമിക്കാനുള്ള 'ക്ലോഡ് ഡിസൈൻ' ഫീച്ചറും ചാറ്റിലേക്ക് സംയോജിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ക്ലോഡിന്റെ പെയ്ഡ് വരിസംഖ്യാക്കാരായ പ്രോ , മാക്സ് ഉപയോക്താക്കൾക്കായിരിക്കും ഈ ഫീച്ചറുകൾ ലഭ്യമാകുക.
വെബ്, ഡെസ്ക്ടോപ്പ്, മൊബൈൽ വേർഷനുകളിൽ ഘട്ടം ഘട്ടമായി ഇത് നിലവിൽ വരും. സൗജന്യ ഉപയോക്താക്കൾക്കും ടീം പ്ലാനിലുള്ളവർക്കും പിന്നീട് ഈ സേവനം ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.
Tech
ആമസോൺ കൂടുതൽ മികച്ചതും കാര്യക്ഷമവുമായ പുതിയ എഐ പതിപ്പ് 'അലക്സാ പ്ലസ്' (Alexa+) ഇന്ത്യയിൽ അവതരിപ്പിച്ചു. ജനറേറ്റീവ് എഐ സാങ്കേതികവിദ്യയുടെയും ആന്ത്രോപിക് ക്ലോഡിന്റെയും സഹായത്തോടെയാണ് പുതിയ പതിപ്പ് പ്രവർത്തിക്കുന്നത്.
നിലവിൽ തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്കും പുതിയ എക്കോ, ഫയർ ടിവി ഉപകരണങ്ങൾ വാങ്ങുന്നവർക്കും ഇത് സൗജന്യമായി ലഭിക്കും. ഭാവിയിൽ ആമസോൺ പ്രൈം അംഗങ്ങൾക്ക് അലക്സാ പ്ലസ് സൗജന്യമായിരിക്കും. പ്രൈം അംഗത്വമില്ലാത്തവർക്ക് പ്രതിമാസം ₹2,000 ആയിരിക്കും വരിസംഖ്യ.
ഇന്ത്യയിലെ ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ പതിപ്പിന് ഹിന്ദിയും ഇംഗ്ലീഷും കൂട്ടിക്കലർത്തിയുള്ള സംസാ രീതി മനസ്സിലാക്കാൻ സാധിക്കും. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പശ്ചാത്തല ശബ്ദങ്ങളെ പ്രതിരോധിച്ച് ശബ്ദം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ മെച്ചപ്പെടുത്തിയിട്ടുണ്ട്.
ആമസോൺ വഴി സാധനങ്ങൾ വാങ്ങാനും, വില താരതമ്യം ചെയ്യാനും, ഓഫറുകൾ അറിയാനും ശബ്ദസന്ദേശങ്ങളിലൂടെ സാധിക്കും. ഉപയോക്താക്കൾ 'Alexa' എന്ന് വിളിക്കുമ്പോൾ മാത്രമാണ് ഉപകരണം പ്രവർത്തിച്ചു തുടങ്ങുന്നത്. വോയ്സ് റിക്കാർഡിംഗുകൾ പരിശോധിക്കാനും ഇല്ലാതാക്കാനും 'Alexa Privacy Dashboard' സൗകര്യവും ലഭ്യമാണ്.
Tech
സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവയിലെ പ്രീമിയം ഫീച്ചറുകളും മെറ്റാ എഐ ടൂളുകളും സംയോജിപ്പിച്ചുകൊണ്ട് മെറ്റാ പുതിയ 'മെറ്റാ വൺ' സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിച്ചു. പ്രതിമാസം $7.99 (ഏകദേശം ₹766) മുതൽ ആരംഭിക്കുന്ന പ്ലാനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, മെറ്റാ എഐ എന്നിവയുടെ അടിസ്ഥാന സേവനങ്ങൾ ഉപഭോക്താക്കൾക്ക് സൗജന്യമായി തന്നെ തുടർന്നും ഉപയോഗിക്കാം. കൂടുതൽ ഫീച്ചറുകൾ ആവശ്യമുള്ളവർക്ക് മാത്രം സബ്സ്ക്രിപ്ഷൻ തെരഞ്ഞെടുക്കാം.
വ്യക്തിഗത പ്ലാനുകൾ: കോർ പ്ലാൻ (Core - $7.99/മാസം): ഇൻസ്റ്റാഗ്രാം പ്ലസ്, വാട്ട്സ്ആപ്പ് പ്ലസ്, ഫേസ്ബുക്ക് പ്ലസ് എന്നിവയോടൊപ്പം കൂടുതൽ എഐ ഇമേജ്/വീഡിയോ ജനറേഷൻ സൗകര്യങ്ങളും ലഭിക്കും.
പ്രീമിയം പ്ലാൻ (Premium - $19.99/മാസം): കോർ പ്ലാനിലെ എല്ലാ ആനുകൂല്യങ്ങൾക്കും പുറമെ മെറ്റാ എഐ ടൂളുകൾ പരിധിയില്ലാതെ ഉപയോഗിക്കാനുള്ള അവസരം നൽകുന്നു.
ക്രിയേറ്റർമാർക്കും ബിസിനസുകൾക്കും: $14.99 മുതൽ $499 വരെയുള്ള വിവിധ പ്ലാനുകൾ ലഭ്യമാണ്. വെരിഫൈഡ് ബാഡ്ജ്, വ്യാജ അക്കൗണ്ടുകളിൽ നിന്നുള്ള സംരക്ഷണം, ഷെഡ്യൂളിംഗ് ടൂളുകൾ, കൂടുതൽ ബിസിനസ് അനലിറ്റിക്സ് എന്നിവ ഇതിലൂടെ ലഭിക്കും.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ ക്രിയേറ്റീവ് ഫീച്ചറുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റാ ഈ പുതിയ സംയോജിത പ്ലാൻ ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്.
Kerala
കാഞ്ഞിരപ്പള്ളി: അമല്ജ്യോതി എന്ജിനിയറിംഗ് കോളജ് സില്വര് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എഐ കോണ്ക്ലേവ് 2026ന് തുടക്കമായി. നിര്മിത ബുദ്ധിയുടെ വളര്ച്ചയും സ്വാധീനവും ചര്ച്ച ചെയ്യുന്ന കോണ്ക്ലേവ് കെ. ഫ്രാന്സിസ് ജോര്ജ് എംപി ഉദ്ഘാടനം ചെയ്തു.
ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ സാധ്യതകളും ഉത്തരവാദിത്വങ്ങളും സമൂഹത്തിന്റെ ഭാവിയിലേക്കുള്ള സ്വാധീനവും വളര്ച്ചയുമാണ് സൂചിപ്പിക്കുന്നതെന്നും എഐയുടെ ഉപയോഗം സംബന്ധിച്ച ഒരു നിയമസംഹിത തയാറാക്കാന് കേന്ദ്രസര്ക്കാര് മുന്കൈയെടുക്കണമെന്നും എംപി പറഞ്ഞു.
മനുഷ്യരുടെ കഴിവുകള് വര്ധിപ്പിക്കുന്നതിനും സമൂഹത്തിലെ യഥാര്ഥ പ്രശ്നങ്ങള്ക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തുന്നതിനും എഐക്ക് കഴിയുമെന്നും എഐയുടെ അനന്ത സാധ്യതകള് പ്രയോജപ്പെടുത്താന് വിദ്യാര്ഥി സമൂഹം തയാറാകണമെന്നും എംപി നിര്ദേശിച്ചു.
കോളജ് ഗവേണിംഗ് ബോഡി ചെയര്മാന് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ കാര്ഷിക മേഖലയില് എഐയുടെ അനന്തമായ സാധ്യതകളാണുള്ളതെന്നും ഓരോ 24 മണിക്കൂര് കഴിയുമ്പോഴും എഐ മേഖലയില് പുതിയ അപ്ഡേഷനുകള് വന്നുകൊണ്ടിരിക്കുകയാണെന്നും ഈ സാധ്യതകള് ഉള്ക്കൊള്ളാനാകാതെ ഇനി മുന്നോട്ടു പോകാന് കഴിയില്ലെന്നും ഫാ. ബോബി അലക്സ് പറഞ്ഞു.
എം.ജെ. സെബാസ്റ്റ്യന് എംഎല്എ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടര് ഓഫ് അഡ്മിനിസ്ട്രേഷന് ഫാ.ഡോ. റോയി ഏബ്രഹാം പഴയപറമ്പില്, പ്രിന്സിപ്പല് ഡോ. ലില്ലിക്കുട്ടി ജേക്കബ്, അക്കാദമിക് ഡീന് ഫാ.ഡോ. റൂബിന് തോട്ടുപുറത്ത്, ഫാക്കല്റ്റി കോ-ഓര്ഡിനേറ്റര് ബിനുമോന് ജോസഫ്, കേബിള് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പ്രവീണ് മോഹന് എന്നിവര് പ്രസംഗിച്ചു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന എഐ കോണ്ക്ലേവില് ഹാക്കത്തണ്, എക്സ്പേര്ട്ട് വര്ക്ക്ഷോപ്പുകള്, പാനല് ഡിസ്കഷന്, എഐ ഇന്നൊവേഷന് ഷോകോസ് തുടങ്ങിയ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇന്നു വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കോട്ടയം കളക്ടര് ചേതന് കുമാര് മീണ ഉദ്ഘാടനം നിര്വഹിച്ച് ഹാക്കത്തണ് വിജയികള്ക്ക് സമ്മാനങ്ങള് വിതരണം ചെയ്യും.
കേരള വിഷന്, കാരിത്താസ് ആശുപത്രി, ഓക്സിജന് എന്നിവരുടെ സഹകരണത്തോടെയാണ് കോണ്ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. കേണ്ക്ലേവിന്റെ ഔദ്യോഗിക മീഡിയ പാര്ട്ണര് ദീപികയാണ്.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ എഐ, തങ്ങളുടെ ഉപഭോക്താക്കൾ ചാറ്റ് ജിപിടിയുമായി നടത്തുന്ന യഥാർഥ സംഭാഷണങ്ങൾ മനുഷ്യരെക്കൊണ്ട് വായിപ്പിച്ച് വിലയിരുത്തുന്നുവെന്ന് പുതിയ റിപ്പോർട്ട്.
'404 മീഡിയ' നടത്തിയ അന്വേഷണത്തിലൂടെ പുറത്തുവന്ന ചോർന്ന ആന്തരിക രേഖകളാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
'പ്രൊജക്ട് ലിലി' (Project Lily) എന്ന രഹസ്യ കോഡ് നാമത്തിലാണ് നൂറുകണക്കിന് കരാർ ജീവനക്കാരെ ഉപയോഗിച്ച് ഉപഭോക്താക്കളുടെ വ്യക്തിഗത സന്ദേശങ്ങൾ കമ്പനി പരിശോധിക്കുന്നത്.
എഐ മോഡലുകളുടെ പ്രതികരണങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും, മനുഷ്യരെപ്പോലെ അഭിനയിക്കുന്നത് ഒഴിവാക്കാനുമാണ് ഓപ്പൺഎഐ ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്.
ഒരു പ്രത്യേക ഡാഷ്ബോർഡ് വഴി ഉപഭോക്താവിന്റെ പ്രോംപ്റ്റുകളും അതിന് ചാറ്റ് ജിപിടി നൽകിയ ഉത്തരങ്ങളും കരാർ ജീവനക്കാർക്ക് കാണാൻ സാധിക്കും.
സന്ദേശത്തിന്റെ ഉദ്ദേശ്യം ചുരുക്കി എഴുതുകയും, എഐ നൽകിയ മറുപടികൾക്ക് 1 മുതൽ 7 വരെ റേറ്റിംഗ് നൽകുകയുമാണ് ഇവരുടെ ജോലി.
ഉപഭോക്താക്കൾ "ഇതൊരു രഹസ്യമായി സൂക്ഷിക്കുക" എന്ന് ആവശ്യപ്പെടുന്ന സംഭാഷണങ്ങൾ പോലും ഇത്തരത്തിൽ കരാർ ജീവനക്കാരുടെ മുന്നിലെത്താറുണ്ട്.
ഉപഭോക്താക്കളുടെ പേരുകൾ മറയ്ക്കുമെങ്കിലും, സംഭാഷണങ്ങളിലെ വ്യക്തിഗത വിവരങ്ങൾ, താമസസ്ഥലം, മുൻകാല ഉപയോഗ ചരിത്രം എന്നിവ ജീവനക്കാർക്ക് കാണാൻ സാധിക്കുന്നുണ്ട്.
നിങ്ങളുടെ ചാറ്റുകൾ വായിക്കുന്നത് എങ്ങനെ തടയാം?
നിങ്ങളുടെ ചാറ്റുകൾ ഓപ്പൺഎഐ ജീവനക്കാർ വായിക്കുന്നതും എഐ പരിശീലനത്തിന് ഉപയോഗിക്കുന്നതും തടയാൻ താഴെ പറയുന്ന വഴികൾ സ്വീകരിക്കാം:
1. ചാറ്റ് ജിപിടി ആപ്പോ വെബ്സൈറ്റോ തുറന്ന് സെറ്റിംഗ്സിൽ എടുക്കുക.
2. അതിൽ ഡാറ്റാ കൺട്രോൾസ് എന്ന വിഭാഗം തെരഞ്ഞെടുക്കുക.
3. ഇംപ്രൂവ് ദ മോഡൽ ഫോർ എവരിവൺ എന്ന ഓപ്ഷൻ ഓഫാക്കുക.
ശ്രദ്ധിക്കുക: ഫ്രീ, പ്ലസ്, പ്രോ ഉപഭോക്താക്കൾക്ക് ഈ ഓപ്ഷൻ ബൈ ഡിഫോൾട്ടായി ഓൺ ആയിരിക്കും. ഇത് ഓഫാക്കിയ ശേഷമുള്ള പുതിയ സംഭാഷണങ്ങൾക്ക് മാത്രമേ ഈ സംരക്ഷണം ലഭിക്കൂ.
ഓപ്പൺഎഐ മാത്രമല്ല, ക്ലോഡ് എഐയുടെ നിർമാതാക്കളായ ആന്ത്രോപിക്കും, ഗൂഗിളിന്റെ ജെമിനിയും തങ്ങളുടെ സിസ്റ്റം മെച്ചപ്പെടുത്താനായി മനുഷ്യരെക്കൊണ്ട് സംഭാഷണങ്ങൾ പരിശോധിപ്പിക്കാറുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
NRI
അബുദാബി: ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന സങ്കീർണവും ഗൗരവമേറിയതുമായ പല വെല്ലുവിളികൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ നൂതന പരിഹാരങ്ങൾ നിർദേശിച്ച് യുഎഇയിലെ സർവകലാശാല വിദ്യാർഥികൾ.
രോഗനിർണയത്തിലെ കാലതാമസം മുതൽ കൃത്യമായ ചികിത്സാ നിർദേശങ്ങൾ ലഭ്യമാക്കുന്നതിൽ വരെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾക്കാണ് യുവതലമുറ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉത്തരം തേടിയത്.
ബുർജീൽ ഹോൾഡിംഗ്സിന്റെ എഐ ആൻഡ് ടെക്നോളജി വിഭാഗമായ ഐമെഡ് സൊല്യൂഷൻസും മെഡിക്കൽ എഡ്യൂക്കേഷൻ വിഭാഗമായ ബുർജീൽ ട്രെയിനിംഗ് അക്കാദമിയും സംയുക്തമായി അബുദാബിയിൽ സംഘടിപ്പിച്ച "എഐ ബിൽഡേഴ്സ് സമ്മിറ്റ് 2026' ആരോഗ്യരംഗത്തെ എഐ ഉപയോഗത്തിൽ നൂതന നിർദേശങ്ങളാണ് മുന്നോട്ടുവച്ചത്.
രോഗികളുടെ ലക്ഷണങ്ങളുടെ ഗൗരവം വേഗത്തിൽ മനസിലാക്കി മികച്ച ചികിത്സാ മാർഗങ്ങൾ നിർദേശിക്കാൻ ഡോക്ടർമാരെ സഹായിക്കുന്ന എഐ പ്ലാറ്റ്ഫോം ഉച്ചകോടിയിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി.
അബുദാബിയിൽ നടന്ന ചടങ്ങിൽ ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ, അബുദാബി ആരോഗ്യ വകുപ്പ് ഐടി ഓപ്പറേഷൻസ് സെക്ഷൻ തലവനായ എൻജിനിയർ അബ്ദുല്ല അൽ ഫഖീഹ്, അബുദാബി 42 പാർട്ണർഷിപ്പ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മേധാവി ഡോ. ഹാസിം ജറ എന്നിവരുടെ സാന്നിധ്യത്തിൽ വിജയികളെ പ്രഖ്യാപിച്ചു.
ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് പ്രധാന പുരസ്കാരങ്ങൾ സമ്മാനിച്ചത്. 42 അബുദാബിയിലെ ഹംദാൻ ബഷീർ വികസിപ്പിച്ചെടുത്ത "പ്രിസം' എന്ന കോൺവേർസേഷണൽ എഐ പ്ലാറ്റ്ഫോം ഗോൾഡ് പ്രൈസ് സ്വന്തമാക്കി.
രോഗികൾക്ക് ലക്ഷണങ്ങളുടെ ഗൗരവം തിരിച്ചറിയാനും എന്ത് ചികിത്സ തേടണമെന്ന് മനസിലാക്കാനും ഇത് സഹായിക്കുന്നു. ഒപ്പം, ഡോക്ടർമാർക്ക് കൃത്യമായ തീരുമാനങ്ങൾ വേഗത്തിൽ എടുക്കാനുള്ള വിവരങ്ങളും പ്ലാറ്റ്ഫോം നൽകും.
രോഗികളുടെ രേഖകൾ കൃത്യമായി ശേഖരിക്കാനും ക്രമീകരിക്കാനും ആരോഗ്യപ്രവർത്തകരെ സഹായിക്കുന്ന കേസ്റെഡി എഐ (വികസിപ്പിച്ച അൽ ഐൻ യൂണിവേഴ്സിറ്റിയുടെ ബിലാൽ ഫെറോസ് ഖാൻ സിൽവർ പ്രൈസും രോഗികൾ, ഡോക്ടർമാർ, പരിചരണം നൽകുന്നവർ എന്നിവരെ ഒരു സംവിധാനത്തിന് കീഴിൽ ബന്ധിപ്പിക്കുന്ന സനാദി എഐ പ്ലാറ്റ്ഫോം അവതരിപ്പിച്ച അബുദാബി യൂണിവേഴ്സിറ്റിയുടെ ഖദീജ അൽ ഖസ്റജി ബ്രോൺസ് പ്രൈസും കരസ്ഥമാക്കി.
ബെസ്റ്റ് എഐ ബിൽഡർ, ബെസ്റ്റ് എഐ ഫോർ കമ്മ്യൂണിറ്റി ഹെൽത്ത്, റൈസിംഗ് സ്റ്റാർ, ബെസ്റ്റ് ഹെൽത്ത്കെയർ ഇന്നൊവേഷൻ, മോസ്റ്റ് സ്കെയ്ലബിൾ കൺസെപ്റ്റ്, ബെസ്റ്റ് എഐ പ്രോഡക്റ്റ് തിങ്കർ, ബെസ്റ്റ് യുഐ/യുഎക്സ് തുടങ്ങി ഏഴ് വിഭാഗങ്ങളിലും വിദ്യാർഥികൾ പുരസ്കാരങ്ങൾ നേടി.
യുവതലമുറ ആരോഗ്യരംഗത്തെ യഥാർത്ഥ പ്രശ്നങ്ങളെ മനസ്സിലാക്കി സാങ്കേതികവിദ്യയിലൂടെ അവയ്ക്ക് പരിഹാരം കാണുന്നത് അഭിനന്ദനാർഹമാണെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. യുഎഇയിലെ സർവകലാശാലകളിൽ നിന്ന് വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ബുർജീൽ ഹോൾഡിംഗ്സ് എപ്പോഴും മുൻപന്തിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യമേഖലയിൽ സാങ്കേതികവിദ്യയുടെ ഉപയോഗം ലഭ്യമാക്കുന്നതിലൂടെ ആരോഗ്യസംരക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. യുഎഇയിലെ വിവിധ സർവകലാശാലകളിൽ നിന്നായി നൂറിലധികം പേർ പങ്കെടുത്ത മത്സരത്തിൽ, അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 19 ഫൈനലിസ്റ്റുകളാണ് പ്രൊജക്ടുകൾ അവതരിപ്പിച്ചത്.
സമ്മിറ്റിൽ വിജയികളായ യുവ ഡെവലപ്പർമാരെ കോർത്തിണക്കി "എഐ ബിൽഡേഴ്സ് കളക്ടീവ്' തുടങ്ങുന്നതിനുള്ള പദ്ധതിയും ബുർജീൽ ഹോൾഡിംഗ്സ് പ്രഖ്യാപിച്ചു.
Tech
കലിഫോർണിയ: ടെക് ഭീമന്മാരായ ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ നിരയായ ഐഫോൺ 18 സീരീസ് പുറത്തിറക്കി. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരിപ്പിച്ച ഫോൾഡബിൾ (മടക്കാവുന്ന) സ്മാർട്ട്ഫോണായ ‘ഐഫോൺ ഡ്യുവോ’ (iPhone Duo) ആണ് ഈ ലോഞ്ചിലെ പ്രധാന ആകർഷണം. അമേരിക്കയിൽ 1,999 ഡോളർ മുതൽ വില ആരംഭിക്കുന്ന ഐഫോൺ ഡ്യുവോ ഒക്ടോബർ 23 മുതൽ വിപണിയിലെത്തും. ഇന്ത്യയിൽ 256 ജിബി വേരിയന്റിന് 2,99,900 രൂപയാണ് പ്രാരംഭ വില.
സെപ്റ്റംബർ ഒന്നിന് ടിം കുക്കിൽനിന്ന് ആപ്പിളിന്റെ സിഇഒ സ്ഥാനം ഏറ്റെടുത്ത ജോൺ ടെർനസ് ആണ് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചത്. മടക്കിവയ്ക്കുമ്പോൾ ഒരു പാസ്പോർട്ടിന്റെ വലുപ്പം മാത്രമുള്ള ഐഫോൺ ഡ്യുവോ, ഒറ്റക്കൈ ഉപയോഗത്തിന് അനുയോജ്യമായ രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
►പ്രധാന സവിശേഷതകൾ
കരുത്തുറ്റ പ്രോസസറും മികച്ച കാമറയും: പുതിയ A20 പ്രോ ചിപ്പിന്റെ കരുത്തിലാണ് ഐഫോൺ 18 പ്രോ മോഡലുകൾ എത്തുന്നത്. ബാറ്ററി കാര്യക്ഷമതയിലും കാമറ സാങ്കേതികവിദ്യയിലും വൻ കുതിച്ചുചാട്ടമാണ് ആപ്പിൾ അവകാശപ്പെടുന്നത്:
ബാറ്ററി ലൈഫ്: ഐഫോൺ 18 പ്രോയിൽ 36 മണിക്കൂറും ഐഫോൺ 18 പ്രോ മാക്സിൽ 45 മണിക്കൂർ വരെയും വീഡിയോ പ്ലേബാക്ക് ലഭിക്കും. ഐഫോൺ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബാറ്ററി ശേഷിയാണിത്.
കാമറ അപ്ഗ്രേഡ്: വേരിയബിൾ അപ്പർച്ചർ (Variable Aperture) സൗകര്യമുള്ള പുതിയ 48 മെഗാപിക്സൽ ഫ്യൂഷൻ പ്രധാന കാമറയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. വെളിച്ചവും ഡെപ്ത് ഓഫ് ഫീൽഡും കൂടുതൽ കൃത്യതയോടെ ക്രമീകരിക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കും.
►ആപ്പിൾ വാച്ച് 12, എയർപോഡ്സ് 5 വിപണിയിൽ
ഐഫോണുകൾക്കൊപ്പം മറ്റ് അനുബന്ധ ഉപകരണങ്ങളും ആപ്പിൾ വിപണിയിലെത്തിച്ചു. 56,900 രൂപ പ്രാരംഭ വിലയിൽ ആപ്പിൾ വാച്ച് സീരീസ് 12-ഉം, ആപ്പിൾ വാച്ച് അൾട്രാ 4-ഉം കമ്പനി അവതരിപ്പിച്ചു. 14,900 രൂപ വിലയുള്ള എയർപോഡ്സ് 5-ന്റെ പ്രീ-ഓർഡറുകൾ ആരംഭിച്ചു; സെപ്റ്റംബർ 18 മുതൽ സ്റ്റോറുകൾ വഴി ഇവ ലഭ്യമാകും.
►മോഡലുകളും ഇന്ത്യൻ വിപണിയിലെ വിലയും
സാധാരണ ബേസ് മോഡലുകൾ ഒഴിവാക്കി പ്രോ മോഡലുകൾക്കും ഫോൾഡബിളിനും മാത്രമാണ് ഇത്തവണ ആപ്പിൾ മുൻഗണന നൽകിയിട്ടുള്ളത്. പുതിയ നിരയിലെ പ്രധാന ഫോണുകളുടെ വില വിവരങ്ങൾ:
* ഐഫോൺ ഡ്യുവോ (iPhone Duo):
256 ജിബി - 2,99,900 രൂപ
512 ജിബി - 3,24,900 രൂപ
1 ടിബി - 3,74,900 രൂപ
2 ടിബി - 4,49,900 രൂപ
Tech
ടൊറന്റോ: കാനഡയിലെ മാർഖാമിൽ താമസിക്കുന്ന എട്ടുവയസ്സുകാരനായ ഇന്ത്യൻ വംശജൻ വിയൂഹൻ സയൂറൻ നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് വന്യജീവി സാന്നിധ്യം അറിയാനും സംരക്ഷിക്കാനുമായി പ്രത്യേക മൊബൈൽ ആപ്പ് വികസിപ്പിച്ചു.
'അർബൻ വൈൽഡ് വാച്ച്' (Urban Wild Watch) എന്ന് പേരിട്ടിരിക്കുന്ന ഈ സൗജന്യ ആപ്പിലൂടെ വന്യമൃഗങ്ങളെ കാണുന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് പരസ്പരം പങ്കുവെക്കാനാകും.
കാനഡയിലെയും യുഎസിലെയും നഗരപ്രദേശങ്ങളിൽ കരടി, കൊയോട്ട്, കുറുക്കൻ, മാൻ തുടങ്ങിയ മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവാണ്. ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകുന്നതോടൊപ്പം വന്യമൃഗങ്ങളെ ഉപദ്രവിക്കാതിരിക്കാനും ലക്ഷ്യമിട്ടാണ് വിയൂഹൻ ഈ ആപ്പ് രൂപകൽപ്പന ചെയ്തത്.
വന്യമൃഗങ്ങളെ കണ്ട സ്ഥലം കൃത്യമായി കാണിക്കുന്നതിന് പകരം ആ പ്രദേശം മാത്രമാണ് ആപ്പിൽ കാണിക്കുക. സോഷ്യൽ മീഡിയയിൽ ഫോട്ടോ എടുക്കാനായി ആളുകൾ മൃഗങ്ങൾക്ക് ചുറ്റും തടഞ്ഞുകൂടുന്നത് മൃഗങ്ങളെ ഭയപ്പെടുത്തുമെന്നും അത് അപകടത്തിന് കാരണമാകുമെന്നും മനസ്സിലാക്കിയാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയത്.
പരിക്കേറ്റതോ ഒറ്റപ്പെട്ടുപോയതോ ആയ വന്യമൃഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആപ്പിലൂടെ അറിയിക്കാം. കൂടാതെ, വന്യമൃഗങ്ങളുടെ മുന്നിൽ പെട്ടാൽ എങ്ങനെ സുരക്ഷിതമായി പെരുമാറണമെന്ന മാർഗനിർദ്ദേശങ്ങളും ആപ്പിൽ ലഭ്യമാണ്.
പരമ്പരാഗതമായി കോഡിംഗ് പഠിക്കുന്നതിന് പകരം അത്യാധുനിക എഐ ടൂളുകൾ ഉപയോഗിച്ചാണ് വിയൂഹൻ ആപ്പ് വികസിപ്പിച്ചത്. ആശയങ്ങൾ ഏകോപിപ്പിക്കാൻ 'ക്ലോഡ്' എന്ന എഐ ടൂളും, ലളിതമായ നിർദ്ദേശങ്ങളെ ആപ്പായി മാറ്റാൻ 'ലൗവബിൾ' എന്ന പ്ലാറ്റ്ഫോമും ഉപയോഗിച്ചു.
ജൂൺ 5ന് പുറത്തിറങ്ങിയ ആപ്പിൽ ജൂലൈ മാസത്തോടെ കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നുമായി 150ലധികം വന്യജീവി സാന്നിധ്യങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞു. ആധുനിക സാങ്കേതികവിദ്യ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മനുഷ്യർക്കും വന്യമൃഗങ്ങൾക്കും സുരക്ഷിതമായി ജീവിക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.
Tech
കലിഫോർണിയ : ചാറ്റ്ബോട്ടുകൾക്കപ്പുറം ഉപയോക്താക്കളുടെ ഡിജിറ്റൽ ജോലികൾ സ്വയം ഏറ്റെടുക്കാൻ ശേഷിയുള്ള 'മ്യൂസ്' എന്ന പേഴ്സണൽ എഐ ഏജന്റിനെ അവതരിപ്പിച്ച് മെറ്റ. ഇമെയിൽ, കലണ്ടർ, ഷോപ്പിംഗ്, ഓൺലൈൻ പേയ്മെന്റുകൾ, സ്മാർട്ട് ഹോം സിസ്റ്റങ്ങൾ തുടങ്ങിയ വിവിധ ആപ്പുകളുമായി ബന്ധപ്പെട്ട് ഉപയോക്താവ് നേരിട്ട് പ്രവർത്തിക്കാത്ത സമയത്തും സ്വയം ജോലികൾ ചെയ്യാനും മ്യൂസിന് കഴിയും.
ഓരോ ഉപയോക്താവിനുമായി മെറ്റയുടെ ക്ലൗഡ് നെറ്റ്വർക്കിൽ പ്രത്യേകം 'വെർച്വൽ മെഷീൻ' തയ്യാറാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. സൗജന്യമായി ഉപയോഗിക്കാവുന്ന അടിസ്ഥാന പതിപ്പിന് പുറമേ, പ്രതിമാസം 20 ഡോളർ, 100 ഡോളർ നിരക്കുകളിലുള്ള പ്രീമിയം പ്ലാനുകളും ലഭ്യമാണ്. ആദ്യഘട്ടത്തിൽ യുഎസിലാണ് സേവനം ലഭ്യമാവുക.
ബാങ്കിംഗ്, കലണ്ടർ, ഇമെയിൽ തുടങ്ങിയ വ്യക്തിഗത വിവരങ്ങളിലേക്ക് എഐക്ക് പൂർണ പ്രവേശനം നൽകേണ്ടി വരുന്നു എന്നതാണ് മ്യൂസ് നേരിടുന്ന പ്രധാന വെല്ലുവിളി. സെന്റിനൽ എന്ന പ്രത്യേക സുരക്ഷാ സംവിധാനം വഴി എഐയുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് മെറ്റ അവകാശപ്പെടുന്നുണ്ടെങ്കിലും, കമ്പനിക്കുള്ളിലെ പരീക്ഷണ ഘട്ടത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഒരു ജീവനക്കാരന്റെ സ്വകാര്യ ഐക്ലൗഡ് ചിത്രങ്ങൾ ഏജന്റ് ചോർത്തിയെന്നും, ലോഗിൻ പ്രശ്നങ്ങളും ഡാറ്റാ നിരീക്ഷണത്തിലെ തടസ്സങ്ങളും നേരിട്ടതായും റിപ്പോർട്ട് ചെയ്തു. എഐക്ക് സ്വന്തം വിവരങ്ങളിലേക്ക് നിയന്ത്രണം നൽകാൻ ഉപയോക്താക്കൾ എത്രത്തോളം തയ്യാറാകുമെന്നതും സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്നതും മെറ്റയ്ക്ക് മുന്നിൽ വലിയ ചോദ്യമായി ശേഷിക്കുന്നു.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഓപ്പൺഎഐ തങ്ങളുടെ പുതിയ ഇമേജ് ജനറേഷൻ മോഡലായ 'ChatGPT Images 2.5' പുറത്തിറക്കി. നിലവിലുള്ള ചാറ്റ്ജിപിടി-ഇമേജ്-2 മോഡലിന്റെ അടുത്ത പതിപ്പായ ഇത്, ചിത്രങ്ങൾ കൂടുതൽ വേഗത്തിലും മികച്ച ഗുണനിലവാരത്തിലും തയ്യാറാക്കാനും എഡിറ്റ് ചെയ്യാനും സഹായിക്കും.
ചിത്രങ്ങളിലെ ലൈറ്റിംഗ്, ടെക്സ്ചർ, സൂക്ഷ്മമായ വിശദാംശങ്ങൾ എന്നിവ കൂടുതൽ സ്വാഭാവികമായി പ്രതിഫലിപ്പിക്കാൻ പുതിയ പതിപ്പിന് കഴിയും. ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ ചിത്രം നൽകി പുതിയൊരു പശ്ചാത്തലത്തിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടാൽ, ആ വ്യക്തിയുടെ മുഖച്ഛായയോ തനിമയോ മാറാതെ തന്നെ ചിത്രം നിർമിച്ചു നൽകാൻ ഈ മോഡലിന് സാധിക്കും.
പ്രോംപ്റ്റുകൾ വാക്കാൽ നൽകുന്നതിന് പകരം, മനസ്സിലുള്ള ആശയങ്ങൾ വരച്ച് കാണിക്കാനുള്ള സ്കെച്ച് എന്ന പുതിയ ഫീച്ചറും ചാറ്റ്ജിപിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ മനസ്സിലുള്ള ആശയം ചാറ്റ്ജിപിറ്റിയിൽ വരയ്ക്കുകയും, പ്രോംപ്റ്റിലൂടെ `@Sketch` എന്ന് ടൈപ്പ് ചെയ്ത് ആവശ്യമായ തിരുത്തലുകളോടെ മികച്ച ചിത്രം സൃഷ്ടിക്കുകയും ചെയ്യാം.
ഡെവലപ്പർമാർക്കായി ജിപിടി-ഇമേജ്-2.5 ഫ്ലേർ,ജിപിടി-ഇമേജ്2.5 സൺബസ്റ്റ്, എന്നീ രണ്ട് പുതിയ എപിഐ മോഡലുകളും ഓപ്പൺഎഐ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ഫ്ലേർ മോഡൽ മുൻ പതിപ്പിനേക്കാൾ 50 ശതമാനം കുറഞ്ഞ സമയത്തിനുള്ളിൽ വേഗത്തിൽ ചിത്രങ്ങൾ നൽകും. ചാറ്റ്ജിപിറ്റി ഡെസ്ക്ടോപ്പ്, മൊബൈൽ, വെബ് പതിപ്പുകളിൽ പുതിയ അപ്ഡേറ്റ് ലഭ്യമായിത്തുടങ്ങി.
Kerala
ആലുവ: നേത്രരോഗ ചികിത്സാവിദഗ്ധൻ ഡോ. ടോണി ഫെർണാണ്ടസിന് നാഷണൽ ഐ ബാങ്ക് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു.
കൊച്ചിയിൽ സംഘടിപ്പിച്ച 16-ാമത് ദേശീയ സമ്മേളനത്തിൽ നാഷണൽ ഐ ബാങ്ക് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. നമ്രത ശർമയാണ് അവാർഡുദാനം നിർവഹിച്ചത്.
കേരളത്തിലെ ആദ്യത്തെ ഐ ബാങ്ക് സ്ഥാപകനും ആലുവ ഡോ. ടോണീസ് ഐ ഹോസ്പിറ്റൽ ചെയർമാനുമാണ്. ആയിരക്കണക്കിന് ആളുകൾക്കു കാഴ്ചയുടെ വെളിച്ചമേകിയതും നേത്രദാനരംഗത്തും കാഴ്ചപരിമിതിയുള്ളവരുടെ പുനരധിവാസത്തിലും ഡോ. ടോണി ഫെർണാണ്ടസ് നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ മുൻനിർത്തിയാണ് ആദരം.
Kerala
കൊച്ചി: കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി നേരിട്ടു ഹാജരാകുന്നതില്നിന്ന് കെഎസ്ആര്ടിസി മാനേജിംഗ് ഡയറക്ടര് പ്രമോജ് ശങ്കര്, എക്സിക്യൂട്ടീവ് ഡയറക്ടര് (അഡ്മിനിസ്ട്രേഷന്) ജി.പി. പ്രദീപ് കുമാര് എന്നിവരെ ഹൈക്കോടതി തത്കാലത്തേക്ക് ഒഴിവാക്കി.
വിലക്കു ലംഘിച്ച് എംപാനല്ഡ് ഡ്രൈവര് നിയമനം തുടരുന്നതു സംബന്ധിച്ച കോടതിയലക്ഷ്യ കേസില് നേരിട്ടു ഹാജരാകാന് നേരത്തേ കോടതി നിര്ദേശിച്ചിരുന്നു. വിഷയത്തില് കെഎസ്ആര്ടിസി സത്യവാങ്മൂലം നല്കിയതിനെത്തുടര്ന്നാണ് ഇവര്ക്ക് ഇളവ് നല്കിയത്.
വിശദീകരണം തൃപ്തികരമല്ലെങ്കിലും സ്റ്റാന്ഡിംഗ് കോണ്സല് നല്കിയ ഉറപ്പുകള്കൂടി പരിഗണിച്ചാണ് ഇളവ് നല്കുന്നതെന്ന് ജസ്റ്റീസ് ഹരിശങ്കര് വി. മേനോന് വ്യക്തമാക്കി. നേരില് ഹാജരാകുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥര് നല്കിയ അപേക്ഷയിലാണ് ഉത്തരവ്.
ഡ്രൈവര്മാരുടെ തസ്തികയില് സ്ഥിരനിയമനം നടത്താതെ താത്കാലിക നിയമനം തുടരുന്നത് നിയമവിരുദ്ധമാണെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നിട്ടും എംപാനല് നിയമനം തുടരുകയാണെന്ന് ആരോപിച്ചു പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്ഥികള് നല്കിയ കോടതിയലക്ഷ്യ ഹര്ജിയാണു കോടതി പരിഗണിക്കുന്നത്.
Kerala
കൊച്ചി: സംസ്ഥാനത്ത് എസ്ഐ -എസ്എച്ച്ഒ പരിഷ്കരണത്തിലൂടെ പൊലിസിന്റെ ഘടന മാറ്റിയെങ്കിലും പുതിയ ചുമതലകളുമായി രംഗത്തിറങ്ങിയ സര്ക്കിള് ഇന്സ്പെക്ടര് (സിഐ) മാര്ക്ക് അടിസ്ഥാനസൗകര്യങ്ങളില്ല.
ചുമതലയേറ്റ പല സിഐമാര്ക്കും സ്വന്തമായി ഓഫീസില്ല. സ്റ്റേഷന് റൈറ്റര്, കേസ് എഴുത്തുകാര് ഉള്പ്പടെയുള്ള ജീവനക്കാര്, മേശ, കസേര, കംപ്യൂട്ടര്, ഔദ്യോഗിക വാഹനം, ഡ്രൈവര് എന്നിവ ലഭിക്കാത്തതും പ്രവര്ത്തനത്തെ ബാധിക്കുന്നതായാണു വിവരം.
പൊലിസ് സ്റ്റേഷനുകളുടെ പ്രവര്ത്തനം കൂടുതല് കാര്യക്ഷമമാക്കുന്നതിനും മേല്നോട്ട സംവിധാനം ശക്തിപ്പെടുത്തുന്നതിനുമായി നടപ്പാക്കിയ പരിഷ്കരണമാണ് പല സ്ഥലങ്ങളിലും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തില് പാളുന്നത്.
എസ്ഐമാര് സ്റ്റേഷന് ഹൗസ് ഓഫീസര്മാരാകുന്ന (എസ്എച്ച്ഒ) രണ്ടോ മൂന്നോ സ്റ്റേഷനുകളുടെ ചുമതലയാണ് സിഐമാര്ക്കുള്ളത്. പോക്സോ, ബലാത്സംഗം, കൊലപാതകം, കൂട്ട ആത്മഹത്യ, വധശ്രമം, വന്തോതിലുള്ള മയക്കുമരുന്നുവേട്ട, കോടികളുടെ തട്ടിപ്പുകേസുകള്, ഐടി ആക്ട് പ്രകാരമുള്ള കേസുകള് ഉള്പ്പടെ വലിയ കേസുകള് എടുക്കേണ്ടതും അതില് അന്വേഷണം നടത്തേണ്ടതും സര്ക്കിള് ഇന്സ്പെക്ടര്മാരാണ്.
പൊലിസ് സ്റ്റേഷനുകളുടെ മേല്നോട്ടം, കേസുകളുടെ അവലോകനം, അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗങ്ങള്, കീഴുദ്യോഗസ്ഥരുടെ പ്രവര്ത്തനം വിലയിരുത്തല് തുടങ്ങി നിരവധി ജോലികളാണു സര്ക്കിള് ഇന്സ്പെക്ടര്ക്ക് നിര്വഹിക്കാനുള്ളത്.
ചുമതല വര്ധിച്ചെങ്കിലും അതിനനുസരിച്ചുള്ള ജീവനക്കാരെ ലഭ്യമല്ലാത്തതിനാല് നിലവിലുള്ള പൊലിസ് സ്റ്റേഷനുകളില്നിന്നുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അധിക ജോലികള് നിരവഹിക്കേണ്ട അവസ്ഥയാണുള്ളത്.
Tech
കൊച്ചി: കുറ്റവാളികളുടെ താവളമായി ടെലഗ്രാം ആപ്പ് മാറിയിരിക്കുന്നുവെന്ന് ഏഴു വര്ഷംമുമ്പ് സംസ്ഥാന പൊലിസ് ഹൈക്കോടതിയെ അറിയിച്ചത് ശരിവയ്ക്കുന്നതാണ് സമീപകാലത്ത് കൊച്ചിയില് റിപ്പോര്ട്ട് ചെയ്ത സംഭവങ്ങള്.
സാധാരണ മെസേജിംഗ് ആപ്പുകള് ഉപയോക്താക്കളുടെ വിവരങ്ങള് ആവശ്യപ്പെടുമ്പോള് ഇവിടെ നിയമങ്ങളും നിയന്ത്രണങ്ങളുമില്ലെന്നതാണ് കുറ്റവാളികളെ ടെലഗ്രാമിലേക്ക് അടുപ്പിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ടെലഗ്രാം ഒരു വെല്ലുവിളിയാണ്. കുറ്റവാളികളെ പിന്തുടരാന് ഡിജിറ്റല് തെളിവുകള് ഇല്ലെന്നതാണ് ഇതില് പ്രധാനം. ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി സൈബര്ഡോം നടത്തിയ പരിശോധനകളില് പുറത്തുവന്നത് ഞെട്ടിക്കുന്ന കണക്കുകളാണ്. ഇതില് പിടിക്കപ്പെടുന്നവരുടെ പ്രൊഫൈലുകളാണ് അമ്പരപ്പിക്കുന്നത്. ഭൂരിഭാഗവും ഉയര്ന്ന ശമ്പളം വാങ്ങുന്നവരും ഐടി പ്രഫഷണലുകളും വിദ്യാര്ഥികളും എന്തിനധികം അധ്യാപകര് വരെയുണ്ട് ഈ കൂട്ടത്തില്.
കൊച്ചിയിലെ കേസുകൾ
ചിത്രങ്ങളും വീഡിയോകളും മോര്ഫ് ചെയ്ത് അശ്ലീല രീതിയില് പ്രദര്ശിപ്പിച്ചതിനും പണം വാങ്ങി വില്പന നടത്തിയതിനും കൊച്ചിയില് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രജിസ്റ്റര് ചെയ്തത് രണ്ട് കേസുകളാണ്.
സഹപാഠികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള് മോര്ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ടെലഗ്രാമിലെ അശ്ലീല ഗ്രൂപ്പുകളില് പ്രചരിപ്പിച്ച സംഭവത്തില് തൃക്കാക്കര പൊലിസും 25കാരിയുടെ ചിത്രങ്ങള് മോര്ഫ് ചെയ്ത് ടെലഗ്രാമിലെ അശ്ലീല ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച സംഭവത്തില് കടവന്ത്ര പൊലിസും അന്വേഷണം നടത്തിവരികയാണ്. തൃക്കാക്കര കേസില് അറസ്റ്റിലായ വിദ്യാര്ഥി ഇത്തരം റാക്കറ്റിലെ കണ്ണിയാണെന്നാണ് പൊലിസിന്റെ നിഗമനം. കേസില് ഇന്നലെ ഒരാളെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബ്ലാക്ക്മെയിലിംഗ്
ന്യൂഡിഫിക്കേഷന് പ്രക്രിയയിലൂടെ ഒരാളുടെ ചിത്രം സെക്കന്ഡുകള്ക്കുള്ളില് നഗ്നചിത്രമാക്കി മാറ്റാന് സാധിക്കും. ഇതിനായി പ്രത്യേകം ഡിസൈന് ചെയ്ത ബോട്ടുകള് ടെലഗ്രാമില് സുലഭമാണ്. ഈ രീതിയില് നിര്മിക്കപ്പെടുന്ന ചിത്രങ്ങള് ഉപയോഗിച്ച് ബ്ലാക്ക്മെയിലിംഗ് നടത്തുന്ന മാഫിയതന്നെ പ്രവര്ത്തിക്കുന്നുണ്ട്. ടെലഗ്രാമിലെ പീപ്പിള് നിയര്ബൈ ഫീച്ചര് ഉപയോഗിച്ച് ലഹരിസംഘങ്ങള് ഉപയോക്താക്കളെ കണ്ടെത്തി കച്ചവടം നടത്തുന്ന സംഭവങ്ങളും നിരവധിയാണ്.
Tech
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിലെ സ്കൂളുകളിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി. മേയർ സോഹ്റാൻ മംദാനിയാണ് തങ്ങളുടെ പബ്ലിക് സ്കൂളുകളിൽ നിർമ്മിത ബുദ്ധിക്ക് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്.
കുട്ടികൾ വളരുന്നതിനും പഠിക്കുന്നതിനും അധ്യാപകരുടെ സാന്നിധ്യവും പരസ്പരമുള്ള മാനുഷിക ബന്ധങ്ങളുമാണ് ആവശ്യമെന്ന് വാർത്താക്കുറിപ്പിൽ മേയർ ചൂണ്ടിക്കാട്ടി. പുതിയ നയത്തിന്റെ ഭാഗമായി എഐ ട്യൂട്ടറുകൾ, ചാറ്റ്ജിപിറ്റി, ക്ലോഡ് തുടങ്ങിയ ചാറ്റ്ബോട്ടുകൾ ഉൾപ്പെടെയുള്ള 38ലധികം സോഫ്റ്റ്വെയറുകൾക്ക് നിരോധനം ബാധകമാകും. ഇത് വഴി ഏകദേശം ആറ് ലക്ഷത്തോളം വിദ്യാർഥികളെ ഈ തീരുമാനം ബാധിക്കും.
എങ്കിലും ഹൈസ്കൂൾ വിദ്യാർഥികൾക്ക് പരിമിതമായ തോതിൽ എഐ സാങ്കേതികവിദ്യ പരിചയപ്പെടാൻ അവസരം നൽകും. പരിശീലനം ലഭിച്ച അധ്യാപകരുടെ മേൽനോട്ടത്തിൽ നടക്കുന്ന പ്രത്യേക പൈലറ്റ് പ്രോഗ്രാമുകളിലൂടെ അഞ്ച് ശതമാനം ഹൈസ്കൂൾ വിദ്യാർഥികൾക്ക് എഐ പഠനവിധേയമാക്കാം. കൂടാതെ എഐയുടെ ഗുണദോഷങ്ങളെയും ധാർമ്മിക വശങ്ങളെയും കുറിച്ച് എല്ലാ ഹൈസ്കൂൾ വിദ്യാർഥികൾക്കും പ്രത്യേക പരിശീലനവും നൽകും.
സ്ക്രീൻ ടൈം കുറയ്ക്കുന്നതിന്റെ ഭാഗമായി രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ വ്യക്തിഗത ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും മൂന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ദിവസവും 30 മുതൽ 45 മിനിറ്റ് വരെ മാത്രം സ്ക്രീൻ ടൈം നിജപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
Tech
ന്യൂഡൽഹി: ഗൂഗിൾ വർക്ക്സ്പേസ് ഉപയോക്താക്കൾക്കായി ജെമിനി എഐ അധിഷ്ഠിത പുതിയ വോയ്സ് ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗിൾ. ഇനി ടൈപ്പ് ചെയ്യുന്നതിന് പകരം സംസാരിച്ചുകൊണ്ട് തന്നെ ജിമെയിലിൽ വിവരങ്ങൾ തെരയാനും, ഗൂഗിൾ ഡോക്സിൽ പുതിയ രേഖകൾ തയ്യാറാക്കാനും, ഗൂഗിൾ കീപ്പിൽ കുറിപ്പുകൾ ക്രമീകരിക്കാനും സാധിക്കും.
ജിമെയിൽ ലൈവ്, ഡോക്സ് ലൈവ്, കീപ്പ് ലൈവ് എന്നീ മൂന്ന് പുതിയ ഫീച്ചറുകളാണ് ഗൂഗിൾ ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്. ഇൻബോക്സിലെ ദീർഘമായ മെയിലുകൾ വായിച്ചുനോക്കാതെ തന്നെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഇതിന് കഴിയും.
ഉദാഹരണത്തിന്, "എന്റെ വിമാനത്തിന്റെ ഗേറ്റ് നമ്പർ എത്രയാണ്?" എന്നോ "കുട്ടിയുടെ സ്കൂളിലെ ഈ ആഴ്ചത്തെ പരിപാടികൾ എന്തൊക്കെയാണ്?" എന്നോ ചോദിച്ചാൽ ജിമെയിൽ പരിശോധിച്ച് കൃത്യമായ മറുപടി നൽകും.
നിങ്ങളുടെ മനസ്സിലുള്ള ആശയങ്ങൾ സംസാരിച്ചു കൊടുത്താൽ, അത് കൃത്യമായ ഘടനയുള്ള ഒരു ഡോക്യുമെന്റാക്കി മാറ്റാൻ ഡോക്സ് ലൈവിന് സാധിക്കും. ഡ്രൈവ്, ജിമെയിൽ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് ഡ്രാഫ്റ്റുകൾ തയ്യാറാക്കാനും ഇത് സഹായിക്കും.
നിങ്ങളുടെ ശബ്ദ സന്ദേശങ്ങളെ പെട്ടെന്ന് തരംതിരിച്ച് നോട്ട്സുകളും ടാസ്ക് ലിസ്റ്റുകളുമാക്കി മാറ്റാൻ ഇത് സഹായിക്കുന്നു.ഗൂഗിൾ എഐ പ്ലസ്, പ്രോ, അൾട്രാ വരിക്കാർക്കായി ഈ ഫീച്ചറുകൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഉടൻ തന്നെ ഗൂഗിൾ വർക്ക്സ്പേസ് ബിസിനസ് ഉപയോക്താക്കൾക്കും ഇത് ലഭ്യമാകും.
Tech
ന്യൂഡൽഹി: കാലാവസ്ഥാ പ്രവചന രംഗത്ത് പുതിയ മാറ്റങ്ങൾ വഴിതെളിച്ചിരിക്കുകയാണ് ഗൂഗിൾ. തങ്ങളുടെ ഏറ്റവും പുതിയ എഐ മോഡലായ 'വെതർനെക്സ്റ്റ് 3' (WeatherNext 3) പുറത്തിറക്കി.
ഭൗമസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നുള്ള തത്സമയ വിവരങ്ങൾ വിശകലനം ചെയ്ത് ഓരോ മണിക്കൂറിലും അഞ്ച് കിലോമീറ്റർ പരിധിവരെ കൃത്യതയുള്ള കാലാവസ്ഥാ വിവരങ്ങൾ നൽകാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും.
നിലവിൽ ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ചതും കൃത്യതയുള്ളതുമായ കാലാവസ്ഥാ പ്രവചന മോഡലാണിതെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. മുൻകാല മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഉപഗ്രഹങ്ങളിൽ നിന്നും പ്രാദേശിക വെതർ സ്റ്റേഷനുകളിൽ നിന്നുമുള്ള തത്സമയ വിവരങ്ങളാണ് ഇത് ഉപയോഗപ്പെടുത്തുന്നത്.
ഗൂഗിൾ സെർച്ച്, ജെമിനി, ഗൂഗിൾ മാപ്സ് തുടങ്ങിയ സേവനങ്ങളിൽ ഉടൻ തന്നെ ഈ പുതിയ എഐ സംവിധാനം ലഭ്യമാകും. മുൻ മോഡലായ വെതർനെക്സ്റ്റ് 2വിനേക്കാൾ അഞ്ച് മടങ്ങ് കൂടുതൽ കൃത്യതയോടെ അന്തരീക്ഷ ഊഷ്മാവ്, ഈർപ്പം, കാറ്റിന്റെ വേഗത എന്നിവ പ്രവചിക്കാൻ ഇതിന് കഴിയും.
നാസയുടെ ഡാറ്റ ഉൾപ്പെടെ പ്രയോജനപ്പെടുത്തി പരിശീലനം നൽകിയതിനാൽ മഴയെക്കുറിച്ചുള്ള പ്രവചനങ്ങളിൽ 50% വരെ അധിക കൃത്യത ഉറപ്പുനൽകുന്നു. ചെലവേറിയ സൂപ്പർ കമ്പ്യൂട്ടിംഗ് സംവിധാനങ്ങളുടെ കുറവുമൂലം കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ ലഭിക്കാതിരുന്ന ഏഷ്യ-പസഫിക്, ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഈ എഐ സംവിധാനം ഏറെ ആശ്വാസകരമാകും.
കാറ്റിന്റെ വേഗതയും മേഘാവൃതമായ അന്തരീക്ഷവും കൃത്യമായി മുൻകൂട്ടി അറിയിക്കാൻ കഴിയുന്നതിനാൽ സൗര-കാറ്റാടി ഊർജ്ജ നിലയങ്ങൾക്ക് തങ്ങളുടെ വൈദ്യുതി ഉത്പാദനം കൃത്യമായി പ്ലാൻ ചെയ്യാൻ ഇത് സഹായിക്കും.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻലസ് ലോകത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ട് ഓപ്പൺഎഐ തങ്ങളുടെ ഏറ്റവും കരുത്തുറ്റ എഐ മോഡലായ 'ജിപിടി-6 ആസ്ട്ര' പുറത്തിറക്കി. ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസിന്റെ തുടക്കമാണിതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആസ്ട്ര, ലോകത്തിലെ ഏറ്റവും മികച്ച എഐ മോഡലാണെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ വ്യക്തമാക്കി.
കോഡിംഗ്, സയൻസ്, സൈബർ സെക്യൂരിറ്റി, പ്രൊഫഷണൽ ജോലികൾ എന്നിവയിൽ നിലവിലുള്ള ആന്ത്രോപിക് ക്ലോഡ് ഫേബിൾ 5.1 ഉൾപ്പെടെയുള്ള എല്ലാ എഐ മോഡലുകളെയും ആസ്ട്ര പിന്നിലാക്കിയതായി കമ്പനി അവകാശപ്പെടുന്നു.
മനുഷ്യനെപ്പോലെ സ്വയം ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും ശേഷിയുള്ള നിർമ്മിത ബുദ്ധിയെയാണ് എജിഐ എന്ന് വിളിക്കുന്നത്. ഉപയോക്താവിന്റെ നിർദ്ദേശാനുസരണം വെബ്സൈറ്റുകൾ നിർമിക്കുക, ബ്ലെൻഡറിൽ 3D മോഡലുകൾ തയ്യാറാക്കുക, അവതരണങ്ങൾ ഉണ്ടാക്കുക, ഫോമുകൾ പൂരിപ്പിക്കുക എന്നിവ ആസ്ട്രയ്ക്ക് സ്വയം ചെയ്യാൻ സാധിക്കും.
സോഫ്റ്റ്വെയർ എൻജിനീയറിംഗിൽ ഇതുവരെ നിർമിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും മികച്ച മോഡലാണിത്. കോഡുകളിലെ പിഴവുകൾ കണ്ടെത്തുന്നതിലും പുതിയ സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് പരിശോധിക്കുന്നതിലും ഇത് മുൻപന്തിയിലാണ്.
സൈബർ സുരക്ഷാ മേഖലയിൽ 100% കൃത്യതയോടെ വീഴ്ചകൾ കണ്ടെത്താൻ ഈ മോഡലിന് കഴിയും. എന്നാൽ സുരക്ഷ മുൻനിർത്തി ദുരുപയോഗം തടയാനുള്ള ശക്തമായ മുൻകരുതലുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.
നിലവിൽ ഡേബ്രേക്ക് ഉപയോക്താക്കൾ ലഭ്യമാക്കിയിരിക്കുന്ന ആസ്ട്ര, വരും ദിവസങ്ങളിൽ ചാറ്റ്ജിപിടി പ്ലസ്, പ്രോ, ബിസിനസ്, എന്റർപ്രൈസ് വരിക്കാർക്കും എപിഐ വഴിയും ലഭ്യമാകും. ഓപ്പൺഎഐ ഉടൻ തന്നെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനിരിക്കെയാണ് ഈ നിർണായക പ്രഖ്യാപനം.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ മുൻനിര കമ്പനിയായ എൻവിഡിയ, ഓപ്പൺ സോഴ്സ് എഐ പ്ലാറ്റ്ഫോമായ 'ഹഗ്ഗിംഗ് ഫേസ്' സ്വന്തമാക്കി. 12.93 ശതകോടി ഡോളറിന്റേതാണ് (ഏകദേശം 1.08 ലക്ഷം കോടി രൂപ) ഈ കരാർ. എൻവിഡിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നാണിത്.
എഐ ഡെവലപ്പർമാർക്ക് ആവശ്യമായ 30 ലക്ഷത്തിലധികം മോഡലുകളും ദശലക്ഷക്കണക്കിന് ഡാറ്റാസെറ്റുകളും സൗജന്യമായി നൽകുന്ന ഏറ്റവും ജനപ്രിയ പ്ലാറ്റ്ഫോമാണ് 2016ൽ പ്രവർത്തനം ആരംഭിച്ച ഹഗ്ഗിംഗ് ഫേസ്. 1.8 കോടിയിലധികം ഡെവലപ്പർമാരാണ് ഈ പ്ലാറ്റ്ഫോം നിലവിൽ ഉപയോഗിക്കുന്നത്.
ഹഗ്ഗിംഗ് ഫേസിനെ എൻവിഡിയ സ്വന്തമാക്കിയെങ്കിലും, പ്ലാറ്റ്ഫോമിന്റെ സ്വതന്ത്ര സ്വഭാവം മാറുകയില്ലെന്ന് എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് വ്യക്തമാക്കി. ഡെവലപ്പർമാർക്ക് അവർക്ക് ഇഷ്ടമുള്ള എഐ മോഡലുകളും കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോമുകളും തെരഞ്ഞെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം തുടരുമെന്നും, എൻവിഡിയയുടെ പ്രൊസസറുകൾ തന്നെ ഉപയോഗിക്കണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
കൂടുതൽ കമ്പ്യൂട്ടിംഗ് കരുത്തും പിന്തുണയും ലഭ്യമാക്കിക്കൊണ്ട് എഐ സാങ്കേതികവിദ്യ ലോകമെമ്പാടും വ്യാപിപ്പിക്കാനാണ് ഈ പങ്കാളിത്തമെന്ന് ഹഗ്ഗിംഗ് ഫേസ് സിഇഒ ക്ലെമന്റ് ഡെലാങ് പറഞ്ഞു. മുൻപ് 2023ൽ 4.5 ശതകോടി ഡോളർ മൂല്യം കണക്കാക്കിയിരുന്ന ഹഗ്ഗിംഗ് ഫേസിന്റെ വിപണി മൂല്യം പുതിയ കരാറോടെ മൂന്നിരട്ടിയോളമാണ് വർധിച്ചിരിക്കുന്നത്.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളുടെയും സർവൈലൻസ് സിസ്റ്റങ്ങളുടെയും കണ്ണുവെട്ടിക്കാൻ സഹായിക്കുന്ന ഡിജിറ്റൽ ക്യാമൊഫ്ലാഷ് ഷർട്ട് വികസിപ്പിച്ചെടുത്ത് ജർമ്മൻ ഡിസൈനറായ സൈമൺ വെക്കർട്ട്.
വ്യത്യസ്ത നിറങ്ങളും പാറ്റേണുകളും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഈ ഷർട്ട് ധരിച്ചാൽ എഐ കാമറകൾക്ക് വ്യക്തികളെ തിരിച്ചറിയാൻ സാധിക്കില്ല.
ഹ്യൂമൻ ഡിറ്റക്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന എഐ ക്യാമറകൾക്ക് മുന്നിൽ ഈ ഷർട്ട് വയ്ക്കുമ്പോൾ ക്യാമറയ്ക്ക് വ്യക്തിയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് സൈമൺ വെക്കർട്ട് വ്യക്തമാക്കുന്നു.
മനുഷ്യരെപ്പോലെയല്ല എഐ സിസ്റ്റങ്ങൾ കാഴ്ചകളെ കാണുന്നത്. ദശലക്ഷക്കണക്കിന് ചിത്രങ്ങളിൽ നിന്നുള്ള രൂപങ്ങൾ, നിറങ്ങൾ, ബോഡി ഔട്ട്ലൈൻ എന്നിവ അടിസ്ഥാനമാക്കിയാണ് എഐ ഒരാളെ 'മനുഷ്യൻ' എന്ന് അടയാളപ്പെടുത്തുന്നത്.
സൈമൺ ഡിസൈൻ ചെയ്ത ഷർട്ടിലെ തിളക്കമുള്ള നിറങ്ങളും ഒന്നിനുമുകളിൽ ഒന്നായി വരുന്ന പ്രത്യേക പാറ്റേണുകളും എഐ സിസ്റ്റത്തെ ആശയക്കുഴപ്പത്തിലാക്കുന്നു. എഐ സാങ്കേതികവിദ്യയെ തന്നെ ഉപയോഗിച്ചാണ് വെക്കർട്ട് ഈ പാറ്റേണുകൾ നിർമിച്ചെടുത്തത്. നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന യോലോ എന്ന ഓപ്പൺ സോഴ്സ് എഐ സിസ്റ്റത്തിലാണ് ഇത് പരീക്ഷിച്ചത്.
നഗരങ്ങളിൽ എഐ ക്യാമറകൾ വഴിയുള്ള നിരീക്ഷണം ശക്തമാകുന്ന പശ്ചാത്തലത്തിൽ, ഇത്തരം സാങ്കേതികവിദ്യകളുടെ പോരായ്മകൾ ചൂണ്ടിക്കാണിക്കാനും ജനശ്രദ്ധ ആകർഷിക്കാനുമാണ് താൻ ഈ പദ്ധതിയിലൂടെ ശ്രമിച്ചതെന്ന് വെക്കർട്ട് വ്യക്തമാക്കി.
Tech
ന്യൂഡൽഹി: ഷവോമിയുടെ ഏറ്റവും പുതിയ മടക്കാവുന്ന സ്മാർട്ട്ഫോണായ 'ഷവോമി 18 ഫോൾഡ്' (Xiaomi 18 Fold) സെപ്റ്റംബർ 7ന് ചൈനീസ് വിപണിയിൽ അവതരിപ്പിക്കും. നിലവിലുള്ള 'മിക്സ് ഫോൾഡ്' സീരീസിന് പകരം, പുതിയ 'മിഡ്-ഫോൾഡ്' ഡിസൈനിലാണ് കമ്പനി ഈ ഫോൺ വിപണിയിലെത്തിക്കുന്നത്. ഫോണിന്റെ ഔദ്യോഗിക ചിത്രം ഷവോമി പുറത്തുവിട്ടിട്ടുണ്ട്.
പാസ്പോർട്ടിന്റെ വലിപ്പത്തിൽ കൈയിലൊതുങ്ങുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. 5.38 ഇഞ്ച് കവർ ഡിസ്പ്ലേയും, നിവർത്തുമ്പോൾ 7.58 ഇഞ്ച് പ്രധാന ഡിസ്പ്ലേയുമാണ് ഇതിനുള്ളത്. പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച്, ഡീപ് റെഡ് നിറത്തിൽ തിരശ്ചീനമായ ക്യാമറ മൊഡ്യൂളോടെയാണ് ഫോൺ എത്തുന്നത്.
മുൻ മോഡലുകളിലെ സ്നാപ്ഡ്രാഗൺ ചിപ്പുകൾക്ക് പകരം ഷവോമിയുടെ സ്വന്തം 'Xring O3' ഫ്ലാഗ്ഷിപ്പ് പ്രോസസർ. ലെയ്ക്കയുമായി സഹകരിച്ച് വികസിപ്പിച്ച ക്യാമറ സംവിധാനം. 200 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 6,000mAh ബാറ്ററിയും 67W വയർഡ്, 50W വയർലെസ് ചാർജിംഗ് പിന്തുണയും.
മെച്ചപ്പെട്ട ഈടിനായി 'ഡ്രാഗൺ ബോൺ' ഹിഞ്ച്, എൽപിഡിഡിആർ6 റാം സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ.
സെപ്റ്റംബർ 7ന് നടക്കുന്ന ചടങ്ങിൽ ഷവോമി 18 ഫോൾഡിനൊപ്പം ഷവോമി N70 പ്രോ, N70 മാക്സ്, N90 മാക്സ് എന്നീ ഫോണുകളും ഷവോമി പാഡ് 9 പ്രോ മാക്സ് ടാബ്ലെറ്റും പുറത്തിറക്കും.
Tech
ന്യൂഡൽഹി: ടാക്സി സേവന ദാതാക്കളായ ഊബർ 3,300 ജീവനക്കാരെ പിരിച്ചുവിട്ടു. ആഗോള തലത്തിൽ പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കം. പിരിച്ചുവിട്ടതിന് പിന്നാലെ ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയയിലെയും ഉഗാണ്ടയിലെയും പ്രവർത്തനം കമ്പനി പൂർണമായും അവസാനിപ്പിച്ചു.
കമ്പനിയുടെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളമാണ് ഈ പിരിച്ചുവിടലിലൂടെ ഒഴിവാക്കപ്പെട്ടത്. സെപ്റ്റംബർ 2 മുതൽ ഇരു രാജ്യങ്ങളിലെയും സേവനങ്ങൾ നിറുത്തിവെച്ചതായി ഊബർ ഔദ്യോഗികമായി അറിയിച്ചു. 2014ൽ നൈജീരിയയിലും 2016ൽ ഉഗാണ്ടയിലും പ്രവർത്തനം ആരംഭിച്ച കമ്പനി, ഒരു പതിറ്റാണ്ടോളം നീണ്ട സേവനത്തിന് ശേഷമാണ് ഇപ്പോൾ വിപണി വിടുന്നത്.
ഇതിനുമുമ്പ് ഐവറി കോസ്റ്റ്, ടാൻസാനിയ എന്നിവിടങ്ങളിൽ നിന്നും ഊബർ പിന്മാറിയിരുന്നു. എന്നാൽ ഈജിപ്ത്, ഘാന, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ പ്രവർത്തനം തുടരുമെന്ന് കമ്പനി വ്യക്തമാക്കി.
ഇന്ധനവില വർധനവിന് ആനുപാതികമായി യാത്രാക്കൂലി ലഭിക്കുന്നില്ലെന്ന ഡ്രൈവർമാരുടെ പരാതികളും, ബോൾട്ട് , ഇൻഡ്രൈവ് തുടങ്ങിയ എതിരാളികളിൽ നിന്നുള്ള ശക്തമായ മത്സരവുമാണ് നൈജീരിയയിൽ ഊബറിന് തിരിച്ചടിയായത്.
കോവിഡിനുശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടലാണിതെന്ന് ഊബർ സിഇഒ ദാരാ ഖോസ്രോഷാഹി ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. സ്ഥാപനത്തിന്റെ പ്രവർത്തനച്ചെലവ് കുറയ്ക്കാനും സ്വയം നിയന്ത്രിത ടാക്സികൾ, ഡ്രൈവർരഹിത സാങ്കേതികവിദ്യ തുടങ്ങിയ പുതിയ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്താനും വേണ്ടിയാണ് ഈ നടപടിയെന്ന് കമ്പനി വിശദീകരിക്കുന്നു.
ഇതിന്റെ ഭാഗമായി യുകെ ആസ്ഥാനമായുള്ള 'വെയ്ൻ' എന്ന സ്റ്റാർട്ടപ്പുമായി ചേർന്ന് ലണ്ടനിൽ ഊബർ തങ്ങളുടെ ആദ്യ റോബോടാക്സി സേവനത്തിന് തുടക്കമിട്ടിട്ടുണ്ട്.
Tech
ന്യൂഡൽഹി: വ്യാജ എഐ ഇൻഫ്ലുവൻസർമാരെയും വ്യാജ പ്രൊഫൈലുകളെയും തടയാൻ കർശന നടപടികളുമായി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച കഥാപാത്രങ്ങളെയും വ്യക്തികളെയും അവതരിപ്പിക്കുന്ന അക്കൗണ്ടുകളിൽ അത് വ്യക്തമാക്കുന്ന ലേബലുകൾ നിർബന്ധമാക്കുമെന്ന് മെറ്റാ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം അറിയിച്ചു.
എഐ നിർമിത പ്രൊഫൈലാണെന്ന വിവരം മറച്ചുവെക്കുന്ന അക്കൗണ്ടുകളുടെ റീച്ച് (അതായത് കൂടുതൽ ആളുകളിലേക്ക് പോസ്റ്റ് എത്തുന്ന സൗകര്യം) ഇൻസ്റ്റാഗ്രാം വെട്ടിക്കുറയ്ക്കും.
മുൻപ് നൽകിയിരുന്ന എഐ ക്രിയേറ്റർ എന്ന ലേബലിന് പകരം ഇനി മുതൽ എഐ ജനറേറ്റഡ് പ്രൊഫൈൽ എന്ന ലേബലായിരിക്കും നൽകുക. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടന്റുകൾ നിർമിക്കുന്ന യഥാർഥ മനുഷ്യരാണെന്ന് ഉപയോക്താക്കൾ തെറ്റിദ്ധരിക്കാതിരിക്കാനാണ് ഈ മാറ്റം.
കാണുന്നത് യഥാർഥ മനുഷ്യനെയാണോ അതോ എഐ സൃഷ്ടിച്ച ഡിജിറ്റൽ രൂപത്തെയാണോ എന്ന് ഉപയോക്താക്കൾക്ക് വ്യക്തമായി മനസ്സിലാക്കാനാണ് ഇൻസ്റ്റാഗ്രാമിന്റെ പുതിയ നീക്കം.
Tech
ന്യൂഡൽഹി: ആളുകൾ സംസാരിക്കുന്നത് തത്സമയം കൃത്യതയോടെ ടെക്സ്റ്റാക്കി മാറ്റാൻ ശേഷിയുള്ള പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ 'മ്യൂസ് വോയ്സ് ട്രാൻസ്ക്രിബ്' (Muse Voice Transcribe) അവതരിപ്പിച്ച് മെറ്റാ. മെറ്റാ സൂപ്പർ ഇന്റലിജൻസ് ലാബ്സ് പുറത്തിറക്കുന്ന ആദ്യത്തെ റിയൽ-ടൈം ഓഡിയോ പെർസെപ്ഷൻ മോഡലാണിത്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 പ്രധാന ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ 70ലധികം ഭാഷകളിലെ സംഭാഷണങ്ങൾ കൃത്യമായി പ്രോസസ്സ് ചെയ്യാൻ ഇതിന് കഴിയും.
സംസാരിക്കുന്നതിനിടയിൽ ഇംഗ്ലീഷിൽ നിന്നും പ്രാദേശിക ഭാഷകളിലേക്ക് മാറ്റി മാറ്റി സംസാരിച്ചാലും യാതൊരു തടസ്സവുമില്ലാതെ കൃത്യമായി ടെക്സ്റ്റാക്കി മാറ്റാൻ ഈ മോഡലിന് സാധിക്കും.
ഒരേ സമയം 20ലധികം ആളുകൾ സംസാരിക്കുന്ന ഒരു മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള റിക്കാർഡിംഗുകളിൽ പോലും ഓരോരുത്തരുടെയും ശബ്ദങ്ങൾ വേർതിരിച്ച് ട്രാൻസ്ക്രിപ്ഷൻ നടത്താൻ ഇതിന് ശേഷിയുണ്ട്.
വാചകങ്ങൾ പൂർത്തിയാകാൻ കാത്തുനിൽക്കാതെ സംസാരിക്കുന്ന വേഗതയിൽ തന്നെ ടെക്സ്റ്റ് സ്ക്രീനിൽ തെളിയും. പ്രയാസമേറിയ വാക്കുകൾക്ക് കൂടുതൽ സമയം നൽകുകയും ലളിതമായ വാക്കുകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യുകയും ചെയ്യുന്ന പ്രത്യേക സാങ്കേതികവിദ്യയാണ് മെറ്റാ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
മെറ്റാ എഐ ഫോർ മാക്, മ്യൂസ് കോഡ് എന്നിവയിൽ ഈ ഫീച്ചർ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. കൂടാതെ ഡെവലപ്പർമാർക്കായി മെറ്റായുടെ 'മോഡൽ എപിഐ' വഴി 1,000 ഓഡിയോ മിനിറ്റിന് $3 (ഏകദേശം 250 രൂപ) എന്ന നിരക്കിൽ സേവനം ലഭ്യമാണ്.
ആർട്ടിഫിഷ്യൽ അനാലിസിസ് റിയൽ-ടൈം വോയ്സ് ലീഡർബോർഡിൽ ഒന്നാം സ്ഥാനത്താണ് മ്യൂസ് വോയ്സ് ട്രാൻസ്ക്രിബ് നിലവിൽ റാങ്ക് ചെയ്തിരിക്കുന്നത്.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ശക്തമായ മുന്നേറ്റം നടത്താനും ഓപ്പൺഎഐ, ആന്ത്രോപിക് എന്നീ കമ്പനികളെ മറികടക്കാനും ഒരുങ്ങി ഗൂഗിൾ. കോഡിംഗ് ശേഷിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്ന പുതിയ 'ജെമിനി 3.8 ഫ്ലാഷ്' (Gemini 3.8 Flash) എഐ മോഡൽ ഈ ആഴ്ച തന്നെ ഗൂഗിൾ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
'സ്കിമാക്കി' എന്നാണ് ഇതിന് കമ്പനിക്കുള്ളിൽ നൽകിയിരിക്കുന്ന രഹസ്യപ്പേര്. റിപ്പോർട്ടുകൾ അനുസരിച്ച്, ഗൂഗിളിന്റെ ആന്തരിക കോഡിംഗ് പ്ലാറ്റ്ഫോമായ 'ജെറ്റ്സ്കി'യിൽ നടത്തിയ പരിശോധനകളിൽ ആന്ത്രോപിക്കിന്റെ ഒപസ് മോഡലിനേക്കാൾ മികച്ച പ്രകടനമാണ് ജെമിനി 3.8 ഫ്ലാഷ് കാഴ്ചവെച്ചത്.
ഉയർന്ന തുക ചെലവഴിക്കുന്ന വലിയ മോഡലുകളെ അപേക്ഷിച്ച് വേഗത്തിൽ മറുപടി നൽകാനും ചെലവ് കുറയ്ക്കാനും രൂപകൽപ്പന ചെയ്ത ചെറിയ മോഡലുകളാണ് ഫ്ലാഷ് പരമ്പരയിലുള്ളത്. ജൂലൈയിൽ ജെമിനി 3.6 ഫ്ലാഷും അതിന് മൂന്ന് ആഴ്ചകൾക്ക് ശേഷം ജെമിനി 3.7 ഫ്ലാഷും പുറത്തിറക്കിയ ഗൂഗിൾ, വളരെ വേഗത്തിലാണ് അടുത്ത പതിപ്പിലേക്ക് കടക്കുന്നത്.
ജെമിനി 3.5 പ്രോ പുറത്തിറങ്ങാൻ വൈകുന്നതും ഡെമിസ് ഹസാബിസ് ഗൂഗിൾ ഡീപ്മൈൻഡിന്റെ സിഇഒ സ്ഥാനത്ത് നിന്ന് മാറിയതും കമ്പനിയെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതിന് പരിഹാരമായാണ് കോഡിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ ഫ്ലാഷ് മോഡൽ എത്തുന്നത്.
ഓപ്പൺഎഐ, ആന്ത്രോപിക് എന്നിവർക്ക് പുറമെ ഇലോൺ മസ്കിന്റെ എക്സ്എഐ, മെറ്റാ എന്നിവരും കോഡിംഗ് എഐ രംഗത്ത് മത്സരം കടുപ്പിക്കുന്ന സമയത്താണ് ഗൂഗിളിന്റെ ഈ പുതിയ നീക്കം.
National
ന്യൂഡൽഹി: വിദ്യാഭ്യാസ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനായി വിദ്യാർഥികൾക്ക് ആകർഷകമായ ഓഫറുകളും പുതിയ പഠന ഫീച്ചറുകളും പ്രഖ്യാപിച്ച് ഗൂഗിൾ. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന യോഗ്യരായ വിദ്യാർഥികൾക്ക് 12 മാസത്തേക്ക് ‘ഗൂഗിൾ എഐ പ്ലസ്’ സബ്സ്ക്രിപ്ഷൻ പൂർണമായും സൗജന്യമായി ലഭിക്കും. 2026 ഡിസംബർ 31 വരെ വിദ്യാർഥികൾക്ക് ഈ ഓഫർ സ്വന്തമാക്കാവുന്നതാണ്.
400 ജിബി സ്റ്റോറേജും വിപുലമായ ഫീച്ചറുകളും
പ്രതിമാസം പണം നൽകി ഉപയോഗിക്കേണ്ട ഗൂഗിൾ എഐ പ്ലസ് പ്ലാനിലൂടെ 400 ജിബി ക്ലൗഡ് സ്റ്റോറേജ്, ജെമിനിയുടെ ഉയർന്ന ഉപയോഗ പരിധി എന്നിവ വിദ്യാർഥികൾക്കു ലഭിക്കും. കൂടാതെ, എഐ അധിഷ്ഠിത ഇമേജ്-വീഡിയോ-സംഗീത നിർമാണ സൗകര്യങ്ങൾ, നോട്ട്ബുക്ക് എൽഎമ്മിന്റെ അധിക ഫീച്ചറുകൾ, കൂടുതൽ കരുത്തുറ്റ ജെമിനി എഐ മോഡലുകളുടെ ഉപയോഗം എന്നിവയും ഈ പ്ലാനിന്റെ ഭാഗമായി ലഭ്യമാകും.
പഠന സഹായിയായി ‘സ്റ്റഡി നോട്ട്ബുക്സ്’
വിദ്യാർഥികളുടെ പഠന പങ്കാളിയായി ജെമിനിയെ മാറ്റുന്നതിനായി ‘സ്റ്റഡി നോട്ട്ബുക്സ്’ എന്ന പുതിയ ഫീച്ചറും ഗൂഗിൾ അവതരിപ്പിച്ചു. ക്ലാസ് നോട്ടുകളും മറ്റു പഠന സാമഗ്രികളും അപ്ലോഡ് ചെയ്താൽ, വിദ്യാർഥികളുടെ ആവശ്യത്തിനനുസരിച്ച് വ്യക്തിഗത പഠന പദ്ധതികൾ ജെമിനി തയാറാക്കി നൽകും. ഇതിലൂടെ പഠന വിവരങ്ങൾ അടിസ്ഥാനമാക്കി ക്വിസുകൾ നടത്താനും കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ കണ്ടെത്തി ലഘുവായ ഇന്ററാക്ടീവ് പാഠങ്ങൾ നൽകാനും സാധിക്കും. ചോദ്യങ്ങൾക്കു നേരിട്ട് ഉത്തരം നൽകുന്നതിനു പകരം, പടിപടിയായുള്ള മാർഗനിർദേശങ്ങളിലൂടെ ആശയങ്ങൾ സ്വയം മനസിലാക്കാൻ സഹായിക്കുന്ന ‘ഗൈഡഡ് ലേണിംഗ്’ രീതിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
യോഗ്യതയും നേടേണ്ട വിധവും
കുറഞ്ഞത് 16 വയസ് പ്രായമുള്ള, അംഗീകൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഈ സൗജന്യ ആനുകൂല്യം ലഭിക്കുക. ഗൂഗിൾ വൺ സ്റ്റുഡന്റ് ഓഫർ പേജ് വഴി വിദ്യാർഥികൾക്ക് തങ്ങളുടെ വ്യക്തിഗത ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. തുടർന്ന് കോളജ് അല്ലെങ്കിൽ സ്കൂൾ ഇ-മെയിൽ ഐഡി നൽകി വിദ്യാർഥിയാണെന്നു സ്ഥിരീകരിച്ച് ഓഫർ ക്ലെയിം ചെയ്യാവുന്നതാണ്. ഇന്ത്യയിലെ വിദ്യാർഥികൾക്ക് എഐ സാങ്കേതികവിദ്യ പ്രാപ്യമാക്കുന്നതിനും പഠന നിലവാരമുയർത്തുന്നതിനും ഗൂഗിളിന്റെ ഈ നടപടി വലിയ സഹായമാകും.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന പാട്ടുകൾ തിരിച്ചറിയാൻ പ്രത്യേക ലേബലുകൾ നൽകാനൊരുങ്ങി മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആപ്പിൾ മ്യൂസിക്. എഐ നിർമിത ഗാനങ്ങളുടെ എണ്ണം കുത്തനെ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ വർഷം അവസാനത്തോടെ പുതിയ മാറ്റം കൊണ്ടുവരാൻ ആപ്പിൾ തീരുമാനിച്ചത്.
സംഗീത വിതരണക്കാരും റിക്കാർഡ് ലേബലുകളും നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പാട്ടുകളിൽ എഐ ലേബലുകൾ ചേർക്കുക. ഒരു പാട്ടിന്റെ നിർമാണത്തിൽ എഐ സാങ്കേതികവിദ്യ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കുന്ന ടാഗുകൾ നൽകണമെന്ന് കമ്പനികൾക്ക് ആപ്പിൾ മ്യൂസിക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ തന്നെ റിക്കോർഡ് ലേബലുകൾക്കായി ഇത്തരം ടാഗുകൾ അവതരിപ്പിച്ചിരുന്നെങ്കിലും, പുതിയ മാറ്റത്തോടെ ഇത് കേൾവിക്കാർക്കും നേരിട്ട് കാണാൻ സാധിക്കും. പ്രതിമാസം അപ്ലോഡ് ചെയ്യപ്പെടുന്ന പുതിയ ഗാനങ്ങളിൽ മൂന്നിലൊന്നും എഐ നിർമിതമാണെന്ന് ആപ്പിൾ മ്യൂസിക് മേധാവി ഒലിവർ ഷൂസർ വ്യക്തമാക്കി.
മറ്റൊരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈയും അടുത്തിടെ എഐ കലാകാരന്മാരെ തിരിച്ചറിയാൻ എഐ പേർസോണ, എന്ന ബാഡ്ജ് അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിൾ മ്യൂസിക്കും സുതാര്യത ഉറപ്പാക്കാൻ പുതിയ നടപടിയുമായി രംഗത്തെത്തിയത്.
Jeevithavijayam
കേരളത്തിന്റെ കാർഷിക മേഖല ഒരു നിർണായക വഴിത്തിരിവിലാണ്. തലമുറകളായി വിളവെടുപ്പിലും പ്രാഥമിക ഉത്പാദനത്തിലും ഒതുങ്ങിനിന്ന നമ്മുടെ കാർഷിക സംസ്കാരം, ഇന്ന് വിപണി കേന്ദ്രീകൃതമായ ഒരു കാർഷിക സംരംഭകത്വത്തിലേക്ക് ചുവടുമാറുകയാണ്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികളും ഉത്പന്ന വിലയിലെ അസ്ഥിരതയും യുവതലമുറയുടെ കൃഷിയോടുള്ള വിമുഖതയും ഒരേസമയം അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തിൽ, സാങ്കേതികവിദ്യയും മൂല്യവർധനവുമാണ് നമ്മുടെ കാർഷിക സമ്പദ്വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിയുന്ന പ്രധാന മാർഗങ്ങൾ.
ഈ പശ്ചാത്തലത്തിലാണ് ലോകബാങ്ക് സഹായത്തോടെ കൃഷിവകുപ്പ് “കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ പ്രോജക്ട്” (KERA) എന്ന പദ്ധതി നടപ്പാക്കുന്നത്. കാലാവസ്ഥാ പ്രതിരോധശേഷിയുള്ള കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയും കാർഷിക മൂല്യശൃംഖലയെ സമഗ്രമായി നവീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപകൽപന ചെയ്ത പദ്ധതിയാണിത്. കർഷകനെ കേവലം ഉത്പാദകനിൽനിന്ന് സംരംഭകനിലേക്ക് ഉയർത്തുക എന്നതുകൂടിയാണ് ഈ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ പ്രധാനം.
“മൂല്യവർധിത ഉത്പന്നമാണ് ഭാവിയിലെ കാർഷിക സമ്പദ്വ്യവസ്ഥയുടെ അടിത്തറ”
ദേശീയ, അന്തർദേശീയ വിപണികളിൽ കേരളത്തിന്റെ കാർഷികോത്പന്നങ്ങൾക്ക് മത്സരക്ഷമത കൈവരിക്കണമെങ്കിൽ ഗുണനിലവാരം, സ്ഥിരത, പാക്കേജിംഗ്, ബ്രാൻഡ് ഐഡന്റിറ്റി എന്നിവയിൽ ആഗോള നിലവാരം പുലർത്തേണ്ടതുണ്ട്. ഇതിനായി കർഷക ഉത്പാദക കമ്പനികളെ (എഫ്പിസി) ശക്തീകരിക്കുകയും അവർക്ക് സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നൽകുകയും ചെയ്യുന്നത് പദ്ധതിയുടെ കാതലായ പ്രവർത്തന മേഖലയാണ്.
നിർമിതബുദ്ധിയും ആധുനിക സാങ്കേതികവിദ്യയും കൃഷിയുടെ പുതിയ വ്യാകരണം
ഇന്നത്തെ കൃഷി ഇനി മണ്ണും വിത്തും മാത്രമല്ല, വിവരസാങ്കേതികവിദ്യയും ഡാറ്റയും കൂടിയാണ്. കാലാവസ്ഥാ പ്രവചനത്തിലും കീട-രോഗ നിയന്ത്രണത്തിലും ജലവിനിയോഗത്തിലും നിർമിതബുദ്ധി അധിഷ്ഠിതമായ കൃത്യതാ കൃഷി വലിയ മാറ്റങ്ങൾ കൊണ്ടുവരികയാണ്. ഇന്റർനെറ്റ് ഓഫ് തിംഗ്സ് സെൻസറുകൾ ഉപയോഗിച്ച് മണ്ണിന്റെ ഈർപ്പം, പോഷകനില എന്നിവ തത്സമയം നിരീക്ഷിക്കാനും ഡ്രോൺ സാങ്കേതികവിദ്യയിലൂടെ വിളനിരീക്ഷണവും വളങ്ങൾ കൃത്യമായി തളിക്കുന്നതിനും കഴിയുന്നു.
കൃഷിയിടങ്ങളെ നാളത്തെ സാങ്കേതിക-സംരംഭക കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് കേര പദ്ധതിയുടെ ദൗത്യം. സാങ്കേതികവിദ്യയെ ഭയക്കാതെ ആശ്ലേഷിക്കുക, മൂല്യവർധനവിന്റെ സാധ്യതകൾ തിരിച്ചറിയുക. കേരളത്തിന്റെ കാർഷിക ഭാവി കെട്ടിപ്പടുക്കുന്നത് വയലുകളിൽ മാത്രമല്ല, നൂതനാശയങ്ങളിലും സാങ്കേതികവിദ്യയിലും കൂടിയാണ്. ഈ കാർഷിക നവോത്ഥാന യാത്രയിൽ പങ്കാളികളാകാൻ കേരളത്തിലെ ഓരോ കർഷകനും സംരംഭകനും മുന്നോട്ടു വരികയാണ് വേണ്ടത്.
(ഡെപ്യൂട്ടി ഡയറക്ടർ കൃഷിവികസന കർഷകക്ഷേമ വകുപ്പ്,
കേരള സർക്കാർ & പ്രൊക്യുർമെന്റ് ഓഫീസർ, കേര പദ്ധതി)
Viral
നൂറുകണക്കിന് ചെരുപ്പുകൾ ചിതറിക്കിടക്കുന്ന ഒരു വലിയ കൂട്ടത്തിൽ നിന്ന് കാണാതായ സ്വന്തം ചെരുപ്പ് തപ്പിയെടുക്കുക എന്നത് ആർക്കും തലവേദനയുണ്ടാക്കുന്ന കാര്യമാണ്.
എന്നാൽ ആയിരത്തിലധികം ജോഡി ചെരുപ്പുകൾക്കിടയിൽ നിന്ന് തന്റെ കാണാതായ ഒരു ചെരുപ്പ് കണ്ടെത്താൻ കൈയ്യിലുള്ള സാങ്കേതികവിദ്യയെ വേറിട്ട രീതിയിൽ പ്രയോജനപ്പെടുത്തിയിരിക്കുകയാണ് ഒരു യുവാവ്.
മനുഷ്യർ നടത്തുന്ന തിരച്ചിലിന് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയായ ചാറ്റ്ജിപിടിയുടെ സഹായത്തോടെയാണ് അദ്ദേഹം മിനിറ്റുകൾക്കുള്ളിൽ തന്റെ പാദരക്ഷ തിരിച്ചറിഞ്ഞത്.
ശുഭാംഗ് ബോർക്കർ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ കൗതുകകരമായ സംഭവം പുറത്തറിയുന്നത്. ചെരുപ്പുകൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തിന്റെ ഒരു ചിത്രം പകർത്തി ചാറ്റ്ജിപിടിയിലേക്ക് അപ്ലോഡ് ചെയ്യുകയാണ് അദ്ദേഹം ആദ്യം ചെയ്തത്.
തുടർന്ന് ചിത്രത്തിൽ തന്റെ കാണാതായ ചെരുപ്പ് ഏത് ഭാഗത്താണ് ഉള്ളതെന്ന് കണ്ടെത്താൻ എഐയോട് ആവശ്യപ്പെട്ടു. ചിത്രത്തിലെ ദൃശ്യങ്ങൾ കൃത്യമായി വിശകലനം ചെയ്ത ചാറ്റ്ജിപിടി, ചെരുപ്പ് ഇരിക്കുന്ന കൃത്യമായ സ്ഥലം അടയാളപ്പെടുത്തി നൽകുകയും, ഓരോന്നായി തപ്പി സമയം കളയാതെ തന്നെ അത് വീണ്ടെടുക്കാൻ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു.
ഇൻസ്റ്റാഗ്രാമിൽ വൻ പ്രചാരം നേടിയ ഈ വീഡിയോ ഇതിനോടകം 20 ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്. സങ്കീർണമായ കോഡിംഗിനും എഴുത്തുകൾക്കുമായി മാത്രം ഉപയോഗിച്ചിരുന്ന എഐ സാങ്കേതികവിദ്യയെ ദൈനംദിന ജീവിതത്തിലെ ലളിതമായ ഒരു പ്രശ്നപരിഹാരത്തിന് ഉപയോഗിച്ചതിനെക്കുറിച്ചുള്ള രസകരമായ ചർച്ചകൾക്കാണ് ഇത് വഴിവെച്ചത്.
ആധുനിക കാലത്തെ കൊച്ചു കൊച്ചു പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് ഇത്തരം ഡിജിറ്റൽ പരിഹാരങ്ങൾ ഏറെ സമയം ലാഭിക്കാൻ സഹായിക്കുമെന്ന് ഒരുവിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നു. വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് മറ്റു ചിലരും രംഗത്തെത്തിയിട്ടുണ്ട്.
മുൻപൊരിക്കൽ വലിയൊരു പുസ്തകമേളയിലെ വലിയ ഷെൽഫുകൾക്കിടയിൽ നിന്ന് ആഗ്രഹിച്ച പുസ്തകം കണ്ടെത്താൻ ഇതേപോലെ ചിത്രം പകർത്തി എഐയുടെ സഹായം തേടിയ അനുഭവം ഒരു യുവതി പങ്കുവെക്കുകയുണ്ടായി.
സാധാരണ ഗവേഷണങ്ങൾക്കും ജോലി ആവശ്യങ്ങൾക്കും അപ്പുറത്തേക്ക്, മനുഷ്യന്റെ ദൈനംദിന ആവശ്യങ്ങളിൽ എഐ സാങ്കേതികവിദ്യ സ്വാധീനം ചെലുത്തുന്നതിന്റെ ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്.
Tech
സ്വന്തം പേഴ്സണൽ കമ്പ്യൂട്ടറുകളിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന പുതിയ 'മ്യൂസ് ഗ്ലിമ്മർ' എഐ മോഡൽ അവതരിപ്പിച്ച് മെറ്റാ.കൂടുതൽ ശക്തമായ എഐ സാങ്കേതികവിദ്യകൾ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കണമോ അതോ കർശന നിയന്ത്രണങ്ങളിൽ നിലനിർത്തണമോ എന്ന ആഗോള തലത്തിലെ ചർച്ചകൾക്ക് പുതിയ ഊർജ്ജം പകരുന്നതാണ് മെറ്റയുടെ ഈ നീക്കം.
30 ബില്ല്യൺ പാരാമീറ്ററുകളുള്ള മ്യൂസ് ഗ്ലിമ്മർ, സിസ്റ്റം ആവശ്യകതകൾ വളരെ കുറഞ്ഞ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ ഒരു സാധാരണ ഗ്രാഫിക്സ് കാർഡ് ഉപയോഗിച്ച് തന്നെ ഇത് കമ്പ്യൂട്ടറുകളിൽ പ്രവർത്തിപ്പിക്കാം. ദിവസേനയുള്ള ഷെഡ്യൂൾ മാനേജ്മെന്റ്, ഫയലുകൾ ക്രമീകരിക്കൽ തുടങ്ങിയ വ്യക്തിഗത എഐ ജോലികൾക്കായാണ് ഈ മോഡൽ പ്രധാനമായും ഉപയോഗിക്കുക. ഇത് ഹഗ്ഗിംഗ് ഫേസ് പ്ലാറ്റ്ഫോം വഴി സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
മോഡൽ പുറത്തിറക്കിയതിനൊപ്പം മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് പുറത്തുവിട്ട ലേഖനത്തിൽ എഐ സാങ്കേതികവിദ്യയെ സവിശേഷമായ നിയന്ത്രണങ്ങളിൽ നിർത്താൻ ആഗ്രഹിക്കുന്ന ഓപ്പൺ എഐ, ആന്ത്രോപിക് തുടങ്ങിയ എതിരാളികളുടെ നിലപാടുകളെ വിമർശിച്ചു.
എഐ സാങ്കേതികവിദ്യ ഏതാനും വൻകിട കമ്പനികളിലോ സർക്കാരുകളിലോ മാത്രം കേന്ദ്രീകരിക്കാതെ, ഓരോ വ്യക്തിക്കും അത് സ്വയം നിയന്ത്രിക്കാനുള്ള ശേഷി നൽകിക്കൊണ്ട് എല്ലാവർക്കും ലഭ്യമാകുന്ന "പേഴ്സണൽ സൂപ്പർഇന്റലിജൻസ്" നിർമിക്കുകയാണ് മെറ്റയുടെ ലക്ഷ്യമെന്ന് സക്കർബർഗ് വ്യക്തമാക്കി.
ചൈനീസ് സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള സൗജന്യ ഓപ്പൺ എഐ മോഡലുകൾ ഉയർത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാൻ അമേരിക്കൻ ഓപ്പൺ സോഴ്സ് മോഡലുകളാണ് ഏറ്റവും മികച്ചതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ ടെക് കമ്പനികൾ എഐ വികസനത്തിനായി ട്രില്യൺ കണക്കിന് ഡോളർ നിക്ഷേപിക്കുന്നതിനിടയിലാണ് സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോകുന്ന പുതിയ എഐ മോഡലുമായി മെറ്റ രംഗത്തെത്തിയിരിക്കുന്നത്.
Tech
ന്യൂഡൽഹി: ഗൂഗിൾ എർത്തിലെ സാറ്റ്ലൈറ്റ് ചിത്രങ്ങളിൽ മാറ്റം വരുത്താനും പുതിയ ദൃശ്യങ്ങൾ സൃഷ്ടിക്കാനുമായി അവതരിപ്പിച്ച പുതിയ എഐ ഫീച്ചർ മണിക്കൂറുകൾക്കകം പിൻവലിച്ച് ഗൂഗിൾ. 'നാനോ ബനാന 2' എന്ന എഐ മോഡൽ ഉപയോഗിച്ച് ഉപയോക്താക്കൾ വ്യാപകമായി വ്യാജവും അപകീർത്തികരവുമായ ദുരന്ത ചിത്രങ്ങൾ നിർമിച്ച് പ്രചരിപ്പിച്ചതിനെ തുടർന്നാണ് കമ്പനിയുടെ ഈ അടിയന്തര നടപടി.
ഒരു പ്രോംപ്റ്റ് നൽകിയാൽ ഗൂഗിൾ എർത്തിലെ ചിത്രങ്ങൾ മാറ്റിമറിക്കാൻ സാധിക്കുന്നതായിരുന്നു ഈ ഫീച്ചർ. എന്നാൽ ഇത് ഉപയോഗിച്ച് ഗാസയിലെ ബോംബ് സ്ഫോടനങ്ങൾ, ഇറാനിലെ ആണവനിലയം, വിമാനാപകടങ്ങൾ, അമേരിക്കൻ അതിർത്തിയിലെ അഭയാർഥി പ്രവാഹം തുടങ്ങിയ തരത്തിലുള്ള യഥാർഥമെന്ന് തോന്നിപ്പിക്കുന്ന വ്യാജ ചിത്രങ്ങളാണ് നെറ്റിസൺസ് നിർമിച്ചു കൂട്ടിയത്. ഇത് തെറ്റായ വിവരങ്ങൾ പ്രചരിക്കാൻ കാരണമാകുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി.
രണ്ട് പതിറ്റാണ്ടുകൊണ്ട് ലോകം വിശ്വസിക്കുന്ന ഒരു ഭൂപട പ്ലാറ്റ്ഫോമായി വളർന്ന ഗൂഗിൾ എർത്തിൽ വ്യാജ ചിത്രങ്ങൾ ഉണ്ടാക്കാനുള്ള ബട്ടൺ നൽകിയത് വലിയ വിമർശനത്തിന് വഴിവെച്ചു. എഐ നിർമിത ചിത്രങ്ങൾ കണ്ടെത്താൻ 'സിന്ത് ഐഡി' വാട്ടർമാർക്ക് ഉണ്ടെന്ന് ഗൂഗിൾ വ്യക്തമാക്കിയെങ്കിലും, പല ചിത്രങ്ങളിലും ഇത് കൃത്യമായി പ്രവർത്തിച്ചില്ല.
വ്യാജ ചിത്രങ്ങൾ ഗൂഗിളിന്റെ നയങ്ങൾക്ക് വിരുധമാണെന്നും കൂടുതൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നിർമിക്കുന്നത് വരെ ഈ ഫീച്ചർ താത്ക്കാലികമായി പിൻവലിക്കുകയാണെന്നും ഗൂഗിൾ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഗവേഷകർക്കും സാധാരണക്കാർക്കും ലോകത്തിന്റെ കൃത്യമായ ദൃശ്യങ്ങൾ നൽകുന്നതിൽ ഗൂഗിൾ എർത്തിനുള്ള വിശ്വാസ്യത നിലനിർത്താനാണ് ഈ തീരുമാനമെന്ന് കമ്പനി കൂട്ടിച്ചേർത്തു.
Tech
ന്യൂഡൽഹി: ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് തങ്ങളുടെ ഏറ്റവും പുതിയ എഐ വീഡിയോ ജനറേഷൻ മോഡലായ 'സീഡാൻസ് 2.5' പുറത്തിറക്കി. മുൻ പതിപ്പായ സീഡാൻസ് 2.0യെ അപേക്ഷിച്ച് മികച്ച ഫീച്ചറുകളും കൂടുതൽ റഫറൻസ് സാമഗ്രികൾ (ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ) ഉപയോഗിക്കാനുള്ള ശേഷിയും നൽകിയാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്.
തങ്ങളുടെ പുതിയ മോഡലിന്റെ കരുത്ത് വ്യക്തമാക്കുന്ന നാല് മിനിറ്റും 22 സെക്കൻഡും ദൈർഘ്യമുള്ള ഉയർന്ന നിലവാരമുള്ള എഐ വീഡിയോ കമ്പനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ സീഡാൻസ് 2.0 പതിപ്പിൽ 12 റഫറൻസ് ഫയലുകൾ മാത്രം നൽകാൻ സാധിച്ചിരുന്ന സ്ഥാനത്ത്, പുതിയ 2.5 പതിപ്പിൽ 30 ചിത്രങ്ങൾ, 10 വീഡിയോ ക്ലിപ്പുകൾ, 10 ഓഡിയോ ക്ലിപ്പുകൾ എന്നിവ ഒറ്റ പ്രോംപ്റ്റിൽ തന്നെ നൽകാനാകും.
കൂടുതൽ റഫറൻസുകൾ നൽകുന്നതിലൂടെ ഉപയോക്താവ് മനസിൽ കരുതുന്ന അതേ രീതിയിൽ തന്നെ ചിത്രീകരണവും ദൃശ്യങ്ങളും പുനഃസൃഷ്ടിക്കാൻ എഐക്ക് സാധിക്കും.വീഡിയോകളുടെ ദൈർഘ്യത്തിലാണ് മറ്റൊരു പ്രധാന മാറ്റം വന്നിരിക്കുന്നത്. മുൻ മോഡലിന് 15 സെക്കൻഡ് വരെയുള്ള വീഡിയോകൾ മാത്രമേ നിർമിക്കാൻ സാധിച്ചിരുന്നുള്ളൂ എങ്കിൽ, സീഡാൻസ് 2.5ന് 30 സെക്കൻഡ് ദൈർഘ്യമുള്ള എഐ വീഡിയോകൾ നിർമിക്കാനാകും.
കൂടാതെ 'ടൈംസ്റ്റാമ്പ്-ലെവൽ കൺട്രോൾ' സൗകര്യമുള്ളതിനാൽ ശബ്ദവും ദൃശ്യങ്ങളും കൃത്യതയോടെ മാറ്റിയെഴുതാനും തിരുത്താനും സാധിക്കും.നിലവിൽ ജിമെങ് എഐ , ഡൗബാവോ പ്രോ എന്നിവ വഴി സീഡാൻസ് 2.5 ലഭ്യമാണ്. അലിബാബയുടെ 'വാൻ', ക്വായ്ഷോയുടെ 'ക്ലിംഗ്' തുടങ്ങിയ ചൈനീസ് എഐ മോഡലുകളുമായി നേരിട്ട് മത്സരിക്കുന്ന സീഡാൻസ് 2.5, സാധാരണ കണ്ടന്റ് ക്രിയേറ്റർമാർക്കും സിനിമ, പരസ്യ മേഖലയിലുള്ള പ്രൊഫഷണലുകൾക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന തരത്തിലാണ് സീഡാൻസിന്റെ രൂപകല്പന.
Tech
സാൻ ഫ്രാൻസിസ്കോ: സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന ഗുണനിലവാരമില്ലാത്ത ഉള്ളടക്കങ്ങൾ അഥവാ എഐ സ്ലോപ്പ്, വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പുതിയ ഫീച്ചറുമായി തൊഴിൽ അധിഷ്ഠിത സോഷ്യൽ നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ.
സ്വന്തം ഫീഡുകളിൽ എഐ നിർമിതമെന്ന് സംശയിക്കുന്ന പോസ്റ്റുകൾ കണ്ടാൽ അവ ഇനി ഉപയോക്താക്കൾക്ക് തന്നെ ഫ്ലാഗ് ചെയ്ത് ഒഴിവാക്കാം. ഉപയോക്താവ് ഒരു പോസ്റ്റ് 'എഐ സ്ലോപ്പ്' ആയി മാർക്ക് ചെയ്താൽ, അത് പിന്നീട് അവരുടെ ഫീഡിൽ കാണിക്കില്ല. കൂടാതെ, പോസ്റ്റ് ചെയ്ത വ്യക്തിയുടെ അക്കൗണ്ട് ഡാഷ്ബോർഡ് വഴി "പോസ്റ്റ് വ്യാജമാണെന്ന് തോന്നാം" എന്ന മുന്നറിയിപ്പ് സ്വകാര്യമായി നൽകുന്ന രീതിയും ലിങ്ക്ഡ്ഇൻ പരീക്ഷിക്കും.
"ഉള്ളടക്കത്തിന്റെ ഗുണനിലവാരം വിലയിരുത്താനോ റേറ്റ് ചെയ്യാനോ ലിങ്ക്ഡ്ഇൻ ആഗ്രഹിക്കുന്നില്ല. എഐ ഡിറ്റക്ടറുകൾ വഴി പരിശോധിച്ച് തെറ്റായ നിഗമനങ്ങളിൽ എത്തുന്നതിന് പകരം, മനുഷ്യരുടെ യഥാർഥ പ്രതികരണങ്ങളിലൂടെ തന്നെ പോസ്റ്റുകളുടെ സുതാര്യത ഉറപ്പാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്," ലിങ്ക്ഡ്ഇൻ ചീഫ് പ്രൊഡക്റ്റ് ഓഫീസർ ഹരി ശ്രീനിവാസൻ വ്യക്തമാക്കി.
ചാറ്റ് ജിപിടി, ക്ലോഡ് , സീഡാൻസ് 2.0 തുടങ്ങിയ എഐ ടൂളുകളുടെ വരവോടെ ഇൻസ്റ്റാഗ്രാം, ടിക് ടോക് എന്നിവയ്ക്ക് സമാനമായി ലിങ്ക്ഡ്ഇനിലും എഐ പോസ്റ്റുകൾ വൻതോതിൽ വർധിച്ചിരുന്നു.വ്യക്തിഗത അനുഭവങ്ങൾക്കും കരിയർ ഉപദേശങ്ങൾക്കും പ്രാധാന്യം നൽകുന്ന ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഇത്തരം എഐ 'വേസ്റ്റുകൾ' ഉപയോക്താക്കളെ അലോസരപ്പെടുത്തുന്നുണ്ട്.
പാൻഗ്രാം എന്ന റിസർച്ച് ഏജൻസിയുടെ പുതിയ റിപ്പോർട്ട് പ്രകാരം സോഷ്യൽ മീഡിയയിലെ നാലിൽ ഒന്ന് ദൈർഘ്യമേറിയ പോസ്റ്റുകളും എഐ നിർമിതമാണ്. ഇതിൽ മൂന്നിൽ രണ്ട് ഭാഗവും ലിങ്ക്ഡ്ഇനിലാണ് പ്രത്യക്ഷപ്പെടുന്നത്.
പുതിയ മാറ്റങ്ങളുടെ ഭാഗമായി, പോസ്റ്റുകൾ തയ്യാറാക്കുമ്പോൾ ഉണ്ടായിരുന്ന എൻഹാൻസ് വിത്ത് എഐ എന്ന ഓപ്ഷൻ ലിങ്ക്ഡ്ഇൻ നീക്കം ചെയ്തു. ഇതിന് പകരം ഉള്ളടക്കം മാറ്റാതെ വ്യാകരണ തിരുത്തലുകൾ മാത്രം വരുത്തുന്ന പുതിയ പ്രൂഫ് റീഡിംഗ് ഫീച്ചർ ലിങ്ക്ഡ്ഇൻ അവതരിപ്പിക്കും.
Tech
നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി നിർദ്ദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ സ്വയം ചെയ്തുതീർക്കുന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റായ 'ജെമിനി സ്പാർക്ക്' ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചു.
ഫോൺ ലോക്ക് ചെയ്തിരിക്കുമ്പോഴോ ലാപ്ടോപ്പ് ഓഫാക്കിയിരിക്കുമ്പോഴോ പോലും ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ച് ദൈനംദിന ജോലികൾ പൂർത്തിയാക്കാൻ ഈ എഐ ഏജന്റിന് സാധിക്കും. ഗൂഗിൾ എഐ പ്രോ, എഐ അൾട്രാ വരിക്കാർക്കാണ് വരും ആഴ്ചകളിൽ ഈ സേവനം ലഭ്യമാകുന്നത്.
സാധാരണ ചാറ്റ്ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ഓരോ തവണയും ഉപഭോക്താവ് ഓർമിപ്പിക്കേണ്ട ആവശ്യമില്ലാതെ പശ്ചാത്തലത്തിൽ സ്വയം പ്രവർത്തിക്കാൻ ജെമിനി സ്പാർക്കിന് സാധിക്കും.
ജീമെയിലിൽ എത്തുന്ന ഫ്ലൈറ്റ് ടിക്കറ്റ് വിവരങ്ങൾ ഗൂഗിൾ ഷീറ്റിലെ യാത്രാ പ്ലാനിലേക്ക് സ്വയം കൂട്ടിച്ചേർക്കും.ഉപഭോക്താക്കളുടെ സന്ദേശങ്ങൾ പരിശോധിച്ച് റിപ്ലൈ ഡ്രാഫ്റ്റുകൾ തയ്യാറാക്കി നൽകാനും കല്യാണക്ഷണങ്ങളുടെ മറുപടികൾ ശേഖരിച്ച് വിവരങ്ങൾ ക്രമീകരിക്കാനും കഴിയും.
വെള്ളിയാഴ്ചകളിൽ ലോക്കൽ ഈവന്റുകൾ കണ്ടെത്തി അനുയോജ്യമായ വിനോദ പരിപാടികൾ കലണ്ടറിൽ രേഖപ്പെടുത്തും. ഉപയോഗിക്കാത്ത സബ്സ്ക്രിപ്ഷനുകൾ, വിലവർധനവുകൾ, ട്രയൽ കാലാവധി കഴിയുന്നത് എന്നിവ ഓർമിപ്പിക്കുകയും വേണ്ടിവന്നാൽ റദ്ദാക്കാനുള്ള മെയിലുകൾ ഡ്രാഫ്റ്റ് ചെയ്യുകയും ചെയ്യും.
ഗൂഗിളിന്റെ അത്യാധുനിക ജെമിനി 3.6 ഫ്ലാഷ് എഐ മോഡലിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം പൂർണമായും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ഡിവൈസുകൾ ഓഫായാലും പണി തുടരാൻ സാധിക്കുന്നത്.
ഏതൊക്കെ ആപ്പുകൾ എഐക്ക് ആക്സസ് ചെയ്യാം എന്നത് ഉപഭോക്താക്കൾക്ക് തീരുമാനിക്കാം. ഇമെയിലുകൾ അയക്കുകയോ പണമിടപാടുകൾ നടത്തുകയോ പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് എഐ ഉപഭോക്താവിന്റെ അനുമതി തേടുമെന്ന് ഗൂഗിൾ വ്യക്തമാക്കി.
Tech
കലിഫോർണിയ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ആതിപത്യത്തിനായി കോടികൾ നിക്ഷേപിച്ച് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്. ഡാറ്റാ സെന്ററുകൾ പുതിയ ചിപ്പുകൾ, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായുള്ള ഭീമമായ ചിലവഴിക്കൽ കാരണം കമ്പനിയുടെ ചരിത്രത്തിലാദ്യമായി സൗജന്യ പണലഭ്യത നെഗറ്റീവ് ആയി മാറി.
2026 സാമ്പത്തിക വർഷത്തിലെ മൊത്തം മൂലധന ചെലവ് 195 ബില്യൺ മുതൽ 205 ബില്യൺ ഡോളർ വരെയായി ഉയരുമെന്നും കമ്പനി അറിയിച്ചു. ഇതോടെ ആൽഫബെറ്റിന്റെ ഓഹരി മൂല്യത്തിൽ 3.5 ശതമാനത്തിന്റെ ഇടിവുണ്ടായി.
എഐ പോരാട്ടത്തിൽ മൈക്രോസോഫ്റ്റ്, മെറ്റാ, ആമസോൺ തുടങ്ങിയ വൻകിട കമ്പനികളോട് മത്സരിക്കാനാണ് ഗൂഗിളിന്റെ ഈ വൻ നിക്ഷേപം. എന്നാൽ ഭീമമായ ചെലവഴിക്കലിനിടയിലും ഗൂഗിൾ ക്ലൗഡ് ബിസിനസിൽ 82 ശതമാനത്തിന്റെ മികച്ച വരുമാന വളർച്ച (24.8 ബില്യൺ ഡോളർ) നേടാൻ കമ്പനിക്കായി. ക്ലൗഡ് സേവനങ്ങൾക്കും ഗൂഗിളിന്റെ സ്വന്തം 'ടെൻസർ പ്രൊസസിംഗ് യൂണിറ്റ്' ചിപ്പുകൾക്കും വലിയ ആവശ്യക്കാരാണുള്ളത്.
അതേസമയം, ഗൂഗിളിന്റെ പ്രധാന എഐ മോഡലായ 'ജെമിനി 3.5 പ്രോ'യുടെ റിലീസ് വൈകുന്നത് ഓപ്പൺ എഐ പോലുള്ള എതിരാളികൾക്ക് മുന്നിൽ തിരിച്ചടിയാകുമോ എന്ന ആശങ്ക നിക്ഷേപകർക്കുണ്ട്. എങ്കിലും അടുത്ത തലമുറ എഐ മോഡലായ 'ജെമിനി 4'ന്റെ പരിശീലനം ആരംഭിച്ചതായും സാങ്കേതിക മുന്നേറ്റത്തിൽ ഗൂഗിൾ പൂർണ ആത്മവിശ്വാസത്തിലാണെന്നും സിഇഒ സുന്ദർ പിച്ചൈ വ്യക്തമാക്കി.
Tech
ഉപഭോക്താക്കൾക്ക് അവരുടെ സ്വന്തം എഐ വീഡിയോകളിൽ സ്വയം കഥാപാത്രങ്ങളാകാൻ അവസരമൊരുക്കി ഗൂഗിൾ. തങ്ങളുടെ എഐ അധിഷ്ഠിത വീഡിയോ നിർമാണ ടൂളായ 'ഗൂഗിൾ വിഡ്സ്' ൽ വരുത്തിയ ഏറ്റവും പുതിയ അപ്ഡേറ്റിലൂടെയാണ് ഈ സൗകര്യം ലഭ്യമാക്കുക.
ഉപഭോക്താക്കൾ അപ്ലോഡ് ചെയ്യുന്ന ഒരു സെൽഫിയും ശബ്ദരേഖയും വിശകലനം ചെയ്ത്, അവരെപ്പോലെ തന്നെ കാണപ്പെടുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു 'ഡിജിറ്റൽ അവതാർ' നിർമിക്കാൻ ഇനി ഗൂഗിൾ വിഡ്സിലൂടെ സാധിക്കും. ഓപ്പൺ എഐയുടെ വീഡിയോ ജനറേഷൻ ടൂളായ 'സോറ' പ്രവർത്തനം നിർത്തിയ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ ഈ നിർണായക നീക്കം.
ഈ അപ്ഡേറ്റിനൊപ്പം ഗൂഗിൾ തങ്ങളുടെ മൾട്ടി-മോഡൽ എഐ മോഡലായ 'ജെമിനി ഒമ്നി' വിഡ്സിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. ഉപഭോക്താക്കൾ നൽകുന്ന എഴുതിയ നിർദ്ദേശങ്ങളും ചിത്രങ്ങളും ഒന്നിപ്പിച്ച് മികച്ച എഐ വീഡിയോകൾ നിർമിക്കാൻ ജെമിനി ഒമ്നിക്ക് സാധിക്കും.
മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോകളുടെ പശ്ചാത്തലം മാറ്റാനും, വെളിച്ചം ക്രമീകരിക്കാനും , പുതിയ ഇഫക്റ്റുകൾ നൽകാനും ഈ ഫീച്ചർ സഹായിക്കും. ഒരു വീഡിയോയിൽ മാറ്റങ്ങൾ വരുത്താൻ ഇനി ആദ്യം മുതൽ ചെയ്യേണ്ടതില്ല. പടിപടിയായി ആവശ്യമുള്ള ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്യാനുള്ള സൗകര്യവും ഒമ്നി നൽകുന്നുണ്ട്.
ഓഫീസ് ആവശ്യങ്ങൾക്കായുള്ള ഒരു പ്രസന്റേഷൻ ടൂൾ എന്ന നിലയിലാണ് ഗൂഗിൾ വിഡ്സ് ആദ്യം അവതരിപ്പിക്കപ്പെട്ടതെങ്കിലും, പുതിയ അപ്ഡേറ്റുകളോടെ ഇതൊരു സമ്പൂർണ വീഡിയോ നിർമാണ പ്ലാറ്റ്ഫോമായി മാറിയിരിക്കുകയാണ്. കമ്പനികളിലെ ജീവനക്കാർക്കുള്ള പരിശീലന വീഡിയോകൾക്കും ഔദ്യോഗിക അറിയിപ്പുകൾക്കുമായി ഗൂഗിൾ വർക്ക്സ്പേസിന്റെ ഭാഗമായി ഈ ടൂൾ ഉപയോഗിക്കാം.
അതോടൊപ്പം തന്നെ വ്യക്തിഗത അവതാറുകൾ സൃഷ്ടിക്കാനുള്ള സൗകര്യം നിലവിലുള്ള ഹേജെൻ , സിന്തേഷ്യ, ക്യാപ്ഷൻസ് തുടങ്ങിയ മുൻനിര എഐ സ്റ്റാർട്ടപ്പുകളോട് മത്സരിക്കാൻ ഗൂഗിളിനെ സഹായിക്കും. വ്യാജ എഐ വീഡിയോകൾ തടയുന്നതിനായി കർശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് ഗൂഗിൾ ഒരുക്കിയിട്ടുള്ളത്.
ഓരോ വ്യക്തിഗത അവതാറും അതാത് ഉപഭോക്താവിന്റെ ഗൂഗിൾ അക്കൗണ്ടുമായി കൃത്യമായി ബന്ധിപ്പിച്ചിരിക്കും.വ്യാജ വീഡിയോകൾ തിരിച്ചറിയാൻ ഇവയിൽ തരംതിരിച്ചറിയാനാകാത്ത വിധം ഇൻവിസിബിൾ വാട്ടർമാർക്ക് ഉൾപ്പെടുത്തിയിട്ടുണ്ടാകും. ഈ പുതിയ ഫീച്ചർ 18 വയസിന് മുകളിലുള്ളവർക്ക് ചില പ്രത്യേക രാജ്യങ്ങളിൽ മാത്രമായിരിക്കും ആദ്യ ഘട്ടത്തിൽ ലഭ്യമാവുക.
Tech
മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ തങ്ങളുടെ പ്രീമിയം ഉപയോക്താക്കൾക്കായി പുത്തൻ എഐ അസിസ്റ്റന്റ് ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇനി മുതൽ ഉപയോക്താക്കൾക്ക് സ്പോട്ടിഫൈ ആപ്പുമായി നേരിട്ട് സംസാരിക്കാനും തങ്ങൾക്ക് ആവശ്യമുള്ള പാട്ടുകൾ, പോഡ്കാസ്റ്റുകൾ, ഓഡിയോബുക്കുകൾ എന്നിവ തെരഞ്ഞെടുക്കാനും സാധിക്കും.
ആപ്പിലെ ഹോം സ്ക്രീൻ, നൗ പ്ലെയിംഗ് സ്ക്രീൻ എന്നിവയിൽ നിന്ന് ലഭ്യമാകുന്ന ഈ ഫീച്ചർ ഒരു പേഴ്സണൽ ഓഡിയോ അസിസ്റ്റന്റിനെപോലെയാണ് പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾക്ക് ടൈപ്പ് ചെയ്തോ സംസാരിച്ചോ നിർദ്ദേശങ്ങൾ നൽകാനും, ഫോളോ-അപ്പ് ചോദ്യങ്ങളിലൂടെ കൂടുതൽ കൃത്യമായി ഫലങ്ങൾ ലഭിക്കാനും ഇത് സഹായിക്കും.
ഈ പുതിയ എഐ അസിസ്റ്റന്റ് ഉപയോക്താക്കൾക്ക് പുതിയ ഗായകരുടെ പാട്ടുകൾ കണ്ടെത്താനാകും. പാട്ടുകളുടെ വേഗത കൂട്ടാനോ, പുതിയ റിലീസുകൾ മാത്രമായി ചുരുക്കാനോ തുടർന്നുള്ള നിർദ്ദേശങ്ങളിലൂടെ ആവശ്യപ്പെടാം. ഇതുകൂടാതെ നിലവിൽ പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന പാട്ടിന്റെ റിലീസ് വർഷം, ജോണർ, അതിന് പിന്നിലെ പ്രചോദനം എന്നിവ ചോദിച്ചറിയാനും സാധിക്കും.
പാട്ടുകൾ സേവ് ചെയ്യാനും, ക്യൂവിലേക്ക് ചേർക്കാനും, പുതിയ ആർട്ടിസ്റ്റുകളെ ഫോളോ ചെയ്യാനും വെറുതെ സംസാരിച്ചുകൊണ്ട് തന്നെ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പാട്ടുകൾക്ക് പുറമെ പോഡ്കാസ്റ്റുകൾക്കും ഓഡിയോബുക്കുകൾക്കും ഈ ഫീച്ചർ ബാധകമാണ്. ഒരു പ്രത്യേക എഴുത്തുകാരന്റെ മറ്റ് പുസ്തകങ്ങൾ കണ്ടെത്താനോ, ഒരേ അതിഥി പങ്കെടുത്ത വിവിധ പോഡ്കാസ്റ്റ് എപ്പിസോഡുകൾ തെരയാനോ ഇത് സഹായിക്കും.
ഉപയോക്താക്കളുടെ മുൻകാല ലിസണിംഗ് ഹിസ്റ്ററി പരിശോധിക്കാൻ കഴിയുന്നതിനാൽ, ഒരു പ്രത്യേക ഗാനം ആദ്യമായി എപ്പോഴാണ് പ്ലേ ചെയ്തതെന്നോ, ഈ അടുത്തിടെ ഏറ്റവും കൂടുതൽ കേട്ട ജോണറുകൾ ഏതാണെന്നോ കൃത്യമായി പറഞ്ഞുതരാൻ ഈ എഐക്ക് സാധിക്കും.
സ്പോട്ടിഫൈ ആദ്യമായല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പിൽ പരീക്ഷിക്കുന്നത്. ഉപയോക്താക്കളുടെ താല്പര്യത്തിനനുസരിച്ച് പാട്ടുകൾ തെരഞ്ഞെടുക്കുകയും ഒരു എഐ വോയ്സ് വഴി അവ അവതരിപ്പിക്കുകയും ചെയ്യുന്ന ‘എഐ ഡിജെ’ ഇതിനകം തന്നെ ശ്രദ്ധേയമാണ്.
കൂടാതെ, എഴുതി നൽകുന്ന മൂഡിനും ആക്റ്റിവിറ്റിക്കും അനുസരിച്ച് പ്ലേലിസ്റ്റുകൾ തയാറാക്കി നൽകുന്ന ‘എഐ പ്ലേലിസ്റ്റ്’ ഫീച്ചറും സ്പോട്ടിഫൈ മുൻപ് അവതരിപ്പിച്ചിട്ടുണ്ട്. ഈ പരമ്പരയിലെ ഏറ്റവും പുതിയ സംഭാഷണ എഐ ഫീച്ചർ പ്രീമിയം ഉപയോക്താക്കൾക്കായി ഘട്ടംഘട്ടമായാണ് സ്പോട്ടിഫൈ ലഭ്യമാക്കി തുടങ്ങുക.
International
വത്തിക്കാൻ സിറ്റി: ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയും ആണവായുധങ്ങൾ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി വത്തിക്കാന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു.
മാർപാപ്പയുടെ റോമിന് പുറത്തെ വേനൽക്കാല വസതിയായ കസ്തേൽ ഗോണ്ടോൾഫോയിലെ ലൗദാത്തോ സി ഉദ്യാനത്തിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ ആഗോള സമ്മേളനം നടക്കുന്നത്.
ലെയോ പതിനാലാമൻ മാർപാപ്പയുടെ ‘മാഞ്ഞിഫിക്ക ഹുമാനിത്താസ്’എന്ന ചാക്രിക ലേഖനത്തിൽനിന്നുള്ള ആശയങ്ങൾ ഉൾക്കൊണ്ടാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ മനുഷ്യന്റെ അന്തസും സുരക്ഷയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ചാക്രിക ലേഖനം ഊന്നിപ്പറയുന്നത്.
മുപ്പതോളം നൊബേൽ സമ്മാന ജേതാക്കൾ, മുൻ രാഷ്ട്രത്തലവന്മാർ, പ്രമുഖ സർവകലാശാലകളിലെ പ്രതിനിധികൾ എന്നിവർക്കൊപ്പം ഓപ്പൺ എഐ, ഗൂഗിൾ ഡീപ് മൈൻഡ്, ആന്ത്രോപിക് തുടങ്ങിയ പ്രമുഖ എഐ കമ്പനികളിൽനിന്നുള്ള സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ ഇരുനൂറിലധികം പേർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ആർട്ടിഫിഷൽ ഇന്റലിജൻസ് അനിയന്ത്രിതമായി സൈനിക ആവശ്യങ്ങൾക്കും ആണവായുധങ്ങൾക്കുമായി ഉപയോഗിക്കുന്നത് തടയുക, മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകുന്ന ഡിജിറ്റൽ നിയമങ്ങൾ രൂപീകരിക്കുക എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. സമാപനദിനമായ ഇന്ന് അന്താരാഷ്ട്ര സഹകരണവും സമാധാനവും ലക്ഷ്യമിട്ടുകൊണ്ടുള്ള ‘റോം പ്രഖ്യാപനം’ പുറത്തിറക്കും.
National
ന്യൂഡൽഹി: കേന്ദ്ര മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും തങ്ങളുടെ സൈബർ സുരക്ഷാ പ്രവർത്തനങ്ങൾക്കായി ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ വിദേശ കമ്പനികളുടെ നിർമിതബുദ്ധി മോഡലുകൾ ഉപയോഗിക്കുന്നത് താത്കാലികമായി നിർത്തിവെക്കാൻ ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഏജൻസി നിർദേശം നൽകി. സുരക്ഷാ ഭീഷണികളും ഡാറ്റാ സ്വകാര്യതയും കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനം.
വിദേശ കമ്പനികളുടെ മോഡലുകളിൽ സർക്കാർ വിവരങ്ങൾ കൈമാറുമ്പോൾ അത്യാവശ്യമായ സുരക്ഷാ ഉറപ്പുകൾ ലഭിക്കുന്നില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. തന്ത്രപ്രധാനമായ സർക്കാർ രേഖകൾ ഈ മോഡലുകൾ ഉപയോഗിച്ച് വിശകലനം ചെയ്യുന്നത് വിവരച്ചോർച്ചയ്ക്ക് ഇടയാക്കിയേക്കാമെന്നും നിർണായകമായ സൈബർ സുരക്ഷാ സംവിധാനങ്ങൾ വിദേശ അൽഗോരിതങ്ങളെ ആശ്രയിക്കുന്നത് രാജ്യത്തിന്റെ ഡിജിറ്റൽ പരമാധികാരത്തിന് ഭീഷണിയാണെന്നും സർക്കാർ കരുതുന്നു.
എഐ മോഡലുകൾക്ക് പിഴവുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ, അതീവ പ്രാധാന്യമുള്ള സൈബർ സുരക്ഷാ മേഖലകളിൽ ഇവ ഉപയോഗിക്കുന്നത് അപകടകരമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. വിദേശ മോഡലുകൾക്ക് പകരം തദ്ദേശീയമായി വികസിപ്പിച്ചെടുത്തതോ വിശ്വസനീയമായ സുരക്ഷാ സംവിധാനങ്ങളോ മാത്രം ഉപയോഗിക്കാനാണ് വകുപ്പുകളോട് ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്.
സർക്കാർ ഡിജിറ്റൽ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള ഡിജിറ്റൽ ആക്രമണങ്ങളെ പ്രതിരോധിക്കാനുമാണ് മന്ത്രാലയം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെതിരെയല്ല, മറിച്ച് അതിന്റെ സുരക്ഷിതമല്ലാത്ത ഉപയോഗത്തിനെതിരെയാണ് ഈ ജാഗ്രതാ നിർദേശമെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
Tech
ചിത്രങ്ങൾ നിർമിക്കുന്നതും എഡിറ്റ് ചെയ്യുന്നതും കൂടുതൽ എളുപ്പമാക്കാൻ മെറ്റാ തങ്ങളുടെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇമേജ് ജനറേറ്റർ പുറത്തിറക്കി. എന്നാൽ, ഈ പുതിയ ഫീച്ചർ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരിക്കുകയാണ്. ഈ ടൂൾ ആരുടെ ചിത്രങ്ങളാണ് ഉപയോഗിക്കുക എന്നതിനെച്ചൊല്ലിയുള്ള ചൂടേറിയ തർക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് 'മ്യൂസ് ഇമേജ്' മെറ്റാ അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് പുതിയ ചിത്രങ്ങൾ നിർമിക്കാനും നിലവിലുള്ളവ എഡിറ്റ് ചെയ്യാനും, മെറ്റായുടെ പ്ലാറ്റ്ഫോമുകൾക്കുള്ളിൽ തന്നെ എഐ പരസ്യങ്ങൾ നിർമിക്കാനും ഇതിലൂടെ സാധിക്കും.
എന്നാൽ, ഇൻസ്റ്റാഗ്രാമിലെ പബ്ലിക് പ്രൊഫൈലുകളിലുള്ള ചിത്രങ്ങൾ വെറുതെ ടാഗ് ചെയ്തുകൊണ്ട് മാത്രം, മറ്റുള്ളവർക്ക് പുതിയ എഐ ചിത്രങ്ങൾ നിർമിക്കാൻ ഈ ഫീച്ചർ അനുവാദം നൽകുന്നു എന്നതാണ് ഇതിലെ വില്ലൻ.
ഈ പുതിയ സംവിധാനം വ്യക്തിഗത സുരക്ഷയെയും സ്വകാര്യതയെയും കുറിച്ച് ആശങ്കപ്പെടുന്നവരിലും സാധാരണ ഉപയോക്താക്കളിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തങ്ങൾ പബ്ലിക്കായി പങ്കുവെക്കുന്ന ചിത്രങ്ങൾ പൂർണമായി അപരിചിതരായ ആളുകൾക്ക് പോലും എഐ ചിത്രങ്ങൾ നിർമിക്കാൻ ഉപയോഗിക്കാം എന്ന കാര്യത്തെക്കുറിച്ച് ഭൂരിഭാഗം പേരും ബോധവാന്മാരല്ലെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
നമ്മുടെ ചിത്രങ്ങൾ ഇങ്ങനെ ഉപയോഗിക്കുന്നത് തടയാൻ സാധിക്കുമോ എന്നുള്ള ചോദ്യങ്ങളാണ് ഉപയോക്താക്കൾ ഉയർത്തുന്നത്. എന്നാൽ അതിനായി നമ്മൾ ഇൻസ്റ്റാഗ്രാമിലെ ഒരു സെറ്റിംഗ്സ് സ്വയം മാറ്റേണ്ടതുണ്ട്.
മ്യൂസ് ഇമേജ് എഐ നിങ്ങളുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് എങ്ങനെ തടയാം?
തങ്ങളുടെ എഐ ഫീച്ചറുകൾക്കായി പബ്ലിക് ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ ഉപയോഗിക്കുന്നത് തടയാൻ ഉപയോക്താക്കൾക്ക് അവസരമുണ്ടെന്ന് മെറ്റാ വ്യക്തമാക്കുന്നു. ഇതിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക:
നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ തുറക്കുക, മുകളിൽ വലതുവശത്തുള്ള മൂന്ന് വരകളിൽ ടാപ്പ് ചെയ്യുക, താഴേക്ക് സ്ക്രോൾ ചെയ്ത് 'ഷെയറിംഗ് ആൻഡ് റീയൂസ്' എന്ന ഭാഗം തെരഞ്ഞെടുക്കുക, അതിൽ 'അലൗ പീപ്പിൾ ടു യൂസ് യുവർ കണ്ടന്റ് ഓൺ ഇൻസ്റ്റാഗ്രാം വിത്ത് എഐ ഫീച്ചർസ് ഓൺ മെറ്റാ' എന്നത് തെരഞ്ഞെടുക്കുക, പോസ്റ്റുകൾക്കും റീലുകൾക്കും വേണ്ടിയുള്ള ഈ സെറ്റിംഗ്സ് ഓഫ് ചെയ്യുക.
ഇത് ഓഫ് ചെയ്യുന്നതോടെ നിങ്ങളുടെ പബ്ലിക് ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ മെറ്റായുടെ ഈ പ്രത്യേക എഐ ഫീച്ചറിനായി ലഭ്യമാകില്ല. ഇത് പ്രധാനമായും പബ്ലിക് പ്രൊഫൈൽ ഉള്ളവർക്ക് വേണ്ടിയുള്ളതാണ്. പ്രൈവറ്റ് അക്കൗണ്ടുകളെയും 18 വയസിന് താഴെയുള്ളവരുടെ അക്കൗണ്ടുകളെയും ഈ ഫീച്ചറിൽ നിന്ന് മെറ്റാ സ്വയം ഒഴിവാക്കിയിട്ടുണ്ട്.
മ്യൂസ് ഇമേജ് നിരവധി ക്രിയേറ്റീവ് ടൂളുകൾ നൽകുന്നുണ്ടെങ്കിലും, ഈ പ്രത്യേക സംവിധാനമാണ് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായത്. മറ്റൊരാളുടെ പബ്ലിക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് റഫറൻസ് ചെയ്തുകൊണ്ട് ഉപയോക്താക്കൾക്ക് എഐ ചിത്രങ്ങൾ നിർമിക്കാൻ കഴിയും.
ഒരാളുടെ പബ്ലിക് ചിത്രങ്ങൾ മറ്റൊരാൾ എഐ ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ ആ ചിത്രത്തിന്റെ യഥാർഥ ഉടമയ്ക്ക് യാതൊരുവിധ നോട്ടിഫിക്കേഷനും ലഭിക്കില്ലെന്ന് മെറ്റാ തന്നെ സമ്മതിക്കുന്നു. ഈ സുതാര്യതയില്ലായ്മയാണ് പ്രധാന തർക്കവിഷയം.
ക്രിയേറ്റർ അസിസ്റ്റന്റ്, പോക്കറ്റ്-ഗെയിം നിർമാണ ടൂൾ എന്നിവയ്ക്ക് ശേഷം മെറ്റാ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ എഐ ടൂളാണ് മ്യൂസ് ഇമേജ്. നിങ്ങളുടെ ചിത്രങ്ങൾ മറ്റാരെങ്കിലും എഐ ചിത്രങ്ങളാക്കി മാറ്റുന്നതിന് മുൻപ് ഇൻസ്റ്റാഗ്രാം സെറ്റിംഗ്സ് ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും.
Kerala
കല്പ്പറ്റ: കഴിഞ്ഞ സര്ക്കാരില് മുഖ്യമന്ത്രി ഐടി വകുപ്പ് കൈകാര്യം ചെയ്തതില് തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഐടി വകുപ്പ് താന് കൈവശം വച്ചത് ദുഃസൂചനയോടെ മുഖ്യമന്ത്രി പരാമര്ശിക്കുന്നതു കണ്ടുവെന്നും പ്രതിപക്ഷ നേതാവ് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിതന്നെയാണ് ഐടി വകുപ്പ് ഏറ്റെടുക്കാറുള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്. അത് യുഡിഎഫിന് ബാധകമായ കാര്യമാണ്. എല്ഡിഎഫിന് അതു ബാധകമല്ല. എല്ഡിഎഫ് സര്ക്കാരുകളിലെ മുഖ്യമന്ത്രിമാര് ഐടി വകുപ്പ് കൈാര്യം ചെയ്തത് കാണാന് സാധിക്കും.
2006ല് വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രി ആയപ്പോള് ഐടി വകുപ്പ് കൈകാര്യം ചെയ്തു. 1996ല് മുഖ്യമന്ത്രിയായ ഇ.കെ. നായനാരായിരുന്നു ഐടി വകുപ്പിന്റെ മന്ത്രിയും. ഇപ്പോള് മുഖ്യമന്ത്രി സൂചിപ്പിക്കാന് ശ്രമിച്ചത് കഴിഞ്ഞ എല്ഡിഎഫ് സര്ക്കാരിന്റെ മുഖ്യമന്ത്രി ഐടി വകുപ്പ് കൈകാര്യം ചെയ്തത് ഒറ്റപ്പെട്ട സംഭവമാണെന്നാണ്.
ഇത് എല്ഡിഎഫ് സര്ക്കാരുകൾ സ്വീകരിച്ചുവന്ന രീതിയാണ്. ഇതൊന്നും അറിയാതെയല്ല മുഖ്യമന്ത്രി പറഞ്ഞത്. ഏതായാലും ഇത്തരം രീതികള് മുഖ്യമന്ത്രിക്ക് ചേര്ന്നതാണോയെന്ന് അദ്ദേഹം സ്വയം പരിശോധിക്കുന്നത് നന്നാകുമെന്നും പിണറായി വിജയന് പറഞ്ഞു.
വിഴിഞ്ഞം ഓഹരി കൈമാറ്റം സര്ക്കാരിന് ഒഴിഞ്ഞു മാറാനാകില്ല
വിഴിഞ്ഞം തുറമുഖ കമ്പനിയിലെ അദാനിയുടെ ഓഹരി കൈമാറ്റത്തില് തൊടുന്യായങ്ങള് പറഞ്ഞ് സര്ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്.
ദേശാഭിമാനിയെ പഴിചാരി സ്വന്തം വാദങ്ങള് ന്യായീകരിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്. ദേശാഭിമാനിക്ക് ഓഹരി കൈമാറ്റം മുന്കൂട്ടി അറിയാമായിരുന്നുവെന്നും ഈ വിവരം മുന്സര്ക്കാരില്നിന്നു ലഭിച്ചതാണെന്നും പറയുന്നു.
Tech
ന്യൂയോർക്ക്: ചെലവ് ചുരുക്കലിന്റെ ഭാഗമായി ആഗോള സാങ്കേതികവിദ്യാ ഭീമനായ മൈക്രോസോഫ്റ്റ് വീണ്ടും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സെയിൽസ്, കൺസൾട്ടിങ്, എക്സ്ബോക്സ് ഗെയിമിങ് വിഭാഗങ്ങളിലെ ആയിരക്കണക്കിന് ജീവനക്കാരെ ഈ പുതിയ പരിഷ്കാരം ബാധിക്കുമെന്നാണ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലേക്ക് കൂടുതൽ തുക നിക്ഷേപിക്കുന്നതിനായി കമ്പനി മറ്റ് മേഖലകളിലെ ചെലവുകൾ കർശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വരും ദിവസങ്ങളിൽ തന്നെ പിരിച്ചുവിടൽ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
കമ്പനിയുടെ ആകെ ജീവനക്കാരായ 2,20,000 പേരിൽ 2.5 ശതമാനത്തിൽ താഴെ ആളുകളെ മാത്രമായിരിക്കും പുതിയ നടപടി ബാധിക്കുക. കഴിഞ്ഞ വർഷം കമ്പനി നടത്തിയ പിരിച്ചുവിടലുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന്റെ വ്യാപ്തി കുറവാണ്. കഴിഞ്ഞ വർഷം മേയ്, ജൂലൈ മാസങ്ങളിലായി ഏകദേശം 15,000ത്തിനടുത്ത് ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു.
ബാധിക്കപ്പെടുന്ന ചില ജീവനക്കാർക്ക് കമ്പനിക്കുള്ളിൽ തന്നെ മറ്റ് ഒഴിവുകളിലേക്ക് മാറാനുള്ള അവസരം നൽകിയേക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കമ്പനിയുടെ ഓഹരി മൂല്യത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 17 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഹാർഡ്വെയർ നിർമാണത്തിനാവശ്യമായ സാമഗ്രികളുടെ വിലവർധനവ് മൂലം മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് വിഭാഗം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ആഗോളതലത്തിൽ മെമ്മറി, സ്റ്റോറേജ് ചിപ്പുകൾക്ക് വില ഉയർന്നതിനെത്തുടർന്ന് വരുന്ന ഓഗസ്റ്റ് 1 മുതൽ എക്സ്ബോക്സ് ഗെയിമിങ് കൺസോളുകളുടെ വില വർധിപ്പിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഈ പിരിച്ചുവിടൽ വാർത്തകളോട് മൈക്രോസോഫ്റ്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Tech
ഡീട്രോയിറ്റ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയ്ക്ക് തങ്ങൾ പ്രതീക്ഷിച്ച ഗുണനിലവാരം നൽകാൻ കഴിയാതെ വന്നതിനെ തുടർന്ന് വാഹന നിർമാതാക്കളായ ഫോർഡ് മുന്നൂറ്റമ്പതോളം പരിചയസമ്പന്നരായ എൻജിനീയർമാരെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചു. പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കാൻ എഐ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്ന മറ്റ് ആഗോള കമ്പനികൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഫോർഡിന്റെ ഈ പുതിയ തീരുമാനം.
വാഹനങ്ങളുടെ ഗുണനിലവാര വികസന പ്രക്രിയയിൽ എഐ ഉപയോഗിച്ചപ്പോൾ, പതിറ്റാണ്ടുകളുടെ പ്രവൃത്തിപരിചയമുള്ള എൻജിനീയർമാരുടെ പ്രാധാന്യം തങ്ങൾ വിലകുറച്ചു കണ്ടതായി ഫോർഡിന്റെ വെഹിക്കിൾ ഹാർഡ്വെയർ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റ് ചാർലസ് പൂൺ മാധ്യമങ്ങളോട് സമ്മതിച്ചു.
എഐ സാങ്കേതികവിദ്യയുടെ തകരാറല്ല, മറിച്ച് പരിചയസമ്പന്നരായ ജീവനക്കാർ കമ്പനി വിട്ടതോടെ അവരുടെ അറിവുകൾ എഐ മോഡലുകളിലേക്ക് കൃത്യമായി പകർന്നുനൽകാൻ സാധിക്കാതെ പോയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 350 പരിചയസമ്പന്നരായ എഞ്ചിനീയർമാരെ ഫോർഡ് വീണ്ടും ജോലിയിൽ നിയമിക്കുകയോ പ്രൊമോഷൻ നൽകുകയോ ചെയ്തിട്ടുണ്ട്. പരമ്പരാഗത എഞ്ചിനീയറിംഗ് ജോലികൾക്ക് പുറമെ, ജൂനിയർ ജീവനക്കാരെ പരിശീലിപ്പിക്കുക, എഐ സിസ്റ്റങ്ങൾക്ക് ആവശ്യമായ ഡാറ്റ മെച്ചപ്പെടുത്തുക, ഓട്ടോമേറ്റഡ് ടൂളുകൾ പരിഷ്കരിക്കുക തുടങ്ങിയ ചുമതലകളും ഇവർക്കുണ്ട്.
വർഷങ്ങളുടെ പ്രായോഗിക ജ്ഞാനവും പരിചയസമ്പന്നരുടെ വിലയിരുത്തലുകളും ഇല്ലാതെ പ്രവർത്തിച്ച എഐക്ക് വാഹനങ്ങളുടെ രൂപകൽപ്പനയിലെ പോരായ്മകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പലപ്പോഴും തെറ്റായ തീരുമാനങ്ങൾ തിരുത്തുന്നതിന് പകരം അവ ആവർത്തിക്കാനാണ് എഐ ശ്രമിച്ചതെന്നും ചാർലസ് പൂൺ ചൂണ്ടിക്കാണിച്ചു. യുഎസിലെ പകുതിയിലധികം വൈറ്റ് കോളർ ജോലികളും എഐ കൈക്കലാക്കുമെന്ന് ഫോർഡ് ചീഫ് എക്സിക്യൂട്ടീവ് ജിം ഫാർലി പ്രവചിച്ചിരുന്നു. എന്നാൽ കമ്പനിയുടെ നിലവിലെ അനുഭവം ഈ പ്രവചനങ്ങൾക്ക് വിരുദ്ധമാണ്.
എൻജിനീയർമാരെ തിരികെ വിളിച്ചെങ്കിലും എഐ സാങ്കേതികവിദ്യ പൂർണമായി ഉപേക്ഷിക്കാൻ ഫോർഡ് തയ്യാറല്ല. പകരം, എഐ സിസ്റ്റങ്ങളെ കൂടുതൽ ശക്തമാക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിനായി സോഫ്റ്റ്വെയർ ക്വാളിറ്റി അഷ്വറൻസിനായി 40 വിദഗ്ദ്ധരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കുകയും, സോഫ്റ്റ്വെയറിലെ മാറ്റങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുൻപ് പരിശോധിക്കാൻ ഒരു ലക്ഷത്തിലധികം എഐ ഓട്ടോമേറ്റഡ് ടെസ്റ്റുകൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജെഡി പവറിന്റെ 2026ലെ ഇനിഷ്യൽ ക്വാളിറ്റി സ്റ്റഡിയിൽ മുൻനിര വാഹന ബ്രാൻഡുകളിൽ ഒന്നാം സ്ഥാനം നേടാൻ ഈ മാറ്റങ്ങൾ ഫോർഡിനെ സഹായിച്ചു. 16 വർഷത്തിന് ശേഷമാണ് ഫോർഡ് ഈ നേട്ടം കൈവരിക്കുന്നത്.
NRI
ഡാളസ്: ലോക മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും ചർച്ച ചെയ്യപ്പെടുന്ന ഒരു ഇന്ത്യൻ വംശജന്റെ പേര് വിഭാവ് ആൾട്ടെക്കർ ഇന്ത്യക്കാർക്ക് അഭിമാനിക്കാനാവും. ഈ പ്രതിഭാശാലി ആരെന്നു അറിയണ്ടേ?
കടലിൽ കുടുങ്ങിയ രണ്ട് സൈനിക പൈലറ്റുമാരെ രക്ഷിക്കാൻ യുഎസ് നേവി ആദ്യമായി ഒരു സ്വയം ഡ്രൈവിംഗ് ബോട്ട് ഉപയോഗിച്ച് വാർത്ത നാമെല്ലാം കേട്ട് കാണുമല്ലോ. "കോർസെയർ' എന്ന് പേരിട്ടിരിക്കുന്ന ഹൈടെക് ഡ്രോൺ ബോട്ട് വികസിപ്പിച്ചു എടുത്ത പ്രധാന കണ്ണി ആണ് ഇന്ത്യൻ വംശജനായ വിഭാവ് ആൾട്ടെക്കർ.
അത്യാധുനിക എഐ സാങ്കേതികവിദ്യയുള്ള ഡ്രോണ് ബോട്ട് കൂടിയാണിത്. ഹോര്മുസ് കടലിടുക്കില് വച്ച് തകര്ന്നുവീണ യുഎസ് അപ്പാച്ചെ ഹെലികോപ്റ്ററിലെ പൈലറ്റുമാരെ രക്ഷിക്കാന് ഹീറോകളെ പോലെ പാഞ്ഞെത്തിയത് ഈ ബോട്ടാണ്.
രണ്ട് പേരെയും ജീവനോടെ കരയിൽ എത്തിക്കുകയും ചെയ്തു. പിന്നാലെ മിക്കവരും ബോട്ടിനെ കുറിച്ചും മറ്റും അറിയാൻ ശ്രമിക്കുന്ന തിരിക്കിലായി. അതിനിടയിലാണ് എഐ ബോട്ടിന് പിന്നിലും ഇന്ത്യക്കാരനാണെന്ന് കണ്ടത്തിയത്.
ടെക്സസ് ആസ്ഥാനമായുള്ള സറോണിക് ടെക്നോളജീസ് എന്ന കമ്പനിയുടെ സഹസ്ഥാപകരിൽ ഒരാളാണ് ഇന്ത്യൻ വംശജനും എൻജിനിയറുമായ വിഭാവ് ആൾട്ടെക്കർ. കമ്പനിയിലെ ചീഫ് ടെക്നോളജി ഓഫീസർ (സിടിഒ) കൂടിയാണ് അദ്ദേഹം. കൂടാതെ എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയുടെ പിന്നിലെ പ്രധാന തലച്ചോറെന്ന് വേണമെങ്കിലും വിശേഷിപ്പിക്കാം.
ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയാണ് വിഭാവ് ആൾട്ടെക്കർ. സോഫ്റ്റ്വെയർ ആർക്കിടെക്ചർ, അഡ്വാൻസ്ഡ് എൻജിനിയറിംഗ് പ്രോഗ്രാമുകൾ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മെഷീൻ ലേണിംഗ്, നാവിഗേഷൻ, പെർസെപ്ഷൻ, കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റങ്ങൾ തുടങ്ങിയ അത്യാധുനിക മേഖലകളിലും അദ്ദേഹത്തിന്റെ ടീം പ്രവർത്തിക്കുന്നുണ്ട്.
പ്രതിരോധ സാങ്കേതിക കമ്പനിയായ ആൻഡൂറിലിലെ ആദ്യത്തെ എൻജിനിയർമാരിൽ ഒരാളായിരുന്നു വിഭാവ്. ഓസ്ട്രേലിയൻ നാവികസേനയ്ക്കായി വികസിപ്പിച്ചെടുത്ത ഗോസ്റ്റ് ഷാർക്ക് ഡ്രോൺ അന്തർവാഹിനി പ്രോഗ്രാമിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
യുഎസ് ചരിത്രത്തിലെ ആദ്യ പരീക്ഷണമായിരുന്നു കോർസെയർ അഥവാ എഐ ബോട്ട് ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം. ഡ്രൈവർ വേണ്ട എന്നതാണ് ഈ ബോട്ടിന്റെ മറ്റൊരു പ്രത്യേകത. ഡീസലിൽ ഓടുന്ന 24 അടി നീളമുള്ള ഡ്രോൺ ബോട്ടാണ് കോർസെയർ.
35 നോട്ടിക്കൽ മൈൽ വരെ വേഗതയിൽ സഞ്ചരിക്കാൻ ഇതിന് സാധിക്കും. അതും 1,000 നോട്ടിക്കൽ മൈലിലധികം ദൂരം കവർ ചെയ്യും. അതുപോലെ ഏകദേശം 1,000 പൗണ്ട് ഭാരം വഹിക്കാൻ ഈ ബോട്ടിന് കഴിയും, കൂടാതെ അതിന്റെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കടലിലെ വിവിധ ദൗത്യങ്ങൾ കൈകാര്യം ചെയ്യാനും മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധിക്കും.
പ്രത്യേക യൂണിറ്റായ യുഎസ് നാവികസേനയുടെ ടാസ്ക് ഫോഴ്സ് 59 ആണ് ഇത് ഉപയോഗിക്കുന്നത്. സാങ്കേതികവിദ്യ രംഗത്തു മികവ് കാട്ടിയ ഇന്ത്യൻ വംശജനായ വിഭാവ് ആൾട്ടെക്കറിനു പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കട്ടെ.
Viral
ദക്ഷിണ കൊറിയയിലെ ഡേജിയോൺ നഗരത്തിൽ നിന്നുള്ള ഒരു വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്.
മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഒരു ചെന്നായയെ തിരയുന്നതിനിടയിൽ, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഒരു വ്യാജ ചിത്രം പ്രചരിപ്പിച്ചത് സുരക്ഷാ സേനയ്ക്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയത്.
ന്യൂക്ഗു എന്ന് പേരുള്ള രണ്ട് വയസുള്ള ആൺ ചെന്നായ മൃഗശാലയിലെ വേലിക്ക് താഴെ തുരങ്കമുണ്ടാക്കി രക്ഷപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
പോലീസ്, ഫയർഫോഴ്സ്, സൈന്യം, വന്യജീവി വിദഗ്ധർ എന്നിവരടങ്ങുന്ന വൻ സംഘം ഒൻപത് ദിവസത്തോളമാണ് ചെന്നായയ്ക്കായി നഗരത്തിൽ തിരച്ചിൽ നടത്തിയത്.
സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ഡ്രോണുകളും തെർമൽ ക്യാമറകളും ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ വിന്യസിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഒരു ജംഗ്ഷനിലൂടെ ചെന്നായ നടന്നുപോകുന്നതായി കാണിക്കുന്ന ചിത്രം ഓൺലൈനിൽ വൈറലായത്.
വളരെ വ്യക്തതയുള്ള ഈ ചിത്രം കണ്ടതോടെ മാധ്യമങ്ങളും സർക്കാർ വൃത്തങ്ങളും അത് സത്യമാണെന്ന് വിശ്വസിക്കുകയും അതേ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിൽ ഈ ചിത്രം എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വ്യക്തമായി.
ഈ വ്യാജ ചിത്രം കാരണം തിരച്ചിൽ സംഘത്തിന്റെ ശ്രദ്ധ തെറ്റുകയും ചെന്നായയെ കണ്ടെത്തുന്നതിനായി വൻതോതിൽ സമയം പാഴാകുകയും ചെയ്തു. തമാശയ്ക്ക് വേണ്ടി താനാണ് ഈ വ്യാജ ചിത്രം നിർമ്മിച്ചതെന്ന് സമ്മതിച്ചുകൊണ്ട് 40 വയസുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒടുവിൽ ഒൻപതാം ദിവസം ലഭിച്ച കൃത്യമായ വിവരത്തെത്തുടർന്ന് ചെന്നായയെ സുരക്ഷിതമായി പിടികൂടി മൃഗശാലയിലേക്ക് തിരിച്ചയച്ചു.
സാങ്കേതികവിദ്യയുടെ സഹായത്തോടെ എളുപ്പത്തിൽ വ്യാജനിർമ്മിതികൾ നടത്താൻ കഴിയുന്ന ഈ കാലഘട്ടത്തിൽ, സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ എത്രത്തോളം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് ഈ സംഭവം നമ്മളെ ഓർമ്മിപ്പിക്കുന്നു.
Viral
ബീജിംഗിലെ ട്രാക്കിൽ മനുഷ്യരെപ്പോലും അമ്പരപ്പിച്ചു കൊണ്ട് റോബോട്ടുകൾ കുതിച്ചു പാഞ്ഞപ്പോൾ അത് ലോകത്തിന് മുന്നിൽ വലിയൊരു വിസ്മയമായി മാറി.
സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്തെ വമ്പന്മാരായ 'ഓണർ' വികസിപ്പിച്ചെടുത്ത ഹ്യൂമനോയിഡ് റോബോട്ട്, 21 കിലോമീറ്റർ നീളുന്ന ബീജിംഗ് ഇ-ടൗൺ ഹാഫ് മാരത്തണിൽ വെറും 50 മിനിറ്റ് 26 സെക്കൻഡ് കൊണ്ട് ഫിനിഷ് ലൈൻ തൊട്ടത് കായികലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
മത്സരത്തിൽ പങ്കെടുത്ത 12,000 മനുഷ്യ ഓട്ടക്കാരെ 10 മിനിറ്റിലേറെ പിന്നിലാക്കി മുന്നേറിയ ഈ റോബോട്ട്, കഴിഞ്ഞ മാസം ഉഗാണ്ടൻ താരം ജേക്കബ് കിപ്ലിമോ കുറിച്ച ലോക റെക്കോർഡിനെയും കടത്തിവെട്ടി.
നൂറിലധികം റോബോട്ടുകൾ അണിനിരന്ന ഈ മാരത്തണിൽ, ഒപ്പമുള്ള മനുഷ്യരുമായി കൂട്ടിയിടിക്കാതെ സ്വന്തം സെൻസറുകളും കൃത്യമായ എഐ സാങ്കേതികവിദ്യയും ഉപയോഗിച്ച് പൂർണമായും സ്വയം നിയന്ത്രിതമായാണ് പല റോബോട്ടുകളും ഓടിയത്.
ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും ഓണറിന്റെ റോബോട്ടുകൾ തന്നെ സ്വന്തമാക്കിയതോടെ ചൈനീസ് നിർമ്മിത യന്ത്രങ്ങളുടെ കരുത്ത് ലോകം തിരിച്ചറിഞ്ഞു.
കഴിഞ്ഞ വർഷം നടന്ന ഇതേ മാരത്തണിൽ റോബോട്ടുകൾ വഴിയിൽ തടസപ്പെട്ടും ചൂടായിട്ടും പാതിവഴിയിൽ തളർന്നപ്പോൾ, വെറും ഒരു വർഷത്തിനുള്ളിൽ കൈവരിച്ച ഈ വൻ കുതിച്ചുചാട്ടം അത്ഭുതകരമാണ്.
ഓട്ടം വെറുമൊരു മത്സരമല്ലെന്നും, ബാറ്ററി ലൈഫ്, തടസങ്ങളെ അതിജീവിക്കാനുള്ള കഴിവ്, കഠിനമായ സാഹചര്യങ്ങളിലെ പ്രവർത്തനക്ഷമത എന്നിവ പരീക്ഷിക്കാനുള്ള ഒരു വലിയ പരീക്ഷണശാലയാണിതെന്നുമാണ് വിദഗ്ധർ പറയുന്നത്.
ഫാക്ടറികളിലും വീടുകളിലും സേവനദാതാക്കളായും റോബോട്ടുകളെ എത്തിക്കാനുള്ള ചൈനയുടെ വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ വിജയം. ഭാവിയിലെ എഐ യുഗത്തിന്റെ തുടക്കമായാണ് ഈ പ്രകടനത്തെ പലരും കാണുന്നത്.
സാങ്കേതിക മുന്നേറ്റങ്ങളും സർക്കാരിന്റെ ശക്തമായ പിന്തുണയും കൂടിച്ചേരുമ്പോൾ റോബോട്ടിക്സ് രംഗത്ത് ചൈന മറ്റൊരു തലത്തിലേക്ക് മാറിക്കഴിഞ്ഞുവെന്ന് ഉറപ്പിച്ചു പറയാം.
Leader Page
“നീ നിന്റെ മസ്തിഷ്കത്തിന്റെ സ്വഭാവംപോലെയായിരിക്കും. നിന്റെ മസ്തിഷ്കം എന്നാൽ നീ തന്നെയാണ്.” അഭിജിത്ത് നാസ്കർ.
നിർമിതബുദ്ധിയുടെ പിന്നാലെയാണു ലോകം. വിശാലസാധ്യതകൾ തുറന്നുകിട്ടാൻ ആവേശത്തോടെ എഐ(നിർമിതബുദ്ധി)യുമായി ചേർന്ന് എല്ലാ മേഖലകളിലുമുള്ള സാധ്യതകൾ അന്വേഷിക്കുകയാണ് ശാസ്ത്രലോകം. എഐയുടെ വളർച്ചയിൽ മനുഷ്യന് എന്തു പറ്റുന്നു? മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളിൽ എന്തു മാറ്റവും വളർച്ചയുമാണ് ഉണ്ടാകുക എന്നത് വിലയിരുത്തേണ്ടതുണ്ട്. എഐ ഒരുക്കുന്ന അറിവും വിമർശനാത്മക ചിന്ത കൂടാതെ എഐയുടെ സ്വാധീനത്തിൽപ്പെടുന്നതും കുട്ടികളുടെ പഠനസ്വഭാവം അപകടകരമാകുംവിധം പരിവർത്തനവിധേയമാകുന്നതും ശ്രദ്ധിക്കാതെ പറ്റില്ല. ഇവിടെ നിന്നുകൊണ്ട് നിർമിതബുദ്ധിയുടെ സാധ്യതകൾ തേടുന്നതിനൊപ്പം മനുഷ്യന്റെ മേന്മയും വളർത്തിയെടുക്കണം.
അനുദിന ജീവിതത്തിന്റെ സുഗമമായ നടത്തിപ്പിനു സഹായിമാരായാണ് എഐയും കൂട്ടരും തന്റെ കൂട്ടാളികളുമായി കടന്നുവരുന്നത്. നിത്യോപയോഗ മേഖലകളിലൂടെ എഐ, റോബോട്ടിക്സ്, മെഷിൻ ലേണിംഗ് എന്നിവയൊക്കെ സാധാരണക്കാർക്കും പരിചിതമായിരിക്കുന്നു. ഈ വിഷയങ്ങൾ പഠിച്ച് ജോലിക്ക് ഒരുങ്ങുന്നവരും ഏറെയാണ്. റോഡിൽ കാമറയായും ആശുപത്രിയിൽ ചികിത്സാ ഉപകരണങ്ങളായും സ്കൂളിൽ സ്മാർട്ട് ബോർഡും ആപ്പുകളുമായും മൊബൈലിൽ ചാറ്റ് ജിപിടിയായും പല രൂപങ്ങളിൽ നൂതന സാങ്കേതികവിദ്യ മനുഷ്യരുടെ കൂട്ടുകാരാണ്.
വേഗത്തിലും കൃത്യതയിലും ഒത്തിരി കാര്യങ്ങൾ ചെയ്യാൻ ഇവയ്ക്കാകുന്നു. മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലേക്കും എഐ കടന്നുകയറുകയാണ്. തൊഴിൽമേഖലയിൽ അടിമുടി മാറ്റം വന്നുകഴിഞ്ഞു. കുട്ടികളുടെയും യുവാക്കളുടെയും ചോദ്യങ്ങൾക്ക് ഞൊടിയിടയിൽ ഉത്തരം ലഭിക്കുന്നു. കൂടുതലായറിഞ്ഞ് നല്ല രീതിയിൽ എഐയെ ഉപയോഗപ്പെടുത്തി മനുഷ്യജീവിതത്തെ മെച്ചപ്പെടുത്താനാകും. ഇതിനുവേണ്ടി തലമുറകളെ പരിശീലിപ്പിക്കാം.
മനുഷ്യന്റെ മഹിമ
ദൈവഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട സൃഷ്ടിയുടെ മകുടമാണ് മനുഷ്യൻ. മനുഷ്യന്റെ മഹിമയോടു ചേർന്നുവേണം നിർമിതബുദ്ധി വികസിക്കാനും വിശാലമാകാനും.
മനുഷ്യന്റെയും പ്രകൃതിയുടെയും സംരക്ഷകരാകേണ്ടത് ആരാണ്? ദൈവത്തെയും പ്രകൃതിയിലെ മാറ്റങ്ങളെയും അംഗീകരിച്ചുകൊണ്ടുതന്നെ മനുഷ്യൻ അല്ലെങ്കിൽ സാങ്കേതികവിദ്യ എന്നിവയിൽനിന്ന് ആരെ തെരഞ്ഞെടുക്കണം? പ്രശ്നപരിഹാരത്തിനും ക്രിയാത്മക നേതൃത്വത്തിനും മനുഷ്യഭാവനയും ബോധവും ഒഴിച്ചുകൂടാനാകാത്തതാണ്. ചിന്താബോധം, തീരുമാനം, നേതൃത്വം എന്നിവയിലൂടെ മനുഷ്യനു മാത്രമേ സമൂഹത്തെ മുന്നോട്ടു നയിക്കാനാകൂ. നന്മ-തിന്മ തിരിച്ചറിയാൻ കഴിവുള്ള മനുഷ്യൻ, തന്നെയും ചുറ്റുപാടിനെയും തിരിച്ചറിഞ്ഞ് അന്തരാത്മാവിലെ നന്മകൂടി ഉൾക്കൊണ്ട് ക്രിയാത്മകമായി വഴിതെളിക്കണം.
അറിവിനെ (data) പലതരത്തിൽ ക്രമീകരിക്കാനുള്ള ശേഷി (intelligence)യേക്കാൾ തന്നെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ഉള്ള തിരിച്ചറിവിന്റെ ബോധമാണ് ശ്രേഷ്ഠമായത് എന്ന് തത്വചിന്തകനും ചരിത്രകാരനുമായ നോവ ഹരാരി പറയുന്നു. വൈകാരികത, ബന്ധങ്ങൾ, ചിന്ത, അനുഭവങ്ങൾ, ധാർമികത എന്നിവയിലൂന്നി നില്ക്കുന്നതും ആന്തരികതയുടേ (ദൈവസാന്നിധ്യത്തിന്റെ)തുമായ നന്മയാണ് ബോധം. മനുഷ്യന്റെ മേന്മ ഇതിലാണ്.
മനുഷ്യബുദ്ധി വ്യതിരിക്തമാണ്. അനുഭവങ്ങൾക്ക് അർഥം നല്കുന്നതും ചിന്തകളെയും വികാരങ്ങളെയും പ്രവർത്തനങ്ങളെയും ധാർമികതയുടെ ഉൾപ്രേരണയിൽ, ശരി-തെറ്റിന്റെ അളവുകോലുപയോഗിച്ച്, സ്വയം നിയന്ത്രിക്കുകയും ചെയ്യുന്നത് മനുഷ്യനിലെ ബുദ്ധിയാണ്.
ചിന്തകളെയും ആശയങ്ങളെയും കഴിവുകളെയും വികാരങ്ങളെയുംകാൾ ഉന്നതമാണ് മനുഷ്യന്റെ മൂല്യം. മനുഷ്യന് അപകടം വിളിച്ചുവരുത്തുന്ന തരത്തിൽ മനുഷ്യനിർമിത സാങ്കേതികവിദ്യയെ വളർത്തരുത്. ഉത്തരവാദിത്വത്തോടെ മനുഷ്യനന്മയെ ലക്ഷ്യംവച്ച് ധാർമിക ക്രമീകരണത്തിന്റെ സഹകരണത്തോടെയേ സാങ്കേതികവിദ്യയുടെ വികാസം നടക്കാവൂ. നിയന്ത്രണമില്ലാതെ മുന്നേറുന്ന നിർമിതബുദ്ധിയുടെ വികാസം മനുഷ്യനും പരിസ്ഥിതിക്കും എതിരേ തിരിയും.
എഐയുടെ പ്രകടനത്തിനു മുന്നിൽ മനുഷ്യബുദ്ധിയെ അടിയറവയ്ക്കാത്ത നിലപാട് സ്വീകരിക്കേണ്ടതുണ്ട്. മനുഷ്യനും നിർമിതബുദ്ധിയും നേർക്കുനേർ വരുന്പോൾ, മനുഷ്യനേ വിജയിക്കാവൂ. മനുഷ്യബുദ്ധിയുടെ കഴിവുകൾ, അനന്യത, ബോധം എന്നിവ തിരിച്ചറിയണം. മനുഷ്യബുദ്ധിയുടെ സവിശേഷതകളെ വളർത്തിയെടുക്കണം.
2025 ജനുവരിയിൽ വത്തിക്കാൻ പുറപ്പെടുവിച്ച Antiqua et Nova എന്ന എഐ മനുഷ്യബുദ്ധിയെ സംബന്ധിച്ച രേഖ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആശയങ്ങളിലൊന്നാണ് റിലേഷണൽ ഇന്റലിജൻസ്. മനുഷ്യബന്ധങ്ങളിലൂടെ സമൂഹവും പ്രകൃതിയും പ്രപഞ്ചവുമായുള്ള ബന്ധങ്ങളിലൂടെ സമൂഹവും പ്രകൃതിയും പ്രപഞ്ചവുമായുള്ള ബന്ധത്തിലൂടെ വളരുന്ന ബോധത്തിന്റെ അനുഭവം ഓരോ വ്യക്തിക്കും ആവശ്യമുള്ളതാണ്. മനുഷ്യബുദ്ധിയുടെ നിലനില്പിലും വളർച്ചയിലും ബോധത്തിന്റെ അടുപ്പവും വികാരവും കരുതലും ആവശ്യമാണ്. എഐയുടെ സ്വഭാവത്തിലും കൂട്ടായ്മയുടെ, ബന്ധത്തിന്റെ, ബഹുമാനത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്ന റിലേഷണൽ ഇന്റലിജൻസ് വേണം.
മനുഷ്യന്റെ മഹത്വം അനിഷേധ്യമായ സത്യമാണ്. ഇതിനെ ബഹുമാനിച്ച്, മനുഷ്യനന്മയ്ക്കുള്ള ഉപാധികളായാണ് പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും ഉണ്ടാകേണ്ടത്. മനുഷ്യനന്മയെ സംരക്ഷിച്ച് - മനുഷ്യന്റെ നേതൃത്വത്തിലാണ് പുരോഗതിയും പ്രകൃതിസംരക്ഷണവും പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ കണ്ടെത്തലും നടത്തേണ്ടത്.
നൂതന സാങ്കേതികവിദ്യയിലൂടെ സമൂഹത്തിൽ രൂപപ്പെടുന്ന സാമൂഹിക-സാന്പത്തിക വിടവ് ഗൗരവമായി കാണണം. എഐ ഉപയോഗിക്കാൻ ശേഷിയും സാഹചര്യവും ഉള്ളവർക്കു മാത്രമായി ചുരുക്കപ്പെടുന്ന വളർച്ചയും വികാസവും അല്ല മനുഷ്യകുലത്തിനും പ്രകൃതിക്കും ആവശ്യം. കൂട്ടായ്മയിൽ, പരസ്പര സഹകരണത്തിൽ വലിയവനും ചെറിയവനും ദരിദ്രനും ധനികനും സ്ത്രീയും പുരുഷനും കുട്ടികളും വൃദ്ധരും എല്ലാം സംരക്ഷിക്കപ്പെടുന്ന, വളർന്നു വികസിക്കുന്ന ചിന്തകളും ബന്ധവും തീരുമാനവും ഉണ്ടാകണം. ഈ കൂട്ടായ്മയെ മനസിൽ സൂക്ഷിക്കാനും അതിനനുസരിച്ച് തീരുമാനമെടുക്കാനും പ്രവർത്തിക്കാനും മനുഷ്യനാണു സാധിക്കുക.
വിദ്യാർഥികളുടെ ലോകം
ആഗോളതലത്തിൽ ഓപ്പൺ എഐയുടെ രണ്ടാമത്തെ വലിയ വിപണി ഇന്ത്യയാണ്. വിദ്യാർഥികളുടെ വൻതോതിലുള്ള ഉപയോഗമാണ് ഈ കുതിച്ചുചാട്ടത്തിനു കാരണമെന്ന് ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കൾ ഓഗസ്റ്റിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചു. നിർമിതബുദ്ധിയുടെ സാധ്യതകളെ ഒരുപാട് ഉപയോഗപ്പെടുത്തുന്നവരാണ് കുട്ടികളും യുവാക്കളും. എഐയുടെ വികാസത്തിൽ ഏറ്റവുമധികം റിസ്ക് അനുഭവിക്കുന്ന വിഭാഗവും കുട്ടികളാണ്. ചിന്തിക്കാനും അന്വേഷകരാകാനും പരിശീലിക്കാനും ബോധതലത്തെ വികസിപ്പിക്കാനും വിദ്യാർഥികൾക്കുള്ള അവസരങ്ങളെ അറിവുകൊണ്ടു നിറച്ച് വേഗത്തിൽ ഉത്തരമരുളി നിർമിതബുദ്ധി സഹായിക്കുകയാണ്.
മനുഷ്യമസ്തിഷ്കത്തെ മനസിലാക്കാൻ ശാസ്ത്രലോകത്ത് തീക്ഷ്ണതയോടെ പഠനങ്ങൾ നടക്കുന്നുണ്ട്. മനുഷ്യമസ്തിഷ്കം എന്ന അദ്ഭുതം നിഗൂഢമായും അതിശയിപ്പിക്കുന്ന സാധ്യതയായും ഇന്നും നിലകൊള്ളുന്നു. വിദ്യാലയങ്ങളിലും കുട്ടികളുടെ ദിനചര്യകളിലും മനുഷ്യബുദ്ധിയുടെ വളർച്ചയ്ക്കും വികാസത്തിനും ഉതകുന്ന പെരുമാറ്റവും ശീലങ്ങളും വർധിപ്പിക്കേണ്ടതുണ്ട്. വിദ്യാലയങ്ങളുടെ ഉദ്ദേശ്യം ഇതുതന്നെയാണ്. സ്കൂൾതലത്തിൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്പോഴും മനുഷ്യബുദ്ധിയുടെ വ്യതിരിക്തത മനസിലാക്കി വേണം പരിശീലനം നല്കാൻ. വളരാനും സാധ്യതകൾ കണ്ടെത്താനും പൊരുത്തപ്പെടാനും ശേഷിയുള്ള അദ്ഭുതമാണ് തലച്ചോറ്. ഇതിനു പറ്റുന്ന അനുഭവങ്ങളും പരിശീലനങ്ങളും വേണ്ടുവോളം നല്കണമെന്നു മാത്രം.
നിർമിതബുദ്ധിയുടെ പുരോഗതി മനുഷ്യബുദ്ധിയുടെ വികാസത്തിനു വഴിയൊരുക്കണം. എഐയുടെ സ്വാധീനം പലപ്പോഴും പുകമറ സൃഷ്ടിക്കുന്നുണ്ട്. വിദ്യാർഥികളുടെ ആവശ്യങ്ങളെല്ലാം നടക്കുന്നു - പ്രോജക്ട്സ്, ഉത്തരങ്ങൾ, കണ്ടുപിടിത്തങ്ങൾ, വിഷയാവതരണം എല്ലാം ഭംഗിയായി നടക്കുന്നു. നൂതന സങ്കേതങ്ങൾ മുന്നോട്ടുവയ്ക്കുന്ന സൂത്രപ്പണികളും കുറുക്കുവഴികളും ചിന്ത, ഭാവന, അന്വേഷണം, വിലയിരുത്തൽ, ഭാഷ, ആസൂത്രണം എന്നിവ പരിശീലിക്കുന്നതിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നു. എളുപ്പവഴിയിൽ കുട്ടികൾ ക്രിയ ചെയ്യുന്നു. ഇതിന്റെ ഫലമായി ബുദ്ധിയുടെ വിവിധ കഴിവുകൾ അശ്രദ്ധമായി തഴയപ്പെടുന്നു, മടി പിടിക്കുന്നു.
കുട്ടികളുടെ ശ്രദ്ധയുടെ പരിധിയും വ്യാപ്തിയും പഠനരീതികളും മാറി. അന്വേഷണത്തിന്റെ ഭാഗമായ മാനസിക വികാസവും യാത്രകളും അപ്രത്യക്ഷമായി, എല്ലാം വേഗത്തിൽ ലഭ്യമാകുന്നു. കഠിനാധ്വാനം അന്യമായി. അറിവു നേടുന്ന പ്രക്രിയയുടെ ഭാഗമായി നടക്കേണ്ട സ്വഭാവ രൂപീകരണം, മാതാപിതാക്കളുടെയോ അധ്യാപകരുടെയോ ഗൗരവശ്രദ്ധയിൽപ്പെടുന്നില്ല. പെട്ടെന്ന് കണ്ടു മറയുന്ന വായനാനുഭവം നമ്മുടെ ചിന്തയെയും ഭാവനയെയും എല്ലാം തമസ്കരിക്കുന്നു. ഇതുമൂലം ബുദ്ധിയുടെ പരിശീലനങ്ങൾ പലതും അന്യംനിന്നുപോകുന്ന കാഴ്ചയാണ് ചുറ്റുപാടും.
പക്വതയും ചിന്തയും ബോധവും ബന്ധവും ആകാംക്ഷയും അന്വേഷണവുമെല്ലാം നിമിഷനേരംകൊണ്ട് വറ്റിവരണ്ടു പോകുന്നു. ഗുണത്തേക്കാളേറെ ദോഷമാണ് എഐ കൊണ്ടുവരുന്നത് എന്നു ഭയപ്പെടുന്നു. ഇത് ഗൗരവമായ വിദ്യാഭ്യാസ പ്രതിസന്ധിയും കുട്ടികളുടെ വളർച്ചയിൽ അപകടം കൊണ്ടുവരുന്ന അവകാശനിഷേധവുമാണ്. ബുദ്ധിയുടെ ശരിയായ വികാസം നിഷേധിക്കപ്പെട്ടാൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകും. കുട്ടികളുടെ പരിശീലനത്തിനും വിദ്യാഭ്യാസത്തിനും നിർമിത-മനുഷ്യബുദ്ധികളുടെ സ്വഭാവം, സാധ്യത എന്നിവ വിശദമായി പഠിച്ച് പ്രവർത്തനപദ്ധതി തയാറാക്കണം. മനുഷ്യന്റെ മഹിമയും മനുഷ്യബുദ്ധിയുടെ പ്രത്യേകതകളും തിരിച്ചറിഞ്ഞ് ശ്രദ്ധയോടെ പരിശീലിക്കുകയും പരിശീലിപ്പിക്കുകയും വേണം. അറിവിനെ ക്രമീകരിക്കാനും വ്യത്യസ്ത രീതിയിൽ അവയുപയോഗിച്ച് കണക്കുകൂട്ടാനുള്ള കഴിവുകളിൽ മാത്രം ശ്രദ്ധിച്ച് ബുദ്ധിയെ വളർത്തുന്ന വിദ്യാഭ്യാസ രീതിയല്ല വേണ്ടത്.
കാൽക്കുലേറ്ററിൽ നന്പറുകളെ ഉപയോഗിച്ച് കണക്കുകൂട്ടി എടുക്കുന്നതുപോലെ പല ചേരുവകളിലൂടെ വ്യത്യസ്ത ക്രമീകരണങ്ങളിലൂടെ അറിവിനെ പുനർനിർമിക്കുന്ന രീതി ബുദ്ധിയുടെ പക്വമായ രീതിയോ പൂർണതയോ അല്ല.
ബോധത്തിൽ, ബന്ധത്തിൽ, നന്മയിൽ വളരുന്ന മനസിന്റെ കഴിവുകൾ ശ്രദ്ധിക്കണം. മനുഷ്യബുദ്ധിയുടെ ശീലമാക്കി ബോധത്തെ തിരിച്ചറിയണം, വളർത്തിയെടുക്കണം. മനുഷ്യനോടും പ്രകൃതിയോടുമുള്ള കരുതലും നന്മയും ഇവയുടെ വളർച്ചയും സംരക്ഷണവും സാധ്യമാക്കുന്ന മനസ്, ബോധത്തിന്റെ അടിസ്ഥാനമാണ്. അറിവിന് അർഥവും ബന്ധവും നന്മയും നല്കി, അറിവിനെ വ്യാഖ്യാനിക്കുന്ന വിദ്യാഭ്യാസം ഇവിടെ രൂപപ്പെടും. ശരീരത്തിൽനിന്നും പ്രകൃതിയിൽനിന്നും ആത്മാവിൽനിന്നും അറിവിനെ മുറിച്ചുമാറ്റാനാവില്ല. അറിവിനെ മാത്രം കൈകാര്യം ചെയ്യുന്ന നിർമിതബുദ്ധിയുടെ രീതിയിലുള്ള വിദ്യാഭ്യാസം അപകടം കൊണ്ടുവരും. ജൈവസ്വഭാവമുള്ളതാണ് അടിസ്ഥാനപരമായി അറിവ്, അങ്ങനെ ആയിരിക്കുകയും വേണം. ബന്ധങ്ങളിൽ, പ്രവൃത്തിയിൽ, ആന്തരികമായി അനുഭവത്തിൽ അറിവ് അതിന്റെ ജൈവസ്വഭാവം സ്വീകരിക്കും - നിലനിർത്തും.
Leader Page
ജൂലൈ ഒന്ന്. ഡോക്ടർമാരുടെ ദേശീയദിനം. സമൂഹത്തിന് അവർ നൽകുന്ന സംഭാവനകൾ അംഗീകരിക്കപ്പെടുകയും സ്മരിക്കപ്പെടുകയും ചെയ്യുന്ന ദിനം. സാധാരണക്കാരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിൽ ആരോഗ്യ വിദഗ്ധർ നടത്തുന്ന സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഓർമപ്പെടുത്തലായിട്ടാണ് ഈ ദിനം ആചരിക്കുന്നത്. പ്രശസ്ത ഡോക്ടറും വൈദ്യശാസ്ത്രരംഗത്തെ മാർഗദർശിയുമായ ഡോ. ബിദാൻ ചന്ദ്ര റോയിയുടെ (ഡോ. ബി.സി. റോയ്) സ്മരണാർഥമാണ് ഇന്ത്യയിൽ ഡോക്ടേഴ്സ് ഡേ ആചരിക്കുന്നത്.
“Behind the mask caring for caregivers” എന്നതാണ് ഈ വർഷത്തെ ഡോക്ടേഴ്സ് ദിന സന്ദേശം. ചികിത്സയ്ക്കും ആരോഗ്യപ്രവർത്തനങ്ങൾക്കുമായി തങ്ങളുടെ സമയത്തിന്റെയും ജീവിതത്തിന്റെയും നല്ലൊരു ഭാഗവും മാറ്റിവയ്ക്കുന്ന ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. 340 ഓളം ഡോക്ടർമാർ സേവനം അനുഷ്ഠിക്കുന്ന കാരിത്താസ് ആശുപത്രി അതിന്റെ യശസിനും വിശ്വാസ്യതയ്ക്കും അവരോട് എക്കാലവും കടപ്പെട്ടിരിക്കുന്നു.
ഗ്രാമങ്ങളിലും നഗരങ്ങളിലുമായി നമ്മുടെ രാജ്യം നിരവധി ആരോഗ്യ സംരക്ഷണ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ അനുസരിച്ച്, ഇന്ത്യയിൽ മെഡിക്കൽ സ്പെഷലിസ്റ്റുകളും ഡോക്ടർമാരും ഉൾപ്പെടെ എല്ലാ ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങളുടെയും 75 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത് ജനസംഖ്യയുടെ ഏകദേശം 25 ശതമാനം മാത്രം താമസിക്കുന്ന നഗരങ്ങളിലാണ്. സ്വകാര്യ ആശുപത്രികളും ഗുണമേന്മയുള്ള ആരോഗ്യപരിപാലനവും നഗരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങുന്നു. ബാക്കിയുള്ള ഏകദേശം 75 ശതമാനംവരുന്ന 716 ദശലക്ഷത്തോളം ആളുകൾ പ്രാഥമിക ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ഇല്ലാതെയാണ് കഴിയുന്നതെന്ന് നാം തിരിച്ചറിയണം. മുഴുവൻ ജനങ്ങൾക്കും താങ്ങാവുന്ന നിരക്കിൽ ലോകോത്തര ആരോഗ്യചികിത്സ ലഭ്യമാക്കുക എന്നതാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കണക്കുകൾ പ്രകാരം നമ്മുടെ രാജ്യത്തെ ആശുപത്രി കിടക്കകളുടെ നിരക്ക് 1,000 പേർക്ക് 0.7 ആയിരുന്നു, ഇത് ലോകാരോഗ്യ സംഘടനയുടെ 1,000 പേർക്ക് 3.5 കിടക്കകൾ എന്ന മാർഗനിർദേശത്തേക്കാൾ വളരെ കുറവാണ്. ഈ വിടവ് നികത്താനുള്ള ഒരേയൊരു വഴി, മാറ്റങ്ങളിൽ ഊന്നൽനൽകുക എന്നതാണ്.
സാങ്കേതികവിദ്യയാണോ ഉത്തരം?
ഇന്ത്യയിൽ സമ്പൂർണ ആരോഗ്യ പരിരക്ഷ എന്ന ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കിൽ സാങ്കേതികവിദ്യയും ആരോഗ്യസംരക്ഷണവും പരസ്പരം കൈകോർത്തു മുന്നോട്ട് പോകേണ്ടതുണ്ട്. അതു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് നല്ല വാർത്ത.നമ്മുടെ രാജ്യം നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ കൃത്രിമബുദ്ധി ഇന്ന് വളരെ സഹായകമാകുന്നു. ഇന്ത്യൻ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ ((IBEF) കണക്കനുസരിച്ച്, ഇന്ത്യൻ ആരോഗ്യ സംരക്ഷണ വ്യവസായം 2017ൽ 160 ബില്യൺ ഡോളറിൽനിന്ന് 2020ഓടെ 280 ബില്യൺ ഡോളറായി വളർന്നിട്ടുണ്ട്. ഈ വളർച്ച നേടാൻ കഴിഞ്ഞത് സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ചതുകൊണ്ടാണ്. ഇലക്ട്രോണിക് ഹെൽത്ത് റിക്കാർഡുകൾ (EHRS) നടപ്പിൽ വന്നതോടെ ആരോഗ്യ പരിചരണം മെച്ചപ്പെടുത്തുന്നതിനും നോട്ടപ്പിശകുകൾ കുറയ്ക്കുന്നതിനും ക്ലിനിക്കൽ കെയർ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും സാധിക്കും എന്നു നാം തിരിച്ചറിഞ്ഞു. പുതിയ കാലത്തെ ക്ലൗഡ് അധിഷ്ഠിത സൊലൂഷനുകളും മൊബൈൽ ആപ്പുകളും ആശുപത്രികളെയും രോഗികളെയും കൂടുതൽ കാര്യക്ഷമമായി ഒന്നിപ്പിക്കുന്നതിന് കാരണമായി. EHRകൾ വഴി ശേഖരിക്കുന്ന ഡാറ്റ, ഒരു നിശ്ചിത കാലയളവിൽ, ക്ലിനിക്കൽ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് അനലിറ്റിക്സ് മോഡലുകളെ കൂടുതൽ പരിഷ്കരിക്കാൻ സഹായിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വർധിച്ചതോടെ, രോഗീപരിചരണമേഖലയിൽ സാങ്കേതികവിദ്യതന്നെ പ്രധാന പങ്ക് വഹിക്കാൻ തുടങ്ങി എന്നതാണ് വസ്തുത.
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ ഈ കാലഘട്ടത്തിൽ സാങ്കേതികവിദ്യ ആരോഗ്യമേഖലയെ വലിയതോതിൽ മുന്നോട്ടു നയിക്കുന്നുണ്ട്. വിട്ടുമാറാത്ത ജീവിത ശൈലീരോഗങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് മികച്ച പരിചരണം. അതിന് വേണ്ടതോ മികച്ച സാങ്കേതികവിദ്യയും. ആർട്ടിഫിഷൽ ഇന്റലിജൻസ് (AI), ഓട്ടോമേഷൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT) തുടങ്ങിയ സാങ്കേതികവിദ്യകൾ ഇന്ന് ആരോഗ്യ സംരക്ഷണത്തിന്റെ മിക്കവാറും എല്ലാ മേഖലയിലും വ്യാപിച്ചിരിക്കുന്നു. എഐയുടെ അതുല്യമായ ശക്തി മനുഷ്യന്റെ കഴിവുകളെ പൂർത്തീകരിക്കുക മാത്രമല്ല, മനുഷ്യന്റെ പ്രവർത്തനത്തിന്റെ വ്യാപ്തി ഗണ്യമായി വികസിപ്പിക്കുകയും ചെയ്യുന്നു. സ്വാഭാവിക ഭാഷാ പ്രോസസിംഗ്, ഇന്റലിജന്റ് ഏജന്റ്സ്, കംപ്യൂട്ടർ വിഷൻ, മെഷീൻ ലേണിംഗ്, വിദഗ്ധ സംവിധാനങ്ങൾ, ചാറ്റ്ബോട്ടുകൾ, വോയ്സ് റെക്കഗ്നിഷൻ എന്നിവ ഉൾപ്പെടുന്ന എഐയുമായി ബന്ധപ്പെട്ട ചില സാധ്യതകൾ ആരോഗ്യമേഖലയ്ക്കു മുതൽക്കൂട്ടായി.
എഐ, ഓട്ടോമേഷൻ എന്നിവ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഹെൽത്ത് റിക്കാർഡുകളുടെ ഡാറ്റ മാനേജ്മെന്റ്. ഇത് എപ്പോൾ വേണമെങ്കിലും എവിടെയും വേഗമേറിയതും തടസമില്ലാത്തതുമായ ലഭ്യത സാധ്യമാക്കുന്നു. വിവരങ്ങൾ ശേഖരിക്കാനും സംഭരിക്കാനും പഠനവിധേയമാക്കാനും ഇപ്പോൾ തടസമില്ലാതെയായി. ലബോറട്ടറി പരിശോധനകൾ, എക്സ്റേകൾ, സിടി സ്കാനുകൾ, ഡാറ്റാ എൻട്രി എന്നിവ വിശകലനം ചെയ്യുന്നത് പോലെയുള്ള ചില നിരന്തര ജോലികൾ ചെയ്യാൻകൂടി ആർട്ടിഫിഷൽ ഇന്റലിജൻസ് ഇന്ന് ഉപയോഗിക്കുന്നുണ്ട്. വ്യക്തിഗത മെഡിക്കൽ വിവരങ്ങളെയും അനലിറ്റിക്സ് വഴി ശേഖരിച്ച വിവരത്തെയും അടിസ്ഥാനമാക്കി മെഡിക്കൽ കൺസൾട്ടേഷൻ നൽകാൻ ഇന്ന് ആപ്പുകൾ ഉപയോഗത്തിലുണ്ട്.
പരമ്പരാഗത ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ ഫാർമസൂട്ടിക്കൽസ് വികസിപ്പിക്കുന്നതിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ പവർ പ്രോഗ്രാമുകൾ മരുന്നുനിർമാണ പ്രക്രിയയെ വലിയ തോതിലാണ് സഹായിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ മറ്റൊരു അപ്ലിക്കേഷനാണ് പ്രിസിഷൻ മെഡിസിൻ. എഐ പവർ ബോഡി സ്കാനുകൾക്ക് കാൻസറും രക്തക്കുഴലുകളുടെ രോഗങ്ങളും നേരത്തേ കണ്ടെത്താനും ജനിതകപരമായി ആളുകൾ അഭിമുഖീകരിക്കാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രവചിക്കാനും കഴിയുന്ന തരത്തിലേക്ക് ഇന്ന് സാങ്കേതികവിദ്യ വളർന്നുകഴിഞ്ഞു. ഹെൽത്ത് കെയറിൽ, വ്യാപകമായി ഉപയോഗിക്കുന്ന കണക്റ്റുചെയ്ത ഉപകരണങ്ങളുടെയും സെൻസറുകളുടെയും ശക്തി അനാവരണം ചെയ്യുന്നതാണ് IoT. 2008ൽ, ബന്ധിപ്പിച്ച ഉപകരണങ്ങളുടെ എണ്ണം ഭൂമിയിലെ ജനസംഖ്യയേക്കാൾ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 2030 ആകുമ്പോഴേക്കും 100 ബില്യൺ കണക്റ്റഡ് ഉപകരണങ്ങൾ ഭൂമിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാവി കൃത്രിമബുദ്ധിയുടേതോ?
ഭാവിയിൽ ചെറിയ ക്ലിനിക്കുകൾ ഹോം ഹെൽത്ത് കെയർ, വലിയ അത്യാധുനിക ആശുപത്രികൾ എന്നിവയുമായി സഹകരിക്കുന്ന ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയുടെ സമ്പൂർണ സ്പെക്ട്രത്തിനായിരിക്കും ഇന്ത്യ സാക്ഷ്യം വഹിക്കുക. ആശുപത്രികൾക്ക് പുറത്ത് കൂടുതൽ ഹോംകെയർ, ആംബുലേറ്ററി, എമർജന്റ് കെയർ സേവനങ്ങളിലേക്കാണ് കാലം വിരൽചൂണ്ടുന്നത്. രോഗശാന്തി എന്നതിൽനിന്ന് പ്രതിരോധ സമീപനത്തിലേക്കു ശ്രദ്ധ തിരിയും എന്നു നാം മനസിലാക്കണം. വ്യക്തിഗത IoT അടിസ്ഥാനമാക്കിയുള്ള ആരോഗ്യനിരീക്ഷണ ഉപകരണങ്ങൾ വ്യക്തികളുടെ ആരോഗ്യം ട്രാക്ക് ചെയ്യുന്ന രീതിതന്നെ മാറ്റും. ബ്ലോക്ക് ചെയിൻ പോലെയുള്ള സാങ്കേതികവിദ്യകൾ എങ്ങനെ EHRകൾ ജനകീയമാക്കുകയും പരിപാലിക്കുകയും ചെയ്യുന്നുവെന്നും പേയ്മെന്റുകൾ, ഇൻഷ്വറൻസ് തുടങ്ങിയ മറ്റ് സേവനങ്ങളുമായി അവയെ എങ്ങനെ ബന്ധിപ്പിക്കുന്നുവെന്നും ഉടൻതന്നെ പുനർനിർവചിക്കും. ചികിത്സ, രോഗനിർണയം, ചികിത്സ എന്നിവയിൽ ഫിസിഷൻമാർ, ആരോഗ്യപ്രവർത്തകർ, പരിചരണം നൽകുന്നവർ എന്നിവരെ കൃത്രിമബുദ്ധി കൂടുതലായി സഹായിക്കും.
ഇൻജസ്റ്റബിൾ ഗുളിക മോണിറ്ററുകൾ, ബയോ സ്റ്റാമ്പുകൾ, പോഷകാഹാര സെൻസറുകൾ, അക ഡോക്ടർമാർ, 3D പ്രിന്റിംഗ് എന്നിവ കാലക്രമേണ ആരോഗ്യസംരക്ഷണ മേഖലയിൽ സാധാരണ ആപ്ലിക്കേഷനുകളാകും. ഒരു വളർച്ച കാൻസർ ആണോ എന്ന് നിർണയിക്കുന്നത് പോലെയുള്ള, പെട്ടെന്നുള്ള ഒരു തീരുമാനം ആവശ്യമായ ഡയഗ്നോസ്റ്റിക് വെല്ലുവിളികളിൽ എഐ ഡോക്ടർമാർ മനുഷ്യ ഡോക്ടർമാരേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധ്യതയുണ്ട്.
സാങ്കേതികവിദ്യ ആരോഗ്യമേഖലയുടെ അവിഭാജ്യഘടകമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഉയർന്നുവരുന്ന വ്യക്തമായ ചോദ്യം ഒടുവിൽ ഡോക്ടറുടെ പങ്ക് യന്ത്രങ്ങൾ ഏറ്റെടുക്കുമോ എന്നതാണ്. ‘സാങ്കേതിക തൊഴിലില്ലായ്മ’ എന്ന് വിളിക്കപ്പെടുന്ന ഭയത്തെക്കുറിച്ച് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. ഓട്ടോമേഷൻ ഡോക്ടർമാരുടെ അന്ത്യം കുറിക്കുമെന്ന് ചിലർ വിശ്വസിക്കുമ്പോൾ, മറുഭാഗം വാദിക്കുന്നത്, ‘അക’യുടെ ഉപയോഗങ്ങളുടെയും കഴിവുകളുടെയും അമിതമായ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയുള്ള, പല തെറ്റിദ്ധാരണകൾ ഇതുമൂലം ഉണ്ടാകുമെന്നതാണ്. അതിനിടയിലെവിടെയോ ആയിരിക്കും യഥാർഥ വസ്തുത.
മെഷീനുകൾ ഒരിക്കലും ഫിസിഷന്മാരെ പൂർണമായും മാറ്റിസ്ഥാപിക്കില്ലെന്ന് പ്രത്യാശിക്കാം. പക്ഷേ, തീരുമാനമെടുക്കാനുള്ള ശക്തി ഉൾപ്പെടെയുള്ള മനുഷ്യന്റെ പല ജോലികളും തീർച്ചയായും സാങ്കേതികവിദ്യ ഏറ്റെടുക്കും. കൂടുതൽ വിജയം നേടുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നതിലാണ് ശക്തി. ചില കമ്പനികൾ ‘അക’യെ ‘ഓഗ്മെന്റഡ് ഇന്റലിജൻസ്’ എന്ന് വിളിക്കുന്നതിന്റെ കാരണം ഇതാണ്, ഇത് ‘അക’യുടെ പ്രധാന ഉദ്ദേശ്യം ഉത്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന മനുഷ്യരെ മാറ്റിസ്ഥാപിക്കുന്നതിനുപകരം സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ്.
കൃത്രിമബുദ്ധിയെ ഹൃദയപൂർവം സ്വീകരിക്കാം
ഒരു ആദർശ ലോകത്ത്, മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ഒരു നാളെ സൃഷ്ടിക്കാൻ യന്ത്രങ്ങളും മനുഷ്യരും ഒരുമിച്ച് നിലനിൽക്കേണ്ടിവരും. സാങ്കേതികവിദ്യയുടെ അതിപ്രസരം ആരോഗ്യ മേഖലയിൽ നിലവിലുള്ള കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും മുഖം നഷ്ടപ്പെടുത്തുന്നില്ല എന്നുറപ്പുവരുത്തേണ്ടത് ഈ രംഗത്തു നിൽക്കുന്ന ഓരോരുത്തരുടെയും കടമയാണ്. രോഗസ്ഥരായ മനുഷ്യർക്ക് ഡോക്ടർ ദൈവത്തിന്റെ പ്രതിരൂപമാണ്. ഒരു സാങ്കേതികവിദ്യ കൊണ്ടും മറികടക്കാൻ കഴിയാത്തതാണ് ആ ബന്ധം. അതുകൊണ്ടുതന്നെ ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ നല്ല വശങ്ങളും ഉപയോഗിക്കുമ്പോഴും കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ കരസ്പർശംകൂടി അതിൽ ഉണ്ടാകണം. ആധുനിക സംവിധാനങ്ങളെ ആശ്രയിക്കുമ്പോൾതന്നെ മാനവികതയുടെയും കരുണയുടെയും ഹൃദയപൂർവമായ ജാഗ്രത കാത്തുസൂക്ഷിക്കാൻകൂടി ആരോഗ്യരംഗത്തിനു കഴിയണം. കർമനിരതമായ ആതുരസേവനം വ്രതമാക്കിയ ആരോഗ്യപ്രവർത്തകർ രാജ്യത്തിന്റെ മുതൽക്കൂട്ടാണ്. ആരോഗ്യപ്രവർത്തകരെ പിന്തുണയ്ക്കുകയും ആരോഗ്യ അവബോധം മെച്ചപ്പെടുത്തുകയും ആരോഗ്യ പ്രവർത്തകരെ അന്തസോടെ തൊഴിൽ ചെയ്യാൻ അനുവദിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഒപ്പം ഡോക്ടർ-രോഗീ ബന്ധത്തിലെ വിശ്വാസവും സഹാനുഭൂതിയും ശക്തിപ്പെടുത്താനും നമുക്ക് കഴിയണം.